NEWS UPDATE

6/recent/ticker-posts

ആര്‍ പി എഫ് കോണ്‍സ്റ്റബിള്‍ മുസ്‌ലിംകളെ തെരഞ്ഞു പിടിച്ച്‌ കൊല്ലുകയായിരുന്നുവെന്ന് കുറ്റപത്രം

ന്യൂ ഡല്‍ഹി: ജയ്പൂര്‍-മുംബൈ ട്രെയിനില്‍ ആര്‍ പി എഫ് കോണ്‍സ്റ്റബിള്‍ ചേതന്‍ സിങ്ങ് മുസ്‌ലിംകളെ തെരഞ്ഞുപിടിച്ച്‌ കൊല്ലുകയായിരുന്നുവെന്ന് റെയില്‍വേ പോലീസ് സമര്‍പ്പിച്ച കുറ്റപത്രം വ്യക്തമാക്കുന്നു.[www.malabarflash.com]


ചേതന്‍ സിങ്ങിന് മാനസിക പ്രശ്‌നങ്ങളില്ല. കൊലക്കു ശേഷം മുസ്‌ലിം വിരുദ്ധ വിദ്വേഷ പരാമര്‍ശങ്ങള്‍ ഇയാള്‍ നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. ജൂലൈ 31നാണ് എ എസ് ഐയെയും മറ്റ് മൂന്ന് യാത്രക്കാരെയും പ്രതി വെടിവെച്ച് കൊലപ്പെടുത്തിയത്.

അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറായ ടിക്കാറാം മീണയെയാണ് സര്‍വീസ് തോക്ക് ഉപയോഗിച്ച് ചേതന്‍ സിങ് ആദ്യം വെടിവച്ചത്. പിന്നാലെ ബോഗിയിലുണ്ടായിരുന്ന അസ്ഗര്‍ അബ്ബാസ് അലി, അബ്ദുല്‍ ഖാദര്‍ മുഹമ്മദ് ഹുസൈന്‍, സയ്യിദ് സൈഫുദ്ദീന്‍ എന്നീ യാത്രക്കാര്‍ക്കുനേരെയും നിറയൊഴിച്ചു. ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ മോദിക്കും യോഗിക്കും വോട്ട് ചെയ്തോളണമെന്ന് മൃതദേഹങ്ങള്‍ക്ക് അരികില്‍നിന്ന് ചേതന്‍ സിങ് വിളിച്ചുപറയുന്ന വിഡിയോയും പുറത്തുവന്നിരുന്നു.

ജൂലൈ 31നു പുലര്‍ച്ചെ മഹാരാഷ്ട്രയിലെ പാല്‍ഗഢ് റെയില്‍വേ സ്റ്റേഷനു സമീപത്താണു രാജ്യത്തെ നടുക്കിയ ട്രെയിന്‍ വെടിവയ്പ്പ് നടന്നത്. പുലര്‍ച്ചെ അഞ്ചോടെ വാപി റെയില്‍വേ സ്റ്റേഷന്‍ വിട്ട സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് വൈതര്‍ണ സ്റ്റേഷനോട് അടുക്കുമ്പോഴായിരുന്നു സംഭവം. ചേതന്‍ സിങ്ങിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. ചേതന്‍ സിങ് നേരത്തെയും ഗുരുതര അച്ചടക്കലംഘനം നടത്തിയിരുന്നു.

Post a Comment

0 Comments