Top News

കോവിഡ് ഉയരുന്നു; ജാഗ്രത വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ കത്ത്

ന്യൂഡൽഹി: ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറിയാണ് സംസ്‌ഥാനങ്ങൾക്ക് കത്തയച്ചത്.[www.malabarflash.com]

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ തുടർച്ചയായി രണ്ടാം ദിവസവും 40 ശതമാനം കൂടിയിട്ടുണ്ട്. പോസിറ്റിവിറ്റി നിരക്കിലും വൻ വർധനയുണ്ട്. കേരളത്തിലെയും മഹാരാഷ്ട്രയിലെയും രോഗ വ്യാപനം ആശങ്കയായി തുടരുന്ന സാഹചര്യത്തിൽ കൂടിയാണ് കേന്ദ്രത്തിന്റെ ജാ​ഗ്രതാ നിർദേശം. ബുധനാഴ്ച്ച റിപോർട്ട് ചെയ്തത് 5233 കേസുകൾ ആയിരുന്നുവെങ്കിൽ വ്യാഴാഴ്ച അത് 7240 ആയി ഉയർന്നു. മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്. 

പ്രതിദിന രോഗികളുടെ എണ്ണം ഏഴായിരത്തിന് മുകളിലെത്തുന്നതും മാർച്ച് ഒന്നിന് ശേഷം ആദ്യമായാണ്. എട്ട് പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ചു മരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 2.13 ശതമാനമായി ഉയർന്നു.

മഹാരാഷ്ട്രയിലും കേരളത്തിലും രണ്ടായിരത്തിന് മുകളിലാണ് കേസുകൾ. മഹാരാഷ്ട്രയിൽ ജനുവരി 25ന് ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇന്നലെ റിപോർട്ട് ചെയ്തത്. 2701 രോഗികളിൽ 1765 പേരും മുംബൈയിലാണ്. രോഗ വ്യാപനം കൂടുതലാണെങ്കിലും സംസ്ഥാനത്ത് ചികിൽസ തേടിയെത്തുന്നവരുടെ എണ്ണം വളരെ കുറവാണ്. 

ഒരാഴ്ച്ചയ്ക്കിടെ കേരളത്തിൽ പതിനായിരത്തിൽ അധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. കേരളവും മഹാരാഷ്ട്രയും കൂടാതെ ഡൽഹി, ബംഗാൾ, ഹരിയാന തുടങ്ങിയ ഇടങ്ങളിലും കോവിഡ് കേസുകൾ വർധിച്ചു. ഡൽഹിയിൽ മാസങ്ങൾക്ക് ശേഷം അഞ്ഞൂറിലധികം പ്രതിദിന കേസുകൾ റിപോർട്ട് ചെയ്തു. നൂറിന് മുകളിൽ കേസുകളുള്ള സംസ്ഥാനങ്ങളുടെ എണ്ണം ഏഴായി. പ്രാദേശിക അടിസ്ഥാനത്തിൽ പരിശോധന കൂട്ടി നിയന്ത്രണങ്ങളേർപ്പെടുത്തി രോഗ വ്യാപനം പിടിച്ചുകെട്ടാനാണ് കേന്ദ്ര സര്‍ക്കാർ ആലോചിക്കുന്നത്.

Post a Comment

Previous Post Next Post