Top News

ദേശീയപാതയിൽനിന്ന് വാഹനം ഏറ്റുവാങ്ങും, കഞ്ചാവ് നിറച്ച് തിരിച്ചെത്തും; ‘ഗഞ്ചറാണി’യെ പിടികൂടി പോലീസ്

തൃശ്ശൂർ: കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിന് നേതൃത്വം നൽകുന്ന, ‘ഗഞ്ചറാണി’ എന്നറിയപ്പെടുന്ന, നമിത പരീച്ച(32)യെ ഒഡിഷയിലെത്തി കേരള പോലീസ് അറസ്റ്റ് ചെയ്തു. ഗഞ്ചം ജില്ലയിലെ വിദൂരഗ്രാമമായ ചുഡാംഗ്പുരിൽനിന്നാണ് നെടുപുഴ പോലീസും തൃശ്ശൂർ സിറ്റി പോലീസിന്റെ ലഹരിവിരുദ്ധ വിഭാഗവും ചേർന്ന് പിടികൂടിയത്.[www.malabarflash.com]


നമിതയുടെ സഹായിയായ അരുൺ നായികും (25) പിടിയിലായി. നമിതയുടെ ഭർത്താവും കോതമംഗലം സ്വദേശിയുമായ സാജൻ തോമസ് നേരത്തെ പോലീസിന്റെ പിടിയിലായിരുന്നു. തൃശ്ശൂരിലെ ചിയ്യാരത്തുനിന്ന് 221 കിലോഗ്രാം കഞ്ചാവ് പിടിച്ചതിലെ തുടരന്വേഷണമാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തുന്നതിന്റെ മുഖ്യ ഉറവിടത്തിലേക്ക് പോലീസിനെ എത്തിച്ചത്.

ഏക്കർകണക്കിന് കഞ്ചാവുകൃഷിയും അതിന്റെ വിൽപ്പനയും നടത്തുന്ന സംഘത്തിന് നേതൃത്വം കൊടുക്കുന്നത് നമിതയാണെന്ന് പോലീസ് പറഞ്ഞു. രാജസ്ഥാൻ, ഡൽഹി, മഹാരാഷ്ട്ര, ഹരിയാണ, ഉത്തർപ്രദേശ്, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും സംഘം കഞ്ചാവ് കടത്തുന്നുണ്ട്. 20 വർഷമായി ഒഡിഷയിൽ താമസിക്കുന്ന സാജൻ തോമസാണ് കേരളത്തിലേക്കുള്ള കഞ്ചാവുകടത്ത് നിയന്ത്രിച്ചിരുന്നത്. ജൂൺ 14-ന് ഇയാളെ പാലക്കാട്ടുനിന്ന് പോലീസ് പിടികൂടി. തുടർന്നാണ് ഒഡിഷയിലേക്ക് പോലീസ് സംഘം പോയത്. ഒഡിഷയിലെ ഗജപതി ജില്ലാ പോലീസ് സൂപ്രണ്ടും മലയാളിയുമായ സ്വാതി എസ്. കുമാറിന്റെ സഹായത്തോടെയായിരുന്നു നീക്കം.

ആദ്യമായാണ് നമിത അറസ്റ്റിലാകുന്നത്. കഞ്ചാവ് വാങ്ങാനെത്തുന്നവരുടെ വാഹനം 90 കിലോമീറ്റർ അകലെ ദേശീയപാതയിൽനിന്ന് ഏറ്റുവാങ്ങുകയും കഞ്ചാവ് നിറച്ച് തിരിച്ചെത്തിക്കുകയുമായിരുന്നു ഇവരുടെ രീതി. അതുകൊണ്ടുതന്നെ താവളം കണ്ടെത്തുക എളുപ്പമായിരുന്നില്ല. നെടുപുഴ പോലീസ് ഇൻസ്‌പെക്ടർ ടി.ജി. ദിലീപ്, തൃശ്ശൂർ സിറ്റി പോലീസ് ലഹരിവിരുദ്ധ വിഭാഗത്തിലെ എസ്.ഐ. പി. രാഗേഷ് എന്നിവരാണ് അന്വേഷണസംഘത്തിന് നേതൃത്വം നൽകിയത്. കേരളത്തിലെത്തിച്ച പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post