NEWS UPDATE

6/recent/ticker-posts

ഒളിച്ചുകളിക്കുന്നതിനിടെ ലിഫ്റ്റില്‍ തല കുടുങ്ങി പതിനാറുകാരിയ്ക്ക് ദാരുണാന്ത്യം

മുംബൈ: ഒളിച്ചുകളിക്കിടെ ലിഫ്റ്റില്‍ തല കുടുങ്ങി മഹാരാഷ്ട്രയില്‍ പതിനാറുകാരിയ്ക്ക് ദാരുണാന്ത്യം. മുംബൈയിലെ മാന്‍ഖുര്‍ദില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ന്യൂ സായ്ധാം സൊസൈറ്റിയില്‍ താമസിക്കുന്ന മുത്തശ്ശിയെ സന്ദര്‍ശിക്കാനെത്തിയ രേഷ്മ ഖരാവിയ്ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്.[www.malabarflash.com] 

കൂട്ടുകാര്‍ക്കൊപ്പം ഒളിച്ചുകളിയ്ക്കുകയായിരുന്ന രേഷ്മ ഒളിച്ചിരിക്കുന്നവരെ തിരയാന്‍ ലിഫ്റ്റിന്റെ പുറമെയുള്ള വാതിലില്‍ ജനല്‍ പോലുള്ള ഭാഗത്ത് കൂടി തലയിട്ട് നോക്കുന്നതിനിടെ ലിഫ്റ്റ് താഴത്തെ നിലയിലേക്ക് നീങ്ങുകയും അപകടം സംഭവിക്കുകയുമായിരുന്നു.

തൊട്ടുമുകളിലത്തെ നിലയില്‍ രേഷ്മയുടെ കസിന്‍ പന്ത്രണ്ടുകാരനായ വിശാല്‍ അസാധാരണമായ ശബ്ദം കേട്ട് വന്നുനോക്കിയപ്പോഴാണ് രേഷ്മയുടെ തല ലിഫ്റ്റില്‍ കുടുങ്ങിയ നിലയില്‍ കണ്ടത്. പരിഭ്രാന്തനായ കുട്ടി മറ്റുള്ളവരെ വിവരമറിയിച്ചു. ലിഫ്റ്റിന്റെ വാതില്‍ കുടുങ്ങിയ നിലയിലായതിനാല്‍ തുറക്കാന്‍ സാധിച്ചില്ല. പതിനഞ്ച് മിനിറ്റിന് ശേഷമാണ് വാതില്‍ തുറന്ന് രേഷ്മയെ പുറത്തെടുത്തത്. ഉടന്‍ തന്നെ ശതാബ്ദി ആശുപത്രിയിലെത്തിച്ചെങ്കിലും രേഷ്മയെ രക്ഷിക്കാനായില്ല. അഞ്ചാം നിലയിലാണ് രേഷ്മയുടെ മുത്തശ്ശി താമസിക്കുന്നത്.

ഏഴ് നിലകളുള്ള കെട്ടിടസമുച്ചയത്തില്‍ അഞ്ച് ദിവസം മുമ്പാണ് അപകടമുണ്ടാക്കിയ ലിഫ്റ്റ് പ്രവര്‍ത്തനക്ഷമമായത്. ലിഫ്റ്റിന്റെ പുറമെയുള്ള വാതിലിലെ ചെറിയ ജനല്‍ ഗ്ലാസ് പോലെയുള്ള വസ്തുവുപയോഗിച്ച് മറക്കാത്തതില്‍ ഹൗസിങ് സൊസൈറ്റിയുടെ ഭാരവാഹികള്‍ അനാസ്ഥ വരുത്തിയതാണ് അപകടത്തിന് കാരണമായതെന്ന് രേഷ്മയുടെ കുടുംബം ആരോപിച്ചു. 

ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൗസിങ് സൊസൈറ്റിയുടെ ചെയര്‍മാന്‍, സെക്രട്ടറി എന്നിവരെ അറസ്റ്റ് ചെയ്തതായി സീനിയര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ മഹാദേവ് കാംബ്ലെ അറിയിച്ചു.

Post a Comment

0 Comments