NEWS UPDATE

6/recent/ticker-posts

കരൗലിയിൽ കലാപകാരികളെ ഒറ്റക്ക് നേരിട്ട് 15 പേർക്ക് രക്ഷാകവചമൊരുക്കി മാധുലിക

ജെയ്പുർ: രാജസ്ഥാനിലെ കരൗലി ടൗണിൽ ഇപ്പോൾ 48കാരിയായ മാധുലിക സിങ്ങിനെ കുറിച്ചാണ് ജനം സംസാരിക്കുന്നത്. രണ്ടു കുട്ടികളുടെ അമ്മയായ, വിധവയായ അവർ ടൗണിലെ മാർക്കറ്റിൽ അഞ്ചു വർഷമായി വസ്ത്ര വ്യാപാരിയാണ്.[www.malabarflash.com]


ഏപ്രിൽ രണ്ടിന് നവ സംവത്സര ഘോഷയാത്രക്കിടെയുണ്ടായ വർഗീയ സംഘർഷത്തിനിടെ, ആക്രമാസക്തരായ ജനക്കൂട്ടത്തെ വീറോടെ നേരിട്ട് 15 പേർക്കാണ് അവർ രക്ഷാകവചമൊരുക്കിയത്. ഇതിൽ ഭൂരിഭാഗവും മുസ്ലിംകളായിരുന്നു. മാധുലിക നടത്തുന്ന കടയുടെ മുന്നിലൂടെ ഘോഷയാത്ര കടന്നുപോകുന്നതിനിടെയാണ് ആക്രമ സംഭവങ്ങൾ അരങ്ങേറുന്നത്. ഉച്ചഭാഷിണിയിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചായിരുന്നു ഘോഷയാത്ര കടന്നുപോയത്. മുസ്ലിംകൾ തിങ്ങിപാർക്കുന്ന പ്രദേശമെത്തിയതോടെ ഒരുവിഭാഗം ആക്രമം അഴിച്ചുവിടുകയായിരുന്നു.

ആളുകളുടെ നിലവിളിയും കടയുടെ ഷട്ടറുകൾ തിടുക്കത്തിൽ അടക്കുന്ന ശബ്ദവും കേട്ടാണ് മാധുലിക പുറത്തിറങ്ങുന്നത്. പിന്നാലെ ഒരു സംഘം വ്യാപാരികൾ ജീവനുംകൊണ്ട് ഓടിയെത്തിയത് ഇവരുടെ ഷോപ്പിങ് കോംപ്ലക്സിലേക്കാണ്. ഉടൻ തന്നെ മാധുലിക ഗേറ്റ് അടച്ചു. പുറത്തേക്ക് പോകരുതെന്ന് പറഞ്ഞ് അവരെ ആശ്വസിപ്പിക്കുകയും ധൈര്യം പകരുകയും ചെയ്തു. ഞാൻ അവരെ രക്ഷിച്ചു, കാരണം എല്ലാറ്റിനുമുപരിയായി മനുഷ്യത്വമാണ് പ്രധാനമെന്ന് മാധുലിക പറയുന്നു.

ഷോപ്പിങ് കോംപ്ലക്‌സിന്റെ മുകൾ നിലയിലെ അപ്പാർട്ട്‌മെന്റിലേക്കാണ് ജീവനുവേണ്ടി അവർ ഓടിയെത്തിയത്. കലാപകാരികൾ ഗേറ്റ് തകർത്ത് അകത്തുകടക്കാൻ ശ്രമിച്ചെങ്കിലും മാധുലിക ചെറുത്തുനിന്നു. അപ്പാർട്ട്മെന്‍റിൽ രക്ഷ തേടിയെത്തിയ തങ്ങൾക്ക് മാധുലിക ചായയും വെള്ളവും തന്നെന്ന് സംഘത്തിലുണ്ടായിരുന്ന മുഹമ്മദ് താലിബ്, ഡാനിഷ് എന്നിവർ പറഞ്ഞു.

'ജനം ജീവനുവേണ്ടി പല ദിക്കിലേക്കും ഓടി. വടിയും മറ്റു ആയുധങ്ങളുമായെത്തിയ കലാപകാരികൾ ഷോപ്പുകൾ കൊള്ളയടിച്ചു. പക്ഷേ, മാധുലിക ദീദി ഞങ്ങളുടെ ജീവൻ രക്ഷിച്ചു. ഭയപ്പെടേണ്ടെന്ന് അവർ ഞങ്ങളോട് പറഞ്ഞു' -താലിബ് പറയുന്നു. വർഷങ്ങളായി മാർക്കറ്റിൽ ഇരു സമുദായങ്ങളും വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നുണ്ടെന്നും പ്രശ്നങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

0 Comments