Top News

കെ.എം. ഷാജിയുടെ വീട്ടില്‍നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത പണം കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ ഉത്തരവ്

കോഴിക്കോട്: മുന്‍ എം.എല്‍.എ. കെ.എം. ഷാജിയുടെ വീട്ടില്‍നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത പണം കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ ഉത്തരവ്. അഴിമതി നിരോധന നിയമപ്രകാരമാണ് 47,35,500 രൂപ കണ്ടുകെട്ടാന്‍ ഉത്തരവായത്. പണം തിരികെ ആവശ്യപ്പെട്ടുള്ള ഷാജിയുടെ ഹര്‍ജി വെള്ളിയാഴ്ച കോഴിക്കോട്ടെ വിജിലന്‍സ് കോടതി തള്ളിയിരുന്നു.[www.malabarflash.com]


അഴീക്കോട്ടെ വീട്ടില്‍നിന്നും പിടിച്ചെടുത്ത തുക കണക്കില്‍പ്പെടാത്തതാണെന്നും അതിനാല്‍ അഴിമതി നിരോധന നിയമപ്രകാരം കണ്ടുകെട്ടണം എന്നുമാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. വിജിലസിന്റെ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് ഈ നടപടിയെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. പണത്തിന്റെ ഉറവിടം ഹാജരാക്കാന്‍ ഷാജിക്ക് കഴിഞ്ഞിട്ടില്ല. അതിനാല്‍ വിജിലന്‍സ് നല്‍കിയ അപേക്ഷ പരിഗണിച്ചുകൊണ്ട് പണം കണ്ടുകെട്ടാനുള്ള തീരുമാനത്തിലേക്ക് പോകാമെന്നും ഉത്തരവില്‍ പറയുന്നു.

പണം കണ്ടുകെട്ടാന്‍ കോഴിക്കോട് വിജിലന്‍സ് സ്‌പെഷല്‍ സെല്ലിലെ ഡെപ്യൂട്ടി സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. അതേസമയം കോഴിക്കോട്ടെ വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിക്കാനാണ് ഷാജിയുടെ തീരുമാനം.

Post a Comment

Previous Post Next Post