NEWS UPDATE

6/recent/ticker-posts

ഷാർജയിൽ തിരക്കഥ രചനാ മൽസരം: മലയാളി യുവതി ഒന്നാമത്, 45 ലക്ഷം രൂപ ഗ്രാൻഡ്

ഷാർജ:  ഷാർജ ആർട് ഫൗണ്ടേഷന്റെ കീഴിലുള്ള ഷാർജ ഫിലിം പ്ലാറ്റ്ഫോമിന്റെ അഞ്ചാമത് എഡിഷന്റെ ഭാഗമായി നടത്തിയ തിരക്കഥ രചനാ മത്സരത്തിൽ മലയാളി യുവതി ഒന്നാമതെത്തി. ദുബൈയിൽ ഇംഗ്ലീഷ് മാധ്യമപ്രവർത്തകയായ  മലപ്പുറം കുറ്റിപ്പുറം സ്വദേശിനി സമീഹ സെയ്ദ് അലവിക്കാണ് നബീൽ എന്ന തിരക്കഥയ്ക്ക് 45 ലക്ഷത്തോളം രൂപ (2 ലക്ഷം ദിർഹം) യുടെ ഗ്രാൻഡ് ലഭിച്ചത്.[www.malabarflash.com] 

ഞായറാഴ്ച ഷാർജ ഫിലിം പ്ലാറ്റ്‌ഫോമിന്റെ അഞ്ചാം പതിപ്പിന്റെ സമാപന ചടങ്ങിൽ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയിൽ നിന്ന് സമീഹ അവാർഡ് ഏറ്റുവാങ്ങി. ഇതാദ്യമായാണ് അറബിക് ഇതര എഴുത്തുകാരിക്ക് ഈ സമ്മാനം ലഭിക്കുന്നത്.

സ്‌ക്രിപ്റ്റ് ലാബ്, പിച്ച് പരിശീലന സെഷനുകളിലൂടെ കടന്നുപോയ എട്ടു ഫൈനലിസ്റ്റുകളിൽ നിന്നാണ് സമീഹയെ ജേതാവായി തിരഞ്ഞെടുത്തത്. ഒരു യുവതിയടക്കം ബാക്കിയെല്ലാവരും അറബ് വംശജരാണ്. സമ്മാനം ലഭിച്ച പണം ഉപയോഗിച്ച് രണ്ടു വർഷത്തിനകം ഒന്നര മണിക്കൂർ ദൈർഘ്യമുള്ള അറബിക് സിനിമ നിർമിച്ച് അധികൃതർക്ക് സമർപ്പിക്കണം. സിനിമയുടെ 80 ശതമാനവും ഷാർജയിൽ ചിത്രീകരിക്കുമെന്ന് സമീഹ പറഞ്ഞു.

പലസ്തീനിലെ ആഭ്യന്തര കലഹത്തിൽപ്പെട്ട് യുഎഇയിൽ അഭയാർഥിയായി എത്തി പുറംലോകത്തിന്റെ പൊള്ളുന്ന യാഥാർഥ്യങ്ങളെ നേരിടാനാകാതെ ഷാർജയിലെ ഇരുട്ടുമുറിയിൽ ജീവിക്കേണ്ടി വന്ന നബീൽ എന്ന അനാഥ ബാലന്റെ ജീവിതമാണ് സമീഹയുടെ തിരക്കഥയുടെ പ്രമേയം.

75 എ ഫോർ പേജിലൊതുങ്ങുന്ന ഫീച്ചർ സിനിമയുടെ തിരക്കഥ എഴുതനായിരുന്നു മത്സരമെന്ന് സമീഹ പറഞ്ഞു. യുഎഇയിൽ ജനിച്ചു വളർന്ന അനുഭവങ്ങളും പള്ളി ഇമാമായ പിതാവ് സെയ്ദ് അലവി മൗലവിയിൽ നിന്നു പകർന്നു കിട്ടിയ ഭാഷയുടെ കരുത്തിലുമാണ് ക്ലാസിക് അറബികിൽ തിരക്കഥ രചിച്ചത്.

നേരത്തെ ദോഹയിൽ നടന്ന യുഎൻ കാലാവസ്ഥാ സമ്മേളനത്തിനിടെ തിരക്കഥാകൃത്ത് എന്ന നിലയിൽ സമീഹയുടെ ആദ്യ ഹ്രസ്വചിത്രം യൂ-ടേൺ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആദ്യ സംവിധാന സംരംഭമായ ഹാബിറ്റ്യൂഡിന് ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരവും നേടി. ഇതിനിടെ തന്റെ ആദ്യ ഫീച്ചർ ഡോക്യുമെന്ററി പൂർത്തിയാക്കി. യുഗാണ്ടയിൽ നിന്നുള്ള യഥാർഥ ജീവിത കഥകളിലേയ്ക്ക് ക്യാമറ ചലിപ്പിച്ച ടെയിൽസ് ഫ്രം ദ് നൈൽ വൈകാതെ പ്രദർശനത്തിന് തയാറാകും.

ചലച്ചിത്ര നിർമാണ സംവാദങ്ങളിലും ശിൽ‌പശാലകളിലും സ്ഥിരമായി പങ്കെടുക്കുന്ന ഇവർ മധ്യപൂർവദേശത്തെ പ്രമുഖ വാർത്താ മാധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൊമേഴ്‌സ്, പൊളിറ്റിക്കൽ സയൻസ് ബിരുദധാരിയാണ്. 1980ൽ യുഎഇയിൽ ജനിച്ച സമീഹ അക്കാലത്ത് സംപ്രേഷണം ചെയ്തിരുന്ന അറബിക്-ഡബ്ബ് ചെയ്ത ടിവി ആനിമേഷനുകളും സീരീസുകളും കണ്ടാണ് ചലച്ചിത്ര രംഗത്ത് പ്രവേശിക്കാനുള്ളത് ആഗ്രഹത്തെ പരിപോഷിപ്പിച്ചത്.

Post a Comment

0 Comments