NEWS UPDATE

6/recent/ticker-posts

'എല്‍ഡിഎഫിലാണോ യുഡിഎഫിലാണോ'; ലീഗ് യോഗത്തില്‍ വിമര്‍ശനം, രാജി ഭീഷണിയുമായി കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കൊച്ചിയിൽ ശനിയാഴ്ച ചേർന്ന മുസ്‍ലിം ലീഗ് പ്രവർത്തക സമിതിയിൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനം. യു.ഡി.എഫിന് നേതൃത്വം നൽകുന്ന കോൺഗ്രസ്, സംസ്ഥാന സർക്കാറിനെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമ്പോൾ മുസ്‍ലിം ലീഗ് എവിടെ നിൽക്കുന്നുവെന്ന് വിലയിരുത്തണമെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു.[www.malabarflash.com]


അഴകൊഴമ്പൻ നിലപാടിന് കാരണം കുഞ്ഞാലിക്കുട്ടിയാണെന്ന് കെ.എസ്. ഹംസ തുറന്നടിച്ചു. യു.ഡി.എഫിലാണോ എൽ.ഡി.എഫിലാണോ കുഞ്ഞാലിക്കുട്ടി നിൽക്കുന്നതെന്ന ശക്തമായ വിമർശനവും അദ്ദേഹം ഉയർത്തി. പ്രതിപക്ഷം സമരമുഖത്ത് നിൽക്കുമ്പോൾ ലീഗിന്റെ റോൾ യഥാവിധി നിറവേറ്റപ്പെടുന്നില്ലെന്ന് കെ.എം. ഷാജിയും വിമർശിച്ചു. ചന്ദ്രികയുടെ ഫണ്ട് നിർവഹണം സുതാര്യമാകണമെന്ന് പി.കെ. ബഷീർ ആവശ്യപ്പെട്ടു.

വിമർശനങ്ങൾ കടുത്തപ്പോൾ പതിവുരീതിയിൽ വികാരാധീനനായ കുഞ്ഞാലിക്കുട്ടി താൻ വേണമെങ്കിൽ സ്ഥാനം ഒഴിയാൻ തയാറാണെന്ന് വ്യക്തമാക്കി. യോഗത്തിൽ ഉയർന്ന ആക്ഷേപങ്ങൾക്ക് മറുപടി പറയാൻ തയാറാകാതെയായിരുന്നു കുഞ്ഞാലിക്കുട്ടി ക്ഷോഭിച്ചത്. തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് നേതൃത്വത്തിനെതിരെ ലീഗിൽ കടുത്ത വിമർശനമുയർന്നപ്പോഴും കുഞ്ഞാലിക്കുട്ടി വൈകാരികമായി പ്രതികരിച്ചിരുന്നു. തുടർന്ന് ചില പരിഷ്കരണ നടപടികൾക്ക് തുടക്കം കുറിച്ചെങ്കിലും എവിടെയും എത്തിയില്ല.

ഇപ്പോൾ സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി കോൺഗ്രസ് മുന്നോട്ടുപോകുമ്പോഴും ലീഗിന്റെ അഴകൊഴമ്പൻ നിലപാട് യു.ഡി.എഫിൽ ചർച്ചയായ പശ്ചാത്തലത്തിലാണ് പ്രവർത്തക സമിതിയിൽ നേതൃത്വത്തിനെതിരെ വിമർശനം ഉയർന്നത് എന്നത് ശ്രദ്ധേയമാണ്.

Post a Comment

0 Comments