NEWS UPDATE

6/recent/ticker-posts

യൂസഫ് ഹാജി സ്റ്റാമ്പുകളുടെ ലോകത്ത്; 1862 ലെ അമേരിക്കൻ സിവിൽ വാർ അടക്കം 3000ൽ പരം അപൂർവ സ്റ്റാമ്പുകൾ ശേഖരിച്ചത് പ്രവാസ ജീവിത തിരക്കിനിടെ

നി
മിഷങ്ങൾക്കകം ഏത് സന്ദേശവും കൈമാറാനാവുന്ന ഡിജിറ്റൽ യുഗത്തിൽ സ്റ്റാമ്പുകളുടെ പ്രസക്തി നിസ്സാരമാണ്. പഴക്കം കൂടുംതോറും ലഭ്യത കുറഞ്ഞു വരുന്നവയാണ് തപാൽ സ്റ്റാമ്പുകൾ. ഓരോ ചരിത്രത്തിന്റെയും ചൂണ്ടുപലകയാണ് ഓരോ സ്റ്റാമ്പും. സ്റ്റാമ്പ്‌ ശേഖരണവുമായി ബന്ധപ്പെട്ട് നമുക്കൊരു പ്രവാസിയെ പരിചയപ്പെടാം. യൂസഫ് എന്നോ യൂസഫ് ഹാജിയെന്നോ നമുക്കദ്ദേഹത്തെ വിളിക്കാം. എങ്ങിനെ വിളിച്ചാലും അദ്ദേഹത്തിന് മുഖത്ത് പുഞ്ചിരി മാത്രം.[www.malabarflash.com]

പാലക്കുന്നിലെ കച്ചവടക്കാരിൽ നിങ്ങൾ അദ്ദേഹത്തെ തീർച്ചയായും കണ്ടിരിക്കും. സ്റ്റേഷൻ റോഡിലെ ഫാൽക്കൻ തുണിക്കട വർഷങ്ങളായി നാട്ടുകാരുടെ ഇഷ്ട സ്ഥാപനമാണ്. ഒരു തുണിക്കടക്കാരൻ എന്നതിലുപരി യൂസഫ് എന്ന യൂസഫ് ഹാജിയെ കുറിച്ച് ഈ ലേഖനത്തിലൂടെ നിങ്ങൾക്ക് അറിയാം.

പ്രവാസം, സ്റ്റാമ്പ് ശേഖരം...
15 വർഷത്തിലേറെ ദുബൈയിലായിരുന്നു യൂസഫ് ഹാജി. പ്രവാസ ജീവിതത്തെ പറ്റി ചോദിച്ചാൽ യൂസഫ് ഹാജി സ്റ്റാമ്പ് ശേഖരണത്തെക്കുറിച്ച് വാചാലനാകും. സ്റ്റാമ്പ്‌ ശേഖരണത്തിന് വേണ്ടി പ്രവാസ ജീവിതത്തിന്റെ നല്ലൊരു ഭാഗം ദുബായിൽ ചെലവഴിച്ച ശേഷം വിലപിടിച്ച ബാഗിൽ ആ സ്റ്റാമ്പുകളെല്ലാം അടുക്കി വെച്ച് നാട്ടിലെത്തിയ ശേഷമാണ് പി. കെ. യൂസഫ് ഹാജി പാലക്കുന്ന് ടൗണിൽ ഫാൽക്കൻ ഫാബ്രിക്സ് കട തുടങ്ങിയത്. സ്റ്റാമ്പെന്നു പറഞ്ഞ് നിസ്സാരവൽക്കരിക്കാൻ വരട്ടെ...യഥാർഥ ആവശ്യക്കാർ അന്വേഷിച്ചു വന്നാൽ ആ സ്റ്റാമ്പുകളുടെ വില ലക്ഷങ്ങളായിരിക്കും. അത്രയും അപൂവർങ്ങളായ സ്റ്റാമ്പുകളാണ് ആ ബാഗിനകത്ത് യൂസഫ് സൂക്ഷിച്ചിട്ടുള്ളത്.

പുറം ലോകമറിയുന്നത്
നാട്ടിൽ തെരുവ് നായ ശല്യം രൂക്ഷമായപ്പോൾ, തന്റെ സ്റ്റാമ്പ് ശേഖരത്തിൽ രണ്ട് നായ്ക്കൾ ചേർന്നുള്ള ഒരിന്ത്യൻ സ്റ്റാമ്പ് ഉള്ള കാര്യം ഹാജിയുടെ ഓർമയിൽ വന്നു . 3000 ഓളം സ്റ്റാമ്പുകളുടെ കൂമ്പാരത്തിൽ നിന്ന് ഏറെ നേരത്തെ ശ്രമഫലമായി 5 രൂപയുടെ ഇന്ത്യൻ പോസ്റ്റൽ വകുപ്പ് ഇറക്കിയ ആ സ്റ്റാമ്പ് കണ്ടെടുത്തു. അത് വാട്സാപ്പിൽ പോസ്റ്റ്‌ ചെയ്തപ്പോൾ നിലവിലെ നായശല്യവും 2005ലെ രണ്ടു നായ്ക്കൾ ചേർന്നുള്ള ആ സ്റ്റാമ്പും ചേർത്ത് ഏറെ കമന്റുകൾ വാട്സാപ്പിൽ പ്രചരിച്ചു. ഹാജിയുടെ പക്കൽ വിലമതിക്കാനാവാത്ത സ്റ്റാമ്പുകളുടെ ശേഖരം തന്നെ ഉള്ള വിവരം പുറംലോകം അറിയുന്നത് അപ്പോഴാണ്.
ദുബൈയിൽ നിന്ന് ശേഖരിച്ച ലോകത്തിലെ സകല ലോക രാജ്യങ്ങളിലെയും വലിയൊരു ശേഖരം. എത്ര പതിറ്റാണ്ടുകൾ പിന്നിട്ടാലും നശിച്ചുപോകാത്ത വിധം ഭദ്രമായി വലിയൊരു പെട്ടിക്കകത്ത് അദ്ദേഹം ലോക്കിട്ട് സൂക്ഷിച്ചു വെച്ചിട്ടുണ്ട്. പാലക്കുന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എം. എസ്. ജംഷീദാണ് ഈ വിവരം മാധ്യമ പ്രവർത്തകരെ അറിയിച്ചത്. യൂസഫിന്റെ സഹപാഠികൂടിയായ ഈ ലേഖകനും അദ്ദേഹത്തിന്റെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. വിവിധ രാജ്യങ്ങളിലെ സംഭവങ്ങൾ, വിവിധ കാരണങ്ങളാൽ അറിയപ്പെടുന്ന ലോക നേതാക്കൾ, വ്യക്തികൾ, ലോക വിശേഷങ്ങൾ, കായിക മേളകൾ, എല്ലാം ആ ആൽബത്തിൽ ഇടം പിടിച്ചിട്ടുണ്ട്.

അപൂർവങ്ങളായ പക്ഷികളും മറ്റു ജീവികളും വർണപുഷ്പങ്ങളും ഏറെയുണ്ട് . 1862 ലെ അമേരിക്കൻ സിവിൽ വാറിന്റെ ഓർമക്കായ് അന്ന് യു.എസ്. പുറത്തിറക്കിയ സ്റ്റാമ്പും ആ ശേഖരത്തിൽ പെടും.

എലിസബത്ത് രാജ്ഞിയുടെ പേരിൽ ഒരു പെന്നി മുതൽ മുകളിലോട്ടുള്ള മൂല്യത്തിലുള്ള സ്റ്റാമ്പുകളും ഫയലിൽ ഉണ്ട്.

തുടക്കം
ദുബൈയിൽ റോളോ സ്‌ക്വയറിൽ ജെ ആൻഡ് പി എന്ന അന്താരാഷ്ട്ര കമ്പനിയിലായിരുന്നു യൂസഫിന് ജോലി. എല്ലാ രാജ്യങ്ങളിൽ നിന്നുള്ള ജോലിക്കാർ ഉള്ള ഓഫീസ്. ആ ജോലിക്കാർക്കും ഓഫീസിലും വിവിധ രാജ്യങ്ങളിൽ നിന്ന് വരുന്ന തപാൽ ഉരുപ്പടികളിലെ സ്റ്റാമ്പുകൾ സ്വന്തമാക്കിയാണ്‌ സ്റ്റാമ്പ് ശേഖരണത്തിന് തുടക്കം. 

സമീപത്തെ മറ്റു ഓഫീസുകളിലെ ചവറ്റുകൊട്ടകളിൽ വലിച്ചെറിഞ്ഞ കവറുകളിലും ഇത് പോലെ സ്റ്റാമ്പുകളുണ്ടാകുമെന്ന കണക്കുകൂട്ടൽ യൂസഫിന് പിഴച്ചില്ല. ചവറ്റു കൊട്ടയിൽ കൈയിടുന്നത് പലരും പരിഹാസത്തോടെയാണ്‌ കണ്ടത്. പക്ഷേ സ്റ്റാമ്പുകൾ യഥേഷ്ടം കിട്ടാൻ തുടങ്ങിയതോടെ യൂസഫിന് സ്റ്റാമ്പ് ശേഖരണം ഹരമായി. പത്തിരുപതു വർഷത്തെ പ്രവാസജീവിതത്തിൽ 3000ൽ പരം സ്റ്റാമ്പുകൾ ശേഖരിച്ചു. അതും വിലപിടിപ്പുള്ള വിഭിന്നങ്ങളായവ. പ്രത്യേക ഫോൾഡറുകളിൽ ഒരിക്കലും കേടുകൂടാത്ത വിധം അവ സൂക്ഷിച്ചു വെച്ചിരിക്കുകയാണ് അദ്ദേഹം .

ഇന്ത്യൻ തപാൽ വകുപ്പ് 1990 ൽ തിരുവന്തപുരത്ത് നടത്തിയ കേരള ഫിലാറ്റലിക്ക് എക്സിബിഷനിലേക്ക് അദ്ദേഹത്തിന് അന്ന് ക്ഷണം കിട്ടിയിരുന്നു. വിദേശ കറൻസി ശേഖരവും ഹാജിയുടെ ഹോബിയിൽ പെടും. 

പാലക്കുന്ന് കരിപ്പോടിയിൽ പി. കെ. ഹൗസിൽ ആണ് താമസം. ഭാര്യ ശാഫിയയും രണ്ടു മക്കളുമടങ്ങിയതാണ് കുടുംബം. തന്റെ പ്രവാസ ജീവിതത്തിന്റെ ഏറ്റവും വലിയ 'സാമ്പാധ്യം' ഈ സ്റ്റാമ്പ്‌ ശേഖരം
തന്നെയെന്ന് യൂസഫ് ഹാജി അഭിമാനത്തോടെ പറയുന്നു.

പാലക്കുന്നിൽ കുട്ടി

Post a Comment

0 Comments