Top News

രക്തസ്രാവം മരണത്തിനിടയാക്കി; നാദാപുരത്ത് കാസറകോട് സ്വദേശിയുടെ മരണം വാഹന അപകടമല്ലെന്ന് പോലീസ്

കോഴിക്കോട്: നാദാപുരത്ത് കാസർകോട് ചെറുവത്തൂർ‍ സ്വദേശി ശ്രീജിത്ത് (38) ന്റെ  മരണം വാഹന അപകടത്തിൽ അല്ലെന്ന് പോലീസ്. ആന്തരിക രക്തസ്രാവമാണ്  മരണത്തിനിടയാക്കിയതെന്ന് പോസ്റ്റ്‌ മോർട്ടത്തിൽ കണ്ടെത്തി.[www.malabarflash.com]

ശ്രീജിത്തിന്റെ ഒപ്പം കാറിൽ ഉണ്ടായിരുന്നു എന്ന് കരുതുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. നാദാപുരം ഡിവൈഎസ്പിയുടെ മേൽ നോട്ടത്തിൽ 9 പേർ അടങ്ങുന്ന പ്രത്യേക സംഘം അന്വേഷണത്തിനായി രൂപീകരിച്ചു.

റോഡരികിലെ പോസ്റ്റിൽ ഇടിച്ച കാറിന്റെ സമീപത്ത് നിന്നാണ് കഴിഞ്ഞ ദിവസം ശ്രീജിത്തിനെ കണ്ടെത്തുന്നത്.  ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ അപകടത്തിൽ മരണപ്പെട്ടു എന്നാണ് ആദ്യം കരുതിയതെങ്കിലും കൊലപാതകമാണെന്ന ആരോപണം ആദ്യം മുതൽ ഉയർന്നിരുന്നു.

പകൽ സമയത്ത് പോലും ആൾപെരുമാറ്റം ഇല്ലാത്ത നരിക്കാട്ടേരി കനാൽ പരിസരത്താണ് ശ്രീജിത്തിനെ കണ്ടെത്തുന്നത്. രാത്രി എട്ടരയോടെയാണ് ഗുരുതര പരിക്കേറ്റ നിലയിൽ ഇയാളെ കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച ഇയാൾ കരയുന്നത് കേട്ടാണ് നാട്ടുകാർ ശ്രീജിത്തിനെ കണ്ടെത്തുന്നതും ആശുപത്രിയിൽ എത്തിക്കുന്നതും. 

കാർ വൈദ്യുതി തൂണിൽ ഇടിച്ച നിലയിലാണെങ്കിലും കാറിനോ, വൈദ്യുതി തൂണിനോ സാരമായ കേട്പാപാടുകൾ ഒന്നും തന്നെ ഇല്ല. മാത്രമല്ല ശരീരമാസകലം രക്തത്തിൽ കുളിച്ച നിലയിലായിട്ടും കാറിനുള്ളിൽ ഒരു തുള്ളി രക്തക്കറ പോലും കണ്ടെത്താനാവാത്തതും കാറിന്റെ ഡോർ ലോക്ക് ചെയ്ത നിലയിലും ഹാന്റ് ബ്രേക്ക് ഇട്ടനിലയിലുമായിരുന്നു എന്നതും ദുരൂഹതക്ക് കാരണമായി. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും എന്താണ് സംഭവിച്ചതെന്ന് ചോദിച്ചെങ്കിലും പിന്നെ പറയാം എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.

Post a Comment

Previous Post Next Post