Top News

'അക്രമികള്‍ ഒരു സമുദായത്തേയും മുന്നോട്ട് നയിച്ചിട്ടില്ല'; ഒരു സമുദായത്തിനും ക്രിമിനലുകളെ ആവശ്യവുമില്ലെന്ന് സാദിഖ് അലി ശിഹാബ് തങ്ങള്‍

മലപ്പുറം: സംഘടനകളുടെ പേരില്‍ അക്രമങ്ങള്‍ നടത്തി സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയാതെ പോവരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍.[www.malabarflash.com]

അക്രമികള്‍ക്ക് പിന്നില്‍ കക്ഷി ചേരാതിരിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

സാദിഖ് അലി ശിഹാബ് തങ്ങളുടെ പ്രതികരണം
'നന്മയുടെ കേരളം കൈവിട്ട് പോകാതിരിക്കാന്‍ ഒരുമിച്ച് നില്‍ക്കുക.കക്ഷി രാഷ്ട്രീയ താല്‍പര്യങ്ങള്‍ നിരത്തിവെക്കലല്ല, സാംസ്‌കാരിക ഔന്നിത്യമുള്ള രാഷ്ട്രീയ കേരളത്തെ തിരിച്ചു പിടിക്കലാണ് അനിവാര്യം'പാലക്കാട് ജില്ലയില്‍ ഇന്നലെയും ഇന്നുമായി നടന്ന അക്രമങ്ങളില്‍ രണ്ടു മനുഷ്യ ജീവനാണ് നഷ്ടമായത്. അക്രമങ്ങള്‍ക്കെതിരെ പഴുതടച്ച നിയമ നടപടികളുണ്ടാവുകയും ക്രിമിനലുകളെ സമൂഹം ഒറ്റപ്പെടുത്തുകയും ചെയ്യുകയാണ് പ്രതിവിധി.സംഘടനകളുടെ പേരില്‍ അക്രമങ്ങള്‍ നടത്തി സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയാതെ പോവരുത്.പോലീസ് കൂടുതല്‍ ജാഗ്രത പാലിക്കുകയും ജനങ്ങള്‍ പോലിസിനു പിന്തുണ നല്‍കുകയുമാണ് ഇപ്പോള്‍ വേണ്ടത്.അക്രമികള്‍ക്കു പിന്നില്‍ കക്ഷി ചേരാതിരിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പാലിക്കേണ്ടതുണ്ട്.അക്രമികള്‍ ഒരു സമുദായത്തേയും മുന്നോട്ട് നയിച്ചിട്ടില്ല.ഒരു സമുദായത്തിനും ക്രിമിനലുകളെ ആവശ്യവുമില്ല.നാടിന്റേയും സമുദായങ്ങളുടേയും പുരോഗതിയെ പിറകോട്ട് വലിച്ച ചരിത്രമാണ് അക്രമങ്ങളും വര്‍ഗീയതയും നടത്തുന്നവര്‍ ബാക്കിയാക്കിയത്.കോവിഡ് മഹാമാരിക്ക് ആശ്വാസം വന്ന ഈ ഘട്ടത്തില്‍ ലോകം മുഴുവന്‍ വിദ്യാഭ്യാസത്തിന്റേയും വികസനത്തിന്റേയും പുതിയ വാതായനങ്ങള്‍ തുറക്കുകയും ലോക ജനതയെ തങ്ങളുടെ രാജ്യങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്ത ഈ കാലത്ത് ഇന്ത്യയിലെ പല ഭാഗത്തും സാമുദായിക വേര്‍തിരിവുണ്ടാക്കി മനുഷ്യരെ അകറ്റി നിര്‍ത്തുകയും നാടിന്റെ സ്വാസ്ഥ്യം തകര്‍ത്ത് ഭയപ്പാടുണ്ടാക്കി രാജ്യത്തിന്റെ ഉന്നതമായ പാരമ്പര്യത്തിന് കോട്ടം വരുത്തുകയും ചെയ്യുന്ന ദയനീയ കാഴ്ച്ചകളാണ് കാണുന്നത്.മനുഷ്യര്‍ ചേര്‍ന്നു നില്‍ക്കേണ്ട ആഘോഷ സന്ദര്‍ഭങ്ങളില്‍ പോലും അക്രമങ്ങള്‍ നടത്തി മനുഷ്യരെ വിഭജിക്കാന്‍ ശ്രമിക്കുന്ന ദുരന്ത കാഴ്ച്ചകളാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.ഈ സന്ദര്‍ഭത്തില്‍സാക്ഷരതയിലും സാംസ്‌കാരിക തലത്തിലും ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളം അത്തരം അക്രമങ്ങള്‍ക്കെതിരെ ഉണര്‍ന്നിരിക്കേണ്ടതിനു പകരം ദുരന്തങ്ങളോടൊപ്പം സഞ്ചരിക്കാന്‍ ശ്രമിക്കുന്നത് അപലപനീയവും ദു:ഖകരവുമാണ്.അക്രമങ്ങള്‍ക്കെതിരെയും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേയും സമൂഹം ജാഗ്രത പാലിക്കുകയും ബോധവല്‍ക്കരണം നടത്തുകയും വേണം.നന്മയുടെ കേരളം കൈവിട്ട് പോകാതിരിക്കാന്‍ ഒരുമിച്ചു നില്‍ക്കുക.കക്ഷിരാഷ്ട്രീയ താല്‍പര്യങ്ങള്‍ നിരത്തിവെക്കലല്ല,സാംസ്‌കാരിക ഔന്നിത്യമുള്ള രാഷ്ട്രിയ കേരളത്തെ തിരിച്ചു പിടിക്കലാണ് അനിവാര്യം'

Post a Comment

Previous Post Next Post