Top News

റിഫയുടെ മൃതദേഹം ശനിയാഴ്ച പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തും

കോഴിക്കോട്: മലയാളി വ്ളോഗർ റിഫ മെഹ്നുവിന്‍റെ മൃതദേഹം ശനിയാഴ്ച പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തും. ഇതിന് ആർ.ഡി.ഒ ചെൽസാ സിനി അനുമതി നൽകി. തഹസിൽദാരുടെ സാന്നിധ്യത്തിൽ സാന്നിധ്യത്തിൽ നടക്കുന്ന പോസ്റ്റ്മോർട്ടത്തിന് മെഡിക്കൽ കോളേജിലെ ഒരു സംഘം ഡോക്റ്റർമാരും ഉണ്ടാവും.[www.malabarflash.com]

മരണത്തിലെ ദുരൂഹത നീക്കാൻ നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ രം​ഗത്തെത്തിയ സാഹചര്യത്തിലാണ് പോസ്റ്റ്മോ‌ർട്ടം നടത്തുന്നത്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ അനുമതി വേണമെന്ന അന്വേഷണസംഘത്തിന്‍റെ ആവശ്യം ആർഡിഒ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. 

അന്വേഷണ ഉദ്യോഗസ്ഥനായ താമരശ്ശേരി ഡിവൈഎസ്പിയാണ് അപേക്ഷ നല്‍കിയത്. റിഫയുടെ വീടിന് സമീപത്തെ പള്ളി കബറിസ്ഥാനിലാണ് മൃതദേഹം സംസ്കരിച്ചിരുന്നത്.പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തല്‍ കേസന്വേഷണത്തില്‍ നിർണായകമാണ്. 

റിഫയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം കഴിഞ്ഞ ദിവസം മെഹനാസിന്‍റെ രണ്ട് സുഹൃത്തുക്കളെ ചോദ്യം ചെയ്തിരുന്നു. പോസ്റ്റ് മോർട്ടം നടത്തിയില്ലെന്ന വിവരം മറച്ചുവച്ചെന്ന് ബന്ധുക്കൾ നേരത്തെ പരാതിപ്പെട്ടിരുന്നു. ദുബൈയില്‍ റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്ന് ഭര്‍ത്താവും സുഹൃത്തുക്കളും തെറ്റിദ്ധരിപ്പിച്ചെന്ന് പിതാവ് റാഷിദും കുടുംബവും ആരോപിച്ചിരുന്നു.

മാർച്ച് ഒന്നിന് ദുബൈ ജലാലിയയിലെ ഫ്ലാറ്റിലാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നും മരണത്തില്‍ അസ്വാഭാവികതയില്ലെന്നുമുള്ള  ദുബൈ പോലീസിന്‍റെ നിഗമനത്തിന്‍റെ അടിസ്ഥാനത്തില്‍ പോസ്റ്റ്മോർട്ടം നടത്താതെയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. 

റിഫയ്ക്ക് അവിഹിത ബന്ധമുള്ളതായി ആരോപിച്ച് മെഹ്നാസ് മർദ്ദിച്ചെന്നും പീഡനം സഹിക്കാനാവാതെയാണ് റിഫയുടെ ആത്മഹത്യയെന്നും ബന്ധുക്കൾ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ ഭർത്താവ് മെഹനാസിനെതിരെ പോലീസ് കെസെടുത്തു. ആത്മഹത്യാ പ്രേരണയ്ക്കും , മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിനുമാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുത്തിരിക്കുന്നത്.

Post a Comment

Previous Post Next Post