NEWS UPDATE

6/recent/ticker-posts

ഭരണകൂട വേട്ടയെ നിയമത്തിന്‍റെ പിന്‍ബലത്തോടെ എതിര്‍ത്ത് തോല്‍പ്പിക്കുമെന്ന് കെ എം ഷാജി

കോഴിക്കോട്: ഭരണകൂട വേട്ടയെ നിയമത്തിന്‍റെ പിന്‍ബലത്തോടെ എതിര്‍ത്ത് തോല്‍പ്പിക്കുമെന്നും അതിന്‍റെ ആദ്യ പടിയാണ് ഹൈക്കോടതി വിധിയിലൂടെ പ്രകടമായതെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി.[www.malabarflash.com]


സിപിഎം കേന്ദ്ര ഏജന്‍സിയെ കൂട്ടുപിടിച്ച് വീട് കണ്ടുകെട്ടാന്‍ നടത്തിയ നീക്കം വഴിവിട്ടതും സ്വാഭാവിക നീതിയുടെ ലംഘനവുമാണെന്ന് കോടതി ഇടപെടലിലൂടെ വ്യക്തമായി. നിയമപരമായി നീങ്ങുന്ന വിഷയത്തില്‍ സൂക്ഷ്മതയോടെ നീങ്ങിയപ്പോള്‍ അതൊരു ദൗബല്ല്യമായി ചിലരെങ്കിലും കരുതി. തെറ്റ് ചെയ്തിട്ടില്ലെന്ന് പൂര്‍ണ ബോധ്യമുള്ളതിനാല്‍ ലവലേശം ഭയമില്ലെന്നും കെ എം ഷാജി പ്രസ്താവനയില്‍ പറഞ്ഞു.

വേട്ടയാടലിന്‍റെ ഏറ്റവും മോശമായ ഉപകരണങ്ങളാണ് സിപിഎമ്മും ഭരണകൂടവും പുറത്തെടുത്തത്. അന്വേഷണ ഏജന്‍സികള്‍ രാജ്യത്തെ നിയമത്തിന് മുകളിലല്ലെന്ന് ഉറപ്പുള്ളതിനാല്‍ കോടതിയെ സമീപിക്കാന്‍ പോലും അതിന്‍റെതായ സമയം വരട്ടെ എന്ന് കാക്കുകയായിരുന്നു.

നിയമപരമായ വഴിയിലെ ആദ്യത്തെ ചുവടുവെപ്പാണിത്. നിയമം തനിക്ക് അതിന്റെ പരിരക്ഷ ഉറപ്പുവരുത്തി. പ്രഥമ ദൃഷ്ട്യാതന്നെ കേസില്‍ ശരികേടുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടാണ് കോടതി കേസ് സ്‌റ്റേ ചെയ്തത്.

പിണറായി വിജയന്‍റെ വിജിലന്‍സ് അന്വേഷണം നടത്തി പ്ലസ് ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ അഴീക്കോട് സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് ബോധ്യപ്പെട്ടതാണ്. എന്നിട്ടും പിഡബ്ല്യുഡിയെ കരുവാക്കി വീടിന്റെ വില കൂട്ടിക്കാണിച്ച് വരവില്‍ കവിഞ്ഞ സ്വത്തെന്ന് വരുത്തിത്തീര്‍ത്ത ഹീനമായ തന്ത്രം രാജ്യത്ത് തന്നെ ആദ്യത്തേതാവും.

കോഴിക്കോട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാണം തുടങ്ങിയ വീടിന്റെ പേരില്‍ പുകമറ സൃഷ്ടിക്കുന്നവര്‍ക്ക് നിരാശയായിരിക്കും ഫലം. രാജ്യത്ത് നീതിപീഠം ഉണ്ടെന്നും ന്യായം പരിശോധിക്കാന്‍ സംവിധാനം ഉണ്ടെന്നും തികഞ്ഞ ബോധ്യമുണ്ട്. ആത്മവിശ്വാസത്തോടെയും തലഉയര്‍ത്തിപ്പിടിച്ചും ഇനിയും മുന്നോട്ട് പോകും. പറയാന്‍ ബാക്കിവെച്ചതെല്ലാം പറയുക തന്നെ ചെയ്യും. എന്നിട്ടേ ഇതവസാനിപ്പിക്കൂ. തനിക്കെതിരെ വ്യാജ തെളിവുകളും വഴിവിട്ട നീക്കങ്ങളും നടത്തിയവരെല്ലാം നിയമത്തിന്റെ ശക്തി അറിയാനിരിക്കുന്നെയൊള്ളൂവെന്നും കെ എം ഷാജി വ്യക്തമാക്കി.

കെ എം ഷാജിക്ക് ആശ്വാസം: ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടല്‍ ഹൈക്കോടതി സ്റ്റേ ചെയ്തു
കെ എം ഷാജിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടല്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. അന്വേഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി. അഴീക്കോട് പ്ലസ്ടു കോഴക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ ഭാര്യ ആശയുടെ 25 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. കോഴപ്പണം ഉപയോഗിച്ച് ഷാജി ഭാര്യയുടെ പേരില്‍ നിർമ്മിച്ചെന്ന് ഇഡി കണ്ടെത്തിയ കക്കോടിയിലെ വീടടക്കമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

അഴീക്കോട് എംഎല്‍എയായിരിക്കെ 2016 ല്‍ കെ എം ഷാജി അഴീക്കോട് സ്കൂളില്‍ പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന് മുന്‍ ലീഗ് നേതാവാണ് ആദ്യം ആരോപണമുന്നയിച്ചത്. സ്കൂളിലെ ഒരു അധ്യാപകനില്‍ നിന്നാണ് കോഴ വാങ്ങിയതെന്നും ഈ അധ്യാപകന് പിന്നീട് സ്കൂളില്‍ സ്ഥിരനിയമനം ലഭിച്ചെന്നും ഇഡി അന്വേഷണത്തില്‍ വ്യക്തമായി. ഈ കോഴപ്പണം ഉപയോഗിച്ച് ഷാജി ഭാര്യ ആശയുടെ പേരില്‍ കോഴിക്കോട് വേങ്ങേരി വില്ലേജില്‍ വീട് പണിതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഈ വീടടക്കം 25 ലക്ഷം രൂപയുടെ സ്വത്തുവകകളാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കണ്ടുകെട്ടിയതെന്നും ഇഡി വാർത്താക്കുറിപ്പിലുണ്ട്.

2020 ഏപ്രിലില്‍ കണ്ണൂർ വിജിലന്‍സാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണ്. കെ എം ഷാജിയെയും ഭാര്യയെയും നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തടക്കം കേസുമായി ബന്ധപ്പെട്ട് ഇഡി കോഴിക്കോട് ഓഫീസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു.

Post a Comment

0 Comments