NEWS UPDATE

6/recent/ticker-posts

തടി ലോറികളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്തുകളി തെളിഞ്ഞു

തിരുവനന്തപുരം: 'ഓപറേഷൻ ഓവർലോഡ്' എന്ന പേരിൽ അമിതഭാരം കയറ്റിയ തടി ലോറികളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്തുകളി തെളിഞ്ഞു.[www.malabarflash.com]

സംസ്ഥാനത്ത് രാത്രികാലങ്ങളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ലോറികളിൽ അനുവദനീയമായതിലും ഇരട്ടിയോളം ഭാരം തടി കയറ്റി പോകുന്നതായും പേരിന് മാത്രം പിഴ അടപ്പിക്കുന്നതായും രഹസ്യവിവരം ലഭിച്ചതി‍െൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കഴിഞ്ഞദിവസം രാത്രി 11.30 മുതൽ വ്യാഴാഴ്ച രാവിലെ വരെയായിരുന്നു പരിശോധന. 84 ലോറികളിൽ പെർമിറ്റിൽ പറഞ്ഞതിനേക്കാൾ 23 ടൺ വരെ അധികം തടി കയറ്റിയതായി കണ്ടെത്തി. 10,01,300 രൂപ പിഴ ഈടാക്കി. 38 ലോറികൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.

പിടിയിലായ ലോറികളിൽ ഒന്നിൽ നിന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അമിതഭാരത്തിന് ഫൈൻ ഈടാക്കിയില്ല. പകരം തുച്ഛ പെറ്റിക്കേസുകളാണ് എടുത്തതെന്ന് കണ്ടെത്തി. 

കോട്ടയം ജില്ലയിൽ -14, കൊല്ലം -11, ഇടുക്കി -10, എറണാകുളം, കോഴിക്കോട് -8 വീതം, ആലപ്പുഴ, തൃശൂർ -5 വീതം, കണ്ണൂർ, കാസർകോട് -7 വീതം, മലപ്പുറം, പത്തനംതിട്ട -മൂന്ന് വീതം, വയനാട് -രണ്ട്, തിരുവന്തപുരം -ഒന്ന് എന്നിങ്ങനെയാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. 

വിജിലൻസ് ഡയറക്ടർ എംആർ അജിത്ത്കുമാറി‍െൻറ ഉത്തരവനുസരിച്ച് ഐജി എച്ച് വെങ്കിടേഷി‍െൻറ മേൽനോട്ടത്തിൽ വിജിലൻസ് ഇന്‍റലിജൻസ് വിഭാഗം എസ് പി ഇ എസ് ബിജുമോൻ, വിജിലൻസ് മേഖല എസ് പിമാരായ ഹിമേന്ദ്രനാഥ്, വിനോദ് കുമാർ, സജീവൻ എന്നിവർ മിന്നൽ പരിശോധനക്ക് നേതൃത്വം നൽകി.

Post a Comment

0 Comments