Top News

പണയംവെച്ച സ്വര്‍ണം ലോക്കറില്‍നിന്ന് കവര്‍ന്നു, പകരം മുക്കുപണ്ടം; യുവതിയും സുഹൃത്തും അറസ്റ്റില്‍

മല്ലപ്പള്ളി: കസ്റ്റമര്‍ റിലേഷന്‍ ഓഫീസറായി ജോലി ചെയ്ത സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ തട്ടിപ്പ് നടത്തിയെന്ന കേസില്‍ യുവതിയും സുഹൃത്തും അറസ്റ്റില്‍. ആനിക്കാട് വായ്പൂര്‍ പാറയില്‍ അരുണ്‍ സദനത്തില്‍ എന്‍.എം. നീതുമോള്‍ (32), ഇവരുടെ സുഹൃത്ത് കോട്ടാങ്ങല്‍ വായ്പൂര്‍ ജോണിപ്പടി മഞ്ഞള്ളൂര്‍ കുന്നേല്‍ വീട്ടില്‍ മനു (32) എന്നിവരെയാണ് കീഴ്വായ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]


മല്ലപ്പള്ളിയിലെ ധനകാര്യസ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന നീതു ഇവിടെത്തന്നെ സ്വന്തംപേരിലും ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലും സ്വര്‍ണം പണയംവെച്ച് 12,31,000 രൂപ എടുത്തു. പിന്നീട് ലോക്കര്‍ തുറന്ന് മുക്കുപണ്ടങ്ങള്‍ വെച്ചശേഷം ആഭരണങ്ങള്‍ കവര്‍ന്നു. പണയ ഉരുപ്പടികളായി സൂക്ഷിച്ചിരുന്ന മറ്റ് സ്വര്‍ണാഭരണങ്ങളും ഇതേപോലെ കൈക്കലാക്കി. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 17-നാണ് ധനകാര്യ സ്ഥാപനത്തിന്റെ മാനേജര്‍ പരാതി നല്‍കിയത്.

തട്ടിപ്പുകള്‍ സ്ഥാപന ഉടമ അറിഞ്ഞപ്പോള്‍ നീതു കുറ്റസമ്മതം നടത്തി. തട്ടിച്ചെടുത്ത പണവും പലിശയും തവണകളായി തിരിച്ചടയ്ക്കാമെന്നു സമ്മതിച്ച് മുദ്രപ്പത്രത്തില്‍ എഴുതിക്കൊടുത്തിരുന്നു. മുന്‍പ് ജോലിചെയ്ത വായ്പൂരുള്ള മറ്റൊരു ധനകാര്യസ്ഥാപനത്തിലെ ഇടപാടുകാരില്‍ ചിലരുടെ തിരിച്ചറിയല്‍ രേഖകള്‍ കൈവശപ്പെടുത്തി അവരറിയാതെ ഒട്ടേറെ ഇടപാടുകള്‍ നീതു നടത്തിയെന്നും അനുബന്ധ അന്വേഷണത്തില്‍ കണ്ടെത്തി.

മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകാനായിരുന്നു നിര്‍ദേശം.

കൈക്കലാക്കിയ തുകയില്‍ കുറച്ച് നീതു സുഹൃത്തായ മനുവിന് നല്‍കി. മൊബൈല്‍ ഫോണും വാച്ചും ഡ്രസുകളും വാങ്ങിക്കൊടുത്തു. പണത്തിന്റെ ഉറവിടത്തെപ്പറ്റി മനുവിന് അറിയാമായിരുന്നെന്നാണ് ഇവരുടെ മൊഴി. തുടര്‍ന്ന് മനുവിന്റെ തിരുവല്ലയിലെ ബാങ്ക് രേഖകള്‍ പരിശോധിച്ചു. ഇയാള്‍ ഗൂഗിള്‍പേ വഴിയും അല്ലാതെയും നീതുവുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞു.

നീതു മല്ലപ്പള്ളിയിലെ ഷോറൂമില്‍നിന്ന് പുതിയ കാര്‍ വാങ്ങിയിരുന്നു. ഇവരുടെ ഭര്‍ത്താവ് ഉപയോഗിച്ചിരുന്ന വാഹനം പോലീസ് പിടിച്ചെടുത്തു. പോലീസ് ഇന്‍സ്പെക്ടര്‍മാരായ ജി.സന്തോഷ് കുമാര്‍, വിപിന്‍ ഗോപിനാഥ് എന്നിവര്‍ നേതൃത്വം നല്‍കിയ അന്വേഷണത്തില്‍ എസ്‌.െഎ. സുരേന്ദ്രന്‍, എ.എസ്.ഐ. മനോജ്, സി.പി.ഒ.മാരായ ജിബിന്‍ ദാസ്, ശരണ്യ എന്നിവര്‍ പങ്കെടുത്തു. അറസ്റ്റ് ചെയ്ത ഇരുവരേയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

Post a Comment

Previous Post Next Post