Top News

നായാട്ടിനിടെ യുവാവ് വെടിയേറ്റു മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്

കോട്ടക്കല്‍: നായാട്ടിനിടെ യുവാവ് വെടിയേറ്റു മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. കേസില്‍ അറസ്റ്റിലായ പെരിന്തല്‍മണ്ണ സ്വദേശി കുന്നപ്പള്ളി കൊല്ലത്ത് പറമ്പില്‍ അലി അഷ്കര്‍ (36), ചെറുകുളമ്പ് നെരിങ്ങപറമ്പില്‍ സുനീഷന്‍ (45) എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.[www.malabarflash.com]


ചട്ടിപ്പറമ്പില്‍ ഞായറാഴ്ച വൈകീട്ടാണ് പൊന്മള ചേങ്ങോട്ടൂര്‍ ആക്കപ്പറമ്പ് സ്വദേശി കണക്കയില്‍ അലവിയുടെ മകന്‍ ഷാനു എന്ന ഇന്‍ഷാദ് (27) വെടിയേറ്റു മരിച്ചത്. അബദ്ധത്തില്‍ വെടികൊണ്ടാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. തുടരന്വേഷണത്തിലാണ് മനഃപൂര്‍വം വെടിവെച്ചതാണെന്ന് കണ്ടെത്തിയത്. വെടിയേറ്റ സ്ഥാനം സംബന്ധിച്ച് തുടക്കത്തിലേ പോലീസിന് സംശയമുണ്ടായിരുന്നു. ലൈസന്‍സില്ലാത്ത തോക്ക് ഉപയോഗിച്ച് അലി അഷ്കറാണ് വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു. വയറിന് ഗുരുതര പരിക്കേറ്റതാണ് മരണത്തിലേക്ക് നയിച്ചത്. തോക്ക് അലി അഷ്കറിന്‍റേതാണെന്നും പോലീസ് സ്ഥിരീകരിച്ചു.

സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നതായി മലപ്പുറം ഡിവൈ.എസ്.പി പി.എം. പ്രദീപ് കുമാര്‍ പറഞ്ഞു. കൊലപാതകത്തിലേക്ക് എത്തിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണ്. ഇവര്‍ സ്ഥിരമായി നായാട്ടിന് പോകുന്നവരാണെന്നാണ്​ വിവരം.

ജില്ല പോലീസ് മേധാവി എസ്. സുജിത്ത് ദാസിന്‍റെ നേതൃത്വത്തില്‍ എ.എസ്.പി പി. ഷാഹുല്‍ ഹമീദ്, ഡിവൈ.എസ്.പി പി.എം. പ്രദീപ് കുമാര്‍, കോട്ടക്കല്‍ സ്റ്റേഷന്‍ ഓഫിസര്‍ എം.കെ. ഷാജി എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷിക്കുന്നത്. 

ഷാനുവിന്‍റെ മൃതദേഹം സ്​റ്റേഷൻ ഇൻസ്​പെക്ടർ എം.കെ. ഷാജി ഇൻക്വസ്റ്റ്​ പൂർത്തിയാക്കി മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്​മോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾക്ക്​ വിട്ടുകൊടുത്തു. തുടർന്ന്​ ആക്കപ്പറമ്പ്​ ജുമാമസ്​ജിദ്​ ഖബർസ്ഥാനിൽ ഖബറടക്കി.

Post a Comment

Previous Post Next Post