Top News

സ്ഥിരമായി മീൻ വിൽപ്പനയ്ക്കെത്തി; ഒറ്റയ്ക്കാണെന്നറിഞ്ഞ വയോധികയെ ആക്രമിച്ച് സ്വർണം കവർന്നു; യുവാക്കൾ അറസ്റ്റിൽ

കൊല്ലം: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ. ചടയമംഗലം പോരേടം സ്വദേശികളായ ഷാൻ , മുഹമ്മദ് റാസി എന്നിവരാണ് പിടിയിലായത്. പോരേടം ഒല്ലൂർകോണം സ്വദേശിനിയായ 80 വയസ്സുള്ള അമീറത്തു ബീവിയുടെ മൂന്നു പവന്റെ മാലയാണ് ഇരുവരും കവർന്നത്.[www.malabarflash.com]


ഷാനും റാസിയും ഓട്ടോ റിക്ഷയിൽ മീൻ വിൽപ്പന നടത്തുന്നവരാണ്. അമീറത്തു ബീവിയും ഇവരിൽ നിന്നും മീൻ വാങ്ങിയിരുന്നു. ഇങ്ങനെ വയോധിക ഒറ്റയ്ക്കാണ് താമസിക്കുന്നതെന്ന് മനസ്സിലാക്കിയ ഇരുവരും മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു.

അമീറത്തു ബീവിയുടെ വീടിന് സമീപത്ത് ബെെക്കിലെത്തിയ ഇരുവരും വീട്ടിലെ ഫ്യൂസ്സ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ശേഷം വയോധികയെ കഴുത്തിൽ കുത്തിപ്പിടിച്ച് വായും മൂക്കും പൊത്തി തറയിൽ തള്ളിയിട്ട് സ്വർണ്ണമാല പൊട്ടിച്ചെടുത്ത് പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. 

നിലവിളികേട്ട് സമീപവാസികൾ ഓടിയെത്തിയെങ്കിലും ഇവരെ പിടികൂടാനായില്ല. തുടർന്ന് പൊലീസിൽ പരാതി നൽകി. പൊലീസെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ വയോധിക ആശുപത്രിയിൽ ചികിത്സയിലാണ്.

Post a Comment

Previous Post Next Post