NEWS UPDATE

6/recent/ticker-posts

റമസാനിലെ രണ്ടാം ജുമുഅ; ഇരുഹറമിലേക്കും ഒഴുകിയെത്തിയത് പതിനായിരങ്ങള്‍

മക്ക/മദീന: പുണ്യ റമസാനിലെ രണ്ടാം ജുമുഅ നിസ്‌കാരത്തില്‍ പങ്കെടുക്കുന്നതിനായി ഇരുഹറമിലേക്കും ഒഴുകിയെത്തിയത് പതിനായിരങ്ങള്‍. കനത്ത ചൂടിനെ വകവെക്കാതെയാണ് വിശ്വാസികള്‍ ജുമുഅ നിസ്‌കാരത്തിനെത്തിയത്.[www.malabarflash.com]

കോവിഡ് സുരക്ഷയുടെ ഭാഗമായി നേരത്തെ ഹറമുകളില്‍ പ്രവേശനത്തിന് ഏര്‍പ്പെടുത്തിയിരുന്ന അനുമതിപത്ര നിബന്ധന ഒഴിവാക്കിയതും വാരാന്ത്യ അവധിയും കൂടി വന്ന് ചേര്‍ന്നതോടെ വ്യാഴാഴ്ച മഗ്രിബ് മുതല്‍ വിശ്വാസികള്‍ വന്‍തോതില്‍ ഇരുഹറമുകളും ലക്ഷ്യമാക്കി ഒഴുകിയെത്തിയിരുന്നു.

മക്കയിലെ മസ്ജിദുല്‍ ഹറമിലെത്തുന്ന തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് പ്രവേശന കവാടങ്ങളില്‍ കനത്ത സുരക്ഷയായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. ഉംറ കര്‍മങ്ങള്‍ തിരക്കില്ലാതെ നിര്‍വഹിക്കുന്നതിന് മത്വാഫിലേക്ക് ഇഹ്റാം വേഷത്തിലുള്ള ഉംറ തീര്‍ഥാടകര്‍ക്ക് മാത്രമായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. 

മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ജുമുഅ നിസ്‌കാരത്തിനും ഖുതുബക്കും ഹറം ഇമാം ശൈഖ് ഡോ. സൗദ് ബിന്‍ ഇബ്‌റാഹീം അല്‍-ശുറൈമും, പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയില്‍ ശൈഖ് ഡോ. ഹുസൈന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍-ശൈഖും നേതൃത്വം നല്‍കി.

റമസാന്‍ മാസത്തിലെ ദൈവിക സ്മരണയോടും വിവേകത്തോടും കൂടിയുള്ള ഖുര്‍ആന്‍ പാരായണം ഏറ്റവും മഹത്തായതും മികച്ചതുമായ ആരാധനകളിലൊന്നാണെന്ന് ഇമാമുമാര്‍ ഖുത്ബയില്‍ പറഞ്ഞു. വിശുദ്ധ ഖുര്‍ആനിലൂടെ ഹൃദയങ്ങളെ ചലിപ്പിക്കാനും അവയവങ്ങളെ ശുദ്ധീകരിക്കാനും ജീവിതം ധന്യമാക്കാനും അല്ലാഹുവിന്റെ കല്‍പ്പനകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് അവര്‍ വിശ്വാസികളോട് ഉണര്‍ത്തി.

മസ്ജിദുല്‍ ഹറമിന്റെയും മസ്ജിദുന്നബവിയുടെയും മുഴുവന്‍ നിലകളും പരിസരങ്ങളും ജുമുഅ നിസ്‌കാരങ്ങളില്‍ പങ്കെടുക്കാനെത്തിയവരെക്കൊണ്ട് നിറഞ്ഞിരുന്നു. തിരക്കേറിയതോടെ അവശരായ രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിന് സഊദി റെഡ് ക്രസന്റ്-ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ അടങ്ങിയ വിപുലമായ സംഘത്തെയും നിയമിച്ചിരുന്നു. ഇരു ഹറമുകളില്‍ ആകാശ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജിദ്ദ-മക്ക അതിവേഗ പാതയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Post a Comment

0 Comments