Top News

രാജ്യവ്യാപക എസ്ഐആർ; ഷെഡ്യൂൾ തിങ്കളാഴ്ച പ്രഖ്യാപിക്കും; കേരളത്തിന്റെ ആവശ്യം തള്ളി

ന്യൂഡൽഹി: രാജ്യവ്യാപകമായി നടക്കുന്ന എസ്ഐആറിന്റെ (തീവ്ര വോട്ടർ പട്ടിക പരിഷ്കരണം) ഷെഡ്യൂൾ തിങ്കളാഴ്ച പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താ സമ്മേളനത്തിൽ ഷെഡ്യൂൾ പ്രഖ്യാപിക്കുമെന്നാണ് വിവരം. വൈകുന്നേരം 4.15-നാണ് വാർത്താ സമ്മേളനം.[www.malabarflash.com]


എല്ലാ സംസ്ഥാനങ്ങളുടേയും ചീഫ് ഇലക്ട്രൽ ഓഫീസർമാരുടെ യോഗം കഴിഞ്ഞ ദിവസം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചിരുന്നു. ഇതിന് ശേഷം ഓരോ സംസ്ഥാനങ്ങളുടേയും തിരഞ്ഞെടുപ്പ് ഓഫീസർമാരുമായി വൺ ടു വൺ ചർച്ചകളും നടത്തിയിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ കേരളത്തിൽ എസ്ഐആർ ഇപ്പോൾ നടത്തരുത് എന്ന് കേരളത്തിന്റെ ചീഫ് ഇലക്ട്റൽ ഓഫീസർ രത്തൻ ഖേൽകർ ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കത്തും നൽകിയിരുന്നു. എന്നാൽ ഈ ആവശ്യം അംഗീകരിച്ചിട്ടില്ലെന്നാണ് വിവരം.

അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം, അസം, ബംഗാൾ, തമിഴ്നാട് എന്നീ നാല് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശമായ പുതിച്ചേരിയിലും ആദ്യം എസ്ഐആർ നടപ്പാക്കിയേക്കും.

ആദ്യ ഘട്ടത്തിൽ പത്ത് മുതൽ പതിനഞ്ച് സംസ്ഥാനങ്ങൾ ആയിരിക്കും. ഇതിൽ കേരളം ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണപ്രദേശവും ഉൾപ്പെട്ടേക്കുമെന്നാണ് വിവരം. മൂന്ന് മാസംകൊണ്ട് നടപടിക്രമം പൂർത്തിയാക്കാനാണ് തീരുമാനം.

യോഗ്യരായ ആള്‍ക്കാരെ വോട്ടര്‍പട്ടികയില്‍ ഉള്‍പെടുത്തുകയും അയോഗ്യരെ ഒഴിവാക്കുകയും മാത്രമാണ് എസ്ഐആറിന്റെ ഉദ്ദേശ്യം. എല്ലാ വോട്ടര്‍മാരുടെയും വീടുകളില്‍ പോയി വെരിഫിക്കേഷന്‍ നടത്തി പരമാവധി വ്യക്തതയുള്ള ഒരു വോട്ടര്‍ പട്ടിക ഉണ്ടാക്കുകയാണ് ലക്ഷ്യം. ബിഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരേ വ്യാപകപരാതികൾ ഉയർന്നിരുന്നു. പ്രതിപക്ഷം ശക്തമായ പ്രതിഷേധവും വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ ഉന്നയിച്ചിരുന്നു.

Post a Comment

Previous Post Next Post