NEWS UPDATE

6/recent/ticker-posts

സൈബർ സെൽ പോലീസുകാരൻ ചമഞ്ഞ് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ

പാലോട്: സൈബർ സെൽ പോലീസുദ്യോഗസ്ഥൻ എന്ന വ്യാജേന സ്ത്രീകൾ താമസിക്കുന്ന വീട്ടിലെത്തി കബളിപ്പിക്കുകയും സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും ചെയ്ത യുവാവ് അറസ്റ്റില്‍. കുറുപുഴ വില്ലേജിൽ നന്ദിയോട് പൗവത്തുർ സ്മിതാ ഭവനിൽ ദീപു കൃഷ്ണൻ (36) ആണ് അറസ്റ്റിലായത്. പാലോട് പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ഇയാളുടെ ആള്‍മാറാട്ടം.[www.malabarflash.com]

സ്ത്രീകൾ താമസിക്കുന്ന വീടുകളിൽ എത്തിയ ശേഷം സൈബർ സെൽ ഉദ്യോഗസ്ഥനാണ് എന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തുന്നത്. വീട്ടിലെ സ്ത്രീകളുടെ നഗ്ന വീഡിയോയും ചിത്രങ്ങളും യുട്യൂബില്‍ വന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആ ചിത്രങ്ങള്‍ അവരുടെ തന്നെയാണോ എന്ന് ഉറപ്പ് വരുത്തുന്നതിനായി അളവുകള്‍ എടുക്കണം എന്ന് പറയുകയും ചെയ്ത ശേഷം, അളവ് എടുക്കുന്നതിനിടയില്‍ ലൈംഗികമായി ഉപദ്രവിക്കലായിരുന്നു ഇയാളുടെ രീതി.

ശരീരത്തിന്‍റെ അളവ് എടുക്കുന്നതിനായി സമ്മതപത്രം ഇരയുടെ കയ്യില്‍ നിന്ന് എഴുതി വാങ്ങുകയും ചെയ്തിരുന്നു. പോലീസുകാരെ പോലെ രൂപഭാവം വരുത്തി മാസ്ക് ധരിച്ച് മാന്യമായ വേഷവിധാനത്തിലാണ് ഇയാൾ വീടുകളിൽ എത്തിയിരുന്നത്. ഈ മാസം 4ന് പാലോട് സ്വദേശിനി സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയേക്കുറിച്ച് അന്വേഷണം നടത്തിയത്.

പ്രതിയെക്കുറിച്ച് വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കിയും 25000 ത്തോളം ഫോൺ കോൾ രേഖകൾ പരിശോധിച്ചും, 8 കിലോമീറ്റർ ചുറ്റളവിലുള്ള സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതി സഞ്ചരിച്ച വാഹനം കണ്ടെത്തുകയായിരുന്നു. പോലീസ് അന്വേഷിക്കുന്നതറിഞ്ഞ്‌ ഒളിവിൽ പോയ പ്രതിയെ തിരുവനന്തപുരം റൂറൽ സൈബർ സെല്ലിന്റെ സഹായത്തോടെ തമ്പാനൂരിലുള്ള ഒരു ലോഡ്ജിൽ നിന്നുമാണ് പിടികൂടിയത്. 

ഒളിവിൽ താമസിക്കുന്നതിനിടെ തിരുവനന്തപുരം കരമന പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരിടത്തും മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിടങ്ങളിലും സമാന രീതിയിലുളള കുറ്റകൃത്യങ്ങൾ നടത്തിയതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പാലോട് സ്റ്റേഷൻ പരിധിയിൽ മറ്റൊരു സ്ഥലത്തും ഇത്തരം കുറ്റകൃത്യം നടത്താൻ ഇയാൾ ശ്രമം നടത്തിയിരുന്നു. പത്ത് വർഷക്കാലമായി വിദേശത്തായിരുന്ന പ്രതി അവിടെ കുറച്ച് കാലം ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം 2020 ജൂലൈ അവസാനമാണ് തിരിച്ച് നാട്ടിലെത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി.

Post a Comment

0 Comments