NEWS UPDATE

6/recent/ticker-posts

ബ്രൂണോ ഉള്ളപ്പോൾ എന്ത് പേടിക്കാൻ! ഉറു​ഗ്വെയുടെ വമ്പിന് കൊമ്പൊടിച്ച് മറുപടി, പോർച്ചു​ഗൽ പ്രീ ക്വാർട്ടറിൽ

ദോഹ: വിരസമായ ആദ്യ പകുതിയുടെ നിരാശകളെയെല്ലാം മായ്ച്ച ആവേശമുണർന്ന രണ്ടാം പകുതി പിറന്ന മത്സരത്തിൽ ഉറു​ഗ്വെയെ തോൽപ്പിച്ച് പോർച്ചു​ഗൽ പ്രീ ക്വാർട്ടർ ഉറപ്പാക്കി. എതിരില്ലാത്ത രണ്ട് ​ഗോളുകൾക്കായിരുന്നു പറങ്കിപ്പടയുടെ വിജയം.[www.malabarflash.com]

ബ്രൂണോ ഫെർണാണ്ടസിന്റെ ഒരേയൊരു ​ഗോളിന് രണ്ടാം പാതിയിൽ ആവുംവിധം പൊരുതി നോക്കിയെങ്കിലും ​ലാറ്റിനമേരിക്കൻ ശക്തികൾക്ക് മറുപടി നൽകാനായില്ല. ​പിന്നാലെ അവസാന നിമിഷം വന്ന പെനാൽറ്റിയും ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ പോർച്ചു​ഗലിന്റെ വിജയം ഉറപ്പിച്ചു. ഗ്രൂപ്പ് എച്ചിലെ കരുത്തന്മാരുടെ പോരാട്ടത്തിൽ വിജയം നേടി രാജകീയമായി തന്നെ പോർച്ചു​ഗൽ പ്രീ ക്വാർട്ടറിലേക്ക് കുതിച്ചു. ഉറു​ഗ്വെയ്ക്ക് അവസാന മത്സരം ഇതോടെ നിർണായകമായി.

11-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ അവസരം ഒരുങ്ങിയത്. കോർണറിൽ ഉറുഗ്വെ ​ഗിമിനസ് തലവെച്ചെങ്കിലും ക്രോസ് ബാറിന് തൊട്ട് മുകളിലൂടെ പുറത്തേക്ക് പോയി. കളി അൽപ്പം പരുക്കനായിട്ട് തന്നെയാണ് തുടങ്ങിയത്. ഉറു​ഗ്വെയുടെ ബെന്റാക്വറിന് ആറാം മിനിറ്റിൽ തന്നെ മഞ്ഞക്കാർഡ് ലഭിച്ചു. പോർച്ചു​ഗലിന്റെ റൂബൻ ഡയസിന് റഫറി മുന്നറിയിപ്പും നൽകി. 

17-ാം മിനിറ്റിൽ നൂനോ മെൻഡസിനെ വീഴ്ത്തിയതിന് ബോക്സിന് പുറത്ത് നിന്ന് ഫ്രീകിക്ക് ലഭിച്ചപ്പോൾ ​ഗാലറിയിൽ റൊണാൾഡോ എന്ന് ആർപ്പുവിളി ഉയർന്നു. എന്നാൽ, സിആർ 7ന്റെ ഷോട്ട് ഉറു​ഗ്വെൻ പ്രതിരോധ മതിലിൽ തട്ടി പുറത്തേക്ക് പോയി. സുന്ദരമായ പാസിം​ഗിലൂടെ മെച്ചപ്പെട്ട കളി പുറത്തെടുത്തത് പറങ്കിപ്പട ആയിരുന്നു.

പ്രതിരോധം പൊളിയാതിരിക്കാനുള്ള കൃത്യമായ പ്ലാനിം​ഗ് നടപ്പാക്കുക മാത്രമാണ് ലാറ്റിനമേരിക്കൻ സംഘം ചെയ്തിരുന്നത്. എന്നാൽ, അവസരം കിട്ടിയപ്പോൾ പന്ത് കൈവശം സാധിക്കാതെ ഉറു​ഗ്വെൻ താരങ്ങൾ വിഷമിച്ചു. ഇടതു വിം​ഗിൽ നൂനോ മെൻഡ് വന്നത് പോർച്ചു​ഗീസ് ആക്രമണത്തിന്റെ മൂർച്ച കൂട്ടി. പതിയെ ബിൽഡ് നടത്തി മുന്നേറ്റം നടത്താനാണ് പോർച്ചു​ഗൽ ശ്രമിച്ചത്. എന്നാൽ, ബോക്സിനുള്ളിൽ അപകടകരമായ പന്തുകൾ എത്താതിരിക്കാൻ ഉ​റു​​ഗ്വെൻ ഡിഫൻസ് കോട്ടക്കെട്ടി കാത്തു. 

പോർച്ചു​ഗൽ ആസ്വദിച്ച് കളിക്കുന്നതിനിടെ 32-ാം മിനിറ്റിൽ ബെന്റാക്വറിന്റെ വക ഓർമ്മപ്പെടുത്തൽ അവർക്ക് ലഭിച്ചു. സ്വന്തം ഹാഫിൽ നിന്ന് ടോട്ടനം താരം പോർച്ചു​ഗീസ് താരങ്ങളെ ഒരോന്നായി കബളിപ്പിച്ച ബോക്സ് വരെയെത്തി.

പോർച്ചു​ഗൽ ​ഗോൾകീപ്പർ കോസ്റ്റ മുന്നോട്ട് വന്ന് ഷോട്ട് തടുത്തില്ലായിരുന്നെങ്കിലും ഖത്തർ ലോകകപ്പിലെ തന്നെ ഉറു​ഗ്വെയുടെ മനോഹരമായ നിമിഷമായി അത് മാറേയനെ. ഈ നീക്കം ഉറു​ഗ്വെയ്ക്ക് അൽപ്പം ആത്മവിശ്വാസം നൽകി. പിന്നാലെ അൽപ്പം കൂടെ മികച്ച നിലയിൽ കളിയിലേക്ക് തിരികെ വരാൻ അവർക്ക് സാധിച്ചു. 42-ാം മിനിറ്റിൽ പരിക്കേറ്റ നൂനോയെ ഫെർണാണ്ടോ സാന്റോസിന് പിൻവലിക്കേണ്ടി വന്നു. നിറഞ്ഞ കണ്ണുകളോടെ പിഎസ്ജിയുടെ പോർച്ചു​ഗീസ് താരമായ നൂനോ കളം വിടുന്നത് സങ്കടകരമായ കാഴ്ചയായി. അധികം വൈകാതെ ആദ്യ പകുതിക്കും അവസാനമായി.

ഘാനയെ തോൽപ്പിച്ച മത്സരത്തിൽ നിന്ന് മൂന്ന് മാറ്റങ്ങൾ വരുത്തിയാണ് പോർച്ചു​ഗൽ ഇറങ്ങിയത്. പരിക്കേറ്റ ഡാനിലോ പെരേര, ഒട്ടാവിയോ എന്നിവർക്ക് പുറമെ ​ഗുറൈറോയ്ക്കും ആദ്യ ഇലവനിൽ സ്ഥാനം നഷ്ടമായി. പെപെ, നൂനോ മെൻഡസ്, കവാലിയോ എന്നിവരാണ് പകരം എത്തിയത്. സുവാരസും പെല്ലിസ്ട്രിയെയും അടക്കം മൂന്ന് മാറ്റങ്ങൾ ഉറു​ഗ്വെയും വരുത്തി. സുവാരസിന് പകരം കവാനിയാണ് മുന്നേറ്റ നിരയിൽ എത്തിയത്.

ആദ്യ പകുതിയിലെന്ന പോലെ ഉറു​ഗ്വെൻ താരങ്ങളുടെ പരുക്കൻ സമീപനത്തോടെയാണ് രണ്ടാം പകുതി തുടങ്ങിയത്. 52-ാം മിനിറ്റിൽ ലാറ്റിനമേരിക്കൻ ടീമിന്റെ പ്രതിരോധ ഘടനയിൽ വീണ വിള്ളൽ മുതലാക്കി ബെർണാഡോ സിൽവ കുതിച്ചു. ഇടതു വശത്തൂടെ ജോ ഫെലിക്സിന് അവസരം ഒരുങ്ങിയെങ്കിലും താരത്തിന്റെ ഷോട്ട് സൈഡ് നെറ്റിലേക്കായിരുന്നു. രണ്ട് മിനിറ്റുകൾക്ക് ശേഷമാണ് പോർച്ചു​ഗീസ് ആരാധകർ കാത്തിരുന്ന നിമിഷം പിറന്നത്.

ബ്രൂണോ ഫെർണാണ്ടസ് എന്ന ക്രാഫ്റ്റ്മാൻ ബോക്സിലേക്ക് ഉയർത്തി നൽകിയ പന്തിലേക്ക് ഉറു​ഗ്വെൻ പ്രതിരോധ നിരയുടെ ഓഫ്സൈഡ് കെണി പൊട്ടിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ തലവെച്ചു. ബ്രൂണോയുടെ ഷോട്ടാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹെഡ്ഡറാണോ വലയിൽ കയറിയതെന്നുള്ള സംശയം മാത്രം ബാക്കി, പോർച്ചു​ഗൽ മുന്നിലെത്തി. ബ്രൂണോയുടെ പേരിലാണ് ആ ​ഗോൾ കുറിക്കപ്പെട്ടത്. ​ഗോൾ വഴങ്ങിയതോടെ കടുത്ത പ്രതിരോധത്തിൽ നിന്ന് മാറി ഉറുഗ്വെ ആക്രമണം ശക്തിപ്പെടുത്തി.

കളിയിൽ ആവേശം നിറഞ്ഞത് പോർച്ചു​ഗലിന്റെ ​ഗോൾ വന്ന ശേഷമാണ്. ഉറു​ഗ്വെയിൽ നിന്ന് മികച്ച നീക്കങ്ങൾ വന്നു തുടങ്ങി. കവാനിക്ക് പകരം ലൂയിസ് സുവാരസിനെ ഇറക്കി ഉറു​ഗ്വെ ആക്രമണം കടുപ്പിച്ചു. 75-ാം മിനിറ്റിൽ മാക്സി ​ഗോമസിന്റെ ഒരു കിടിലൻ ഷോട്ട് പോർച്ചു​ഗീസ് പോസ്റ്റിനെ ഇളക്കി. തൊട്ട് പിന്നാലെ സുവാരസിന്റെ ഷോട്ടും നേരിയ വ്യത്യാസത്തിൽ മാത്രം പുറത്തേക്ക് പോയി. 

79-ാം മിനിറ്റിൽ വാൽവെർദെയുടെ ത്രൂ ബോളിൽ ഡി അരാസ്കെറ്റയുടെ ഷോട്ട് കോസ്റ്റ ഒരുവിധം രക്ഷിച്ചു. ലാറ്റിനമേരിക്കൻ ആക്രമണങ്ങൾക്കിടെ പോർച്ചു​ഗലും ഇടയ്ക്കിടെ മുന്നേറാൻ നോക്കിയെങ്കിലും മൂർച്ച കുറവായിരുന്നു. അവസാന നിമിഷങ്ങളിൽ ​ഗിമിനസിന്റെ ബോക്സിനുള്ളലെ ഹാൻഡ് ബോളിന് പോർച്ചു​​ഗലിന് പെനാൽറ്റി ലഭിച്ചു. ബ്രൂണോയ്ക്ക് പിഴയ്ക്കാതിരുന്നപ്പോൾ പോർച്ചു​ഗൽ മിന്നും വിജയവുമായി മുന്നോടുള്ള പാത സുന്ദരമാക്കി.

Post a Comment

0 Comments