Top News

പാസ്പോർട്ട് വെരിഫിക്കേഷന് എത്തി, ലിസിയാമ്മയുടെ രക്ഷകനായി മടങ്ങി

കോട്ടയം: ലിസിയാമ്മയ്ക്ക് പുതുജീവൻ നൽകി കാക്കിയുടെ കരസ്പർശം. വാകത്താനം സ്വദേശിനിയായ വയോധികയ്ക്ക് പുതുജീവൻ നൽകിയിരിക്കുകയാണ് കോട്ടയം ജില്ലയിലെ വാകത്താനം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ പായിപ്പാട് സ്വദേശി പ്രദീപ് കുമാർ സിവി.[www.malabarflash.com]


കഴിഞ്ഞ ദിവസം വൈകിട്ട് 4:30 മണിയോടുകൂടി വാകത്താനം നെടുമറ്റം ഭാഗത്ത് പൊയ്കയിൽ വീട്ടിലെ വയോധികയുടെ കൊച്ചുമകന് പാസ്പോർട്ട് വെരിഫിക്കേഷൻ നടത്തുന്നതിനായി എത്തിയതായിരുന്നു പ്രദീപ് കുമാർ. വീട്ടിൽ 10-ാം വാർഡ് മുൻ മെമ്പറായ 70 വയസ്സുള്ള ലിസ്സിയാമ്മ ജോസഫും കിടപ്പുരോഗിയായ ഭർത്താവും മാത്രമാണ് താമസിച്ചിരുന്നത്.

വീടിന്റെ സിറ്റൗട്ടിൽ ഇരുന്ന ലിസ്സിയാമ്മയോട് സംസാരിക്കുന്നതിനിടയിൽ, അവർക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി ഉദ്യോഗസ്ഥന് മനസിലായി. ഉടൻ പിടിച്ചിരുത്തി. ഹോസ്പിറ്റലിൽ പോകാമെന്ന് വയോധികയോട് പറഞ്ഞു. ഇതിനായി വാഹനം അന്വേഷിച്ചപ്പോൾ കിട്ടിയില്ല. തുടർന്ന് വീട്ടിൽ ഉണ്ടായിരുന്ന വാഹനത്തിൽ പോകാം എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രദീപ് കൊണ്ടുവന്ന ബൈക്ക് അവിടെ വച്ച് കാറിന്റെ കീ മേടിക്കുകയും ചെയ്തു.

വണ്ടി ഏറെ നേരം സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും, കുറച്ചുനാളായി ഉപയോഗിക്കാതിരുന്ന കാർ ആദ്യം സ്റ്റാർട്ടായില്ല. പണിപെട്ട് ഒടുവിൽ കാർ സ്റ്റാർട്ടാക്കി വയോധികയെ ഉടനടി ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വയോധികയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചതായി ഡോക്ടർമാർ പറഞ്ഞു.

ഇതിനു ശേഷം ആശുപത്രിയിൽ ഇവർക്ക് കൂട്ടിരുന്ന പ്രദീപ്, രാത്രിയിൽ വയോധികയുടെ ബന്ധുക്കൾ എത്തി അവരോട് കാര്യങ്ങൾ വിവരിച്ച ശേഷമാണ് ആശുപത്രിയിൽ നിന്ന് മടങ്ങിയത്. പൊലീസ് സേനാംഗങ്ങളുടെ ഇത്തരം മനുഷ്യത്വപരമായ പ്രവർത്തനങ്ങൾ എന്നും അഭിനന്ദനം അര്‍ഹിക്കുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക് പറഞ്ഞു.

Post a Comment

Previous Post Next Post