Top News

പാലക്കാട്ട് ആർഎസ്എസ് നേതാവിനെ വെട്ടിക്കൊന്നു

പാലക്കാട്: ജില്ലയിൽ എസ്ഡിപിഐ പ്രവർത്തകൻ വെട്ടേറ്റു കൊല്ലപ്പെട്ട് ഒരു ദിവസം പിന്നിടുന്നതിനിടെ നഗരത്തിലെ മേലാമുറിയിൽ ആർഎസ്എസ് നേതാവ് വെട്ടേറ്റു മരിച്ചു. മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനാണ് (45) കൊല്ലപ്പെട്ടത്. പാലക്കാട് എസ്കെ ഓട്ടോസ് എന്ന സ്ഥാപനം നടത്തിവരുന്നയാളാണ് ശ്രീനിവാസൻ.[www.malabarflash.com]


ഉച്ചയ്ക്ക് ഒരു മണിയോടെ മേലാമുറിയിലെ കടയിൽ കയറിയാണ് മൂന്നു ബൈക്കുകളിലായി എത്തിയ അഞ്ചംഗസംഘം ശ്രീനിവാസനെ വെട്ടിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടു മണിയോടെ മരിച്ചു.

വാൾ ഉപയോഗിച്ചാണ് ശ്രീനിവാസനെ വെട്ടിയതെന്ന് ദൃക്സാക്ഷി പറഞ്ഞു. തലയ്ക്കും നെറ്റിയിലും സാരമായ പരുക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം എസ്‌ഡിപിഐ പ്രവർത്തകൻ സുബൈറിനെ പാലക്കാട് എലപ്പുളളിയിൽ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇരുകൊലപാതകങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്നത് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

ശ്രീനിവാസൻ കൊല്ലപ്പെടാനിടയായ ആക്രമണത്തിനു പിന്നിൽ എസ്‌ഡിപിഐ ആണെന്ന് ബിജെപി ആരോപിച്ചു. അക്രമസംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് പാലക്കാട് നഗരത്തിലും പരിസരപ്രദേശങ്ങളിലും കൂടുതൽ പോലീസിനെ നിയോഗിച്ചു.

Post a Comment

Previous Post Next Post