NEWS UPDATE

6/recent/ticker-posts

ഏ​ഷ്യ ക​പ്പിൽ പാകിസ്താനെ തകർത്ത് ശ്രീലങ്കക്ക് കിരീടം

ദുബൈ: രാജ്യം ആഭ്യന്തര സംഘര്‍ഷങ്ങളിലും ദാരിദ്ര്യത്തിലും ഉഴറുന്നതിനിടെ ശ്രീലങ്കയ്ക്ക് ആശ്വാസമായി ഏഷ്യാ കപ്പ് കിരീടം. ടൂര്‍ണമെന്റിലെ പ്രാഥമികഘട്ടത്തിലും സൂപ്പര്‍ ഫോറിലും അദ്ഭുതപ്രകടനത്തോടെ മുന്നേറിയ ശ്രീലങ്ക ഒടുവില്‍ ഞായറാഴ്ച നടന്ന കലാശപ്പോരില്‍ പാകിസ്താനെ 23 റണ്‍സിന് തകര്‍ത്ത് തങ്ങളുടെ ആറാം ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിട്ടു.[www.malabarflash.com]


ദുബൈയിലെ പിച്ചില്‍ ടോസിന്റെ ആനുകൂല്യം ലഭിച്ചിട്ടും അത് മുതലാക്കാന്‍ പാകിസ്താന് സാധിച്ചില്ല. ഫൈനലില്‍ ശ്രീലങ്ക ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ 147 റണ്‍സിന് ഓള്‍ഔട്ടായി. നാലു വിക്കറ്റ് വീഴ്ത്തിയ പ്രമോദ് മധുഷാനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ വാനിന്ദു ഹസരംഗയുമാണ് പാകിസ്താനെ തകര്‍ത്തത്.

അര്‍ധ സെഞ്ചുറി നേടിയ മുഹമ്മദ് റിസ്വാനാണ് ഇത്തവണയും പാകിസ്താന്റെ ടോപ് സ്‌കോറര്‍. 49 പന്തുകള്‍ നേരിട്ട റിസ്വാന്‍ ഒരു സിക്‌സും നാല് ഫോറുമടക്കം 55 റണ്‍സെടുത്ത് പുറത്തായി.

ഫൈനലില്‍ ശ്രീലങ്ക ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനു വേണ്ടി ഇത്തവണയും ക്യാപ്റ്റന്‍ ബാബര്‍ അസമിന് തിളങ്ങാനായില്ല. ആറു പന്തില്‍ നിന്ന് അഞ്ചു റണ്‍സ് മാത്രമെടുത്ത ബാബറിനെ നാലാം ഓവറില്‍ പ്രമോദ് മധുഷാനാണ് മടക്കിയത്. തൊട്ടടുത്ത പന്തില്‍ ഫഖര്‍ സമാനെയും (0) മധുഷാന്‍ മടക്കി.

തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്ത റിസ്വാന്‍ - ഇഫ്തിഖര്‍ അഹമ്മദ് സഖ്യം പാകിസ്താനെ 93 വരെയെത്തിച്ചു. 31 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത ഇഫ്തിഖറിനെ മടക്കി മധുഷാന്‍ തന്നെയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ വമ്പനടിക്കായി മുഹമ്മദ് നവാസിനെ കളത്തിലിറക്കിയെങ്കിലും താരത്തിന് ഒമ്പത് പന്തില്‍ നിന്ന് ആറു റണ്‍സ് മാത്രമാണ് നേടാനായത്.

17-ാം ഓവര്‍ എറിഞ്ഞ ഹസരംഗയാണ് കളി ലങ്കയ്ക്ക് അനുകൂലമാക്കി തിരിച്ചത്. ആദ്യ പന്തില്‍ അപകടകാരിയായ റിസ്വാനെ മടക്കിയ ഹസരംഗ മൂന്നാം പന്തില്‍ ആസിഫ് അലിയേയും (0) മടക്കി. അഞ്ചാം പന്തില്‍ ഖുഷ്ദില്‍ ഷായേയും (2) പുറത്താക്കിയ ഹസരംഗ പാകിസ്താനെ ഏഴിന് 112 റണ്‍സെന്ന നിലയിലേക്ക് തള്ളിവിട്ടു. ഷദാബ് ഖാന്‍ (8), നസീം ഷാ (4), ഹാരിസ് റൗഫ് (13) എന്നിവരാണ് പുറത്തായ മറ്റ് പാക് താരങ്ങള്‍.

നേരത്തെ പാകിസ്താനെതിരേ തുടക്കത്തില്‍ പതറിയ ശേഷം ശക്തമായി തിരിച്ചുവന്നാണ് ശ്രീലങ്ക 171 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ലങ്ക ഭനുക രജപക്‌സയുടെ അര്‍ധ സെഞ്ചുറി മികവില്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടേത് മോശം തുടക്കമായിരുന്നു. മൂന്നാം പന്തില്‍ തന്നെ കുശാല്‍ മെന്‍ഡിസിനെ (0) നസീം ഷാ പുറത്താക്കി. പിന്നാലെ നാലാം ഓവറില്‍ പത്തും നിസംഗയും (8) കാര്യമായ സംഭാവനയില്ലാതെ മടങ്ങി. തുടര്‍ന്ന് ധനുഷ്‌ക ഗുണതിലകയേയും (1) മടക്കിയ ഹാരിസ് റൗഫ് ലങ്കയെ പ്രതിരോധത്തിലാക്കി. പിന്നാലെ നിലയുറപ്പിച്ചിരുന്ന ധനഞ്ജയ ഡിസില്‍വയെ ഇഫ്തിഖര്‍ അഹമ്മദും പുറത്താക്കിയതോടെ ലങ്ക പതറി. 21 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 28 റണ്‍സെടുത്താണ് താരം മടങ്ങിയത്. ക്യാപ്റ്റന്‍ ദസുന്‍ ഷാനകയ്ക്കും (2) ലങ്കന്‍ സ്‌കോറിലേക്ക് കാര്യമായ സംഭാവന ചെയ്യാനാകാതിരുന്നതോടെ അവര്‍ അഞ്ചിന് 58 റണ്‍സെന്ന പരിതാപകരമായ സ്ഥിതിയിലായി.

എന്നാല്‍ പിന്നീടായിരുന്നു ലങ്കയെ മത്സരത്തിലേക്ക് തിരികെയെത്തിച്ച രണ്ടു കൂട്ടുകെട്ടുകളുടെ പിറവി. ആറാം വിക്കറ്റില്‍ ഒന്നിച്ച രജപക്‌സ - വാനിന്ദു ഹസരംഗ സഖ്യം ലങ്കയെ 100 കടത്തി. ഇരുവരും കൂട്ടിച്ചേര്‍ത്ത 58 റണ്‍സാണ് ലങ്കന്‍ ഇന്നിങ്‌സിന്റെ നട്ടെല്ല്. 21 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 36 റണ്‍സെടുത്ത ഹസരംഗയെ പുറത്താക്കി ഹാരിസ് റൗഫാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

എന്നാല്‍ പിന്നാലെ ക്രീസിലെത്തിയ ചാമിക കരുണരത്‌നയെ കൂട്ടുപിടിച്ച് ഭനുക രജപക്‌സ ലങ്കന്‍ സ്‌കോര്‍ ഉയര്‍ത്തി. 54 റണ്‍സാണ് ഈ സഖ്യം ലങ്കന്‍ സ്‌കോറിലെത്തിച്ചത്. ഇതില്‍ 14 പന്തില്‍ നിന്ന് 14 റണ്‍സായിരുന്നു കരുണരത്‌നയുടെ സംഭാവന.

പാകിസ്താനു വേണ്ടി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ 40 റണ്‍സ് വിട്ടുകൊടുത്ത നസീം ഷായ്ക്ക് ഒരു വിക്കറ്റ് മാത്രമേ ലഭിച്ചുള്ളൂ.

Post a Comment

0 Comments