Top News

18 മുസ്ലീം പള്ളികളിൽ നിന്ന് രാഗേഷ് ബാബുവിനായി പിരിവെടുത്തു : മലപ്പുറത്ത് നിന്നും വീണ്ടുമൊരു മാതൃക

മലപ്പുറം: വൃക്കരോഗിയായ രാഗേഷ് ബാബുവിനായി കൈക്കോർത്ത് മലപ്പുറത്തെ മുസ്‌ലിം പള്ളികൾ. മലപ്പുറം നഗരസഭാ പരിധിയിലെ 18 പള്ളികളിൽ നിന്നാണ് വെള്ളിയാഴ്ച ജുമുഅക്ക് ശേഷം രാഗേഷ് ബാബുവിനായി തുക സമാഹരിച്ചത്. 1,32,340 രൂപയാണ് ഇത്തരത്തിൽ സമാഹരിച്ചത്. മലപ്പുറം ഹാജിയാർപള്ളി സ്വദേശിയായ രാഗേഷ് ബാബു (38)വിന്റെ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടിയാണ് തുക സമാഹരണം നടത്തിയത്.[www.malabarflash.com]


വൃക്ക രോഗിയായ ഇദ്ദേഹം 11 വർഷങ്ങൾക്ക് മുമ്പ് മാതാവിന്റെ വൃക്ക സ്വീകരിച്ചിരുന്നു. അന്ന് വീട് വിറ്റാണ് ചികിത്സാ ചെലവ് കണ്ടെത്തിയത്. ഇതിന് ശേഷം ഓട്ടോ ഓടിച്ചും സ്‌കൂൾ ബസ് ഡ്രൈവറായും രാഗേഷ് ജോലി നോക്കി. എന്നാൽ ഒരു വർഷം മുമ്പ് കോവിഡ് ബാധിച്ചതോടെ വീണ്ടും ദുരിതത്തിലായി. വൃക്ക പൂർണമായും തകരാറിലാകുകയായിരുന്നു.

സഹോദരനാണ് ഇത്തവണ വൃക്ക ദാനം നൽകിയത്. സർക്കാർ ചെലവിൽ ചികിത്സ ലഭ്യമാകുമായിരുന്നുവെങ്കിലും സ്ഥിതി മോഷമായതോടെ കഴിഞ്ഞ ദിവസം അടിയന്തിരമായി വൃക്ക മാറ്റിവെക്കുകയാണുണ്ടായത്. സർക്കാർ ചെലവിൽ ചികിത്സ ലഭിക്കാൻ മാസങ്ങളോളം കാത്തിരിക്കേണ്ട അവവസ്ഥയാണ്.

പക്ഷെ അത്രക്ക് കാലം കാത്തിരുന്നാൽ ജീവൻ അപകടത്തിലാകുമെന്ന അവസ്ഥയായതോടെയാണ് അടിയന്തിരമായി ശസ്ത്രക്രിയ നടത്തിയത്. നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ചികിത്സാ സഹായ സമിതിയുടെ നേതൃത്വത്തിലാണ് തുക സമാഹരണം നടത്തിയത്. നിലവിൽ 15 ലക്ഷത്തോളം രൂപയാണ് ചികിത്സക്കായി പ്രതീക്ഷിക്കുന്നത്. ഇനിയും തുക ആവശ്യമായിവരുന്ന അവസ്ഥയാണ്.

Post a Comment

Previous Post Next Post