Top News

പുതിയ ഫോണിൻ്റെ പേരിൽ തർക്കം; യുവാവിനെ കൊന്നത് സഹോദരനും സുഹൃത്തും ചേർന്നെന്ന് പോലീസ്

പത്തനംതിട്ട: മദ്യലഹരിയിൽ യുവാവിനെ സഹോദരനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി. പത്തനംതിട്ട റാന്നി മോതിരവയൽ സ്വദേശി ജോബിൻ ജോൺസൺ ആണ് മരിച്ചത്. ക്രൂരമായ മർദനത്തിന് ഒടുവിലാണ് കൊലപാതകം എന്ന് പോലീസ് പറഞ്ഞു.[www.malabarflash.com]

ജോബിനും അച്ഛൻ ജോൺസണും സഹോദരൻ ജോജോയും ഇവരുടെ സുഹൃത്ത് സുധീഷും ചേർന്ന് മദ്യപിച്ചു. രാത്രി വൈകിയപ്പോള്‍ ജോബിന്‍റെ അച്ഛൻ വീട്ടിലെ നിന്ന് പുറത്ത് പോയി. പിന്നാലെ പുതിയ മൊബൈൽ ഫോണിൻ്റെ പേരിൽ ജോബിനും ജോജോയും തമ്മിൽ തർക്കമായി. കയ്യാങ്കളിയുടെ വക്കിലെത്തിയപ്പോൾ സുധീഷും ഇടപെട്ടു. പിന്നീട് കയ്യിൽ കിട്ടിയ കസേര മറ്റും എടുത്ത് ജോബിനെ തലങ്ങും വിലങ്ങും ഇരുവരും മർദിച്ചു. പരിക്കേറ്റ അബോധാവസ്ഥയിലായ ജോബിനെ ഉപേക്ഷിച്ച് ജോജോയും സുധീഷും വീട് വിട്ടിറങ്ങി. 

ബന്ധുവീട്ടിൽ ആയിരുന്ന ജോബിന്‍റെ അമ്മ സുജാത രാവിലെ എത്തിയപ്പോഴാണ് ചോരയിൽ കുളിച്ച് കിടക്കുന്ന മകനെ കാണുന്നത്. തുടർന്ന് അയൽവാസികൾ വഴി വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. മകൻ മരിച്ച കാര്യം ജോൺസനും രാവിലെയാണ് അറിയുന്നത്. മദ്യപാനവും വഴക്കും ഇവിടെ പതിവാണെന്ന് നാട്ടുകാർ പറയുന്നു.

മരിച്ച ജോബിൻ്റെ ദേഹമാസകലം ഗുരുതര പരിക്കുകളുണ്ട്. കൊലപാതക ശേഷം പ്രതികൾ വീട്ടിൽ നിന്ന് പോയെങ്കിലും അമിതമായി മദ്യപിച്ചിരുന്നതിനാൽ സമീപത്ത് ആൾ ഒഴിഞ്ഞ വീട്ട് പടിക്കൽ കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു. രാവിലെ കൊലപാതകം സ്ഥിരീകരിച്ച ഉടൻ റാന്നി പോലീസ് പ്രദേശത്ത് വ്യാപക പരിശോധന നടത്തി. അങ്ങനെയാണ് വേഗത്തിൽ ജോജോയും സുധീഷും പിടിയിൽ ആകുന്നത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post