Top News

പാലക്കാട് പത്തിലധികം കിണറുകളിലെ വെള്ളം എണ്ണയൊഴിച്ച പോലെ കത്തുകയാണ്; വെള്ളം കോരിയെടുത്തു തീ കൊളുത്തിയാലും ഇതേ അവസ്ഥ

പാലക്കാട്: പൊരിവെയിലിൽ കിണറിലെ പച്ചവെള്ളം കത്തുമോ ? പാലക്കാട് തൃത്താല നിയോജകമണ്ഡലത്തിലെ കൂറ്റനാട്ടെ പത്തിലധികം കിണറുകളിലെ വെള്ളം എണ്ണയൊഴിച്ച പോലെ കത്തുകയാണ്. മലിനീകരണ നിയന്ത്രണബോർഡ്, ഭൂജലവകുപ്പ് തുടങ്ങിയ വിഭാഗങ്ങൾ വെള്ളത്തിന്റെ സാംപിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ‘കത്തുന്ന എന്തോ ഒന്ന് വെള്ളത്തിലുണ്ട് ’ എന്നു മാത്രമാണ് അവർക്ക് ഇപ്പോൾ പറയാൻ കഴിയുന്നത്.[www.malabarflash.com]


കൂറ്റനാട് ടൗണിൽ തണ്ണീർക്കോട് റോഡിന്റെ വടക്കു വശത്ത് 10 വീടുകളിലും സിപിഎം ഏരിയ കമ്മിറ്റി ഓഫിസ്, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെയും കുടിവെള്ള സ്രോതസുകളിൽ ആണ് ഈ അദ്ഭുത പ്രതിഭാസം. ഇന്ധനത്തിന്റെ രൂക്ഷഗന്ധം വരുന്ന കിണറുകളിൽ തീ കൊളുത്തിയിട്ടാൽ ഏറെ നേരം ആളിക്കത്തും. ശരിക്കും പന്തം കൊളുത്തിയതുപോലെയുള്ള തീ. വെള്ളം കോരിയെടുത്തു തീ കൊളുത്തിയാലും ഇതേ അവസ്ഥയാണ്.

പലയിടങ്ങളിലും ആറു മാസത്തിലധികം ആയി ഇത്തരത്തിൽ എണ്ണയുടെ അംശം കാണുകയും പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തി സംഭവം സ്ഥിരീകരിക്കുകയും ചെയ്തിരുന്നുവെങ്കിലും പരിഹാരം ഒന്നും ഉണ്ടായില്ല. ഈ വെള്ളം കുടിച്ചാൽ മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നമുണ്ടാകുമോ എന്ന ആശങ്കയിലാണു ജനം. തൊട്ടടുത്ത് ഒരു പെട്രോൾ പമ്പ് ഉണ്ട്. അതിൽ നിന്നാണോ ഇന്ധനം ചോരുന്നത് എന്ന സംശയം നാട്ടുകാർ ഉന്നയിക്കുന്നു.

കിണറുകളിലെ മണ്ണിന്റെ പരിശോധന നടത്തണമെന്നും ആവശ്യമുയരുന്നു. 2020ൽ പാലക്കാട് ജില്ലയിലെ തെന്നിലാപുരത്തും ആലപ്പുഴ ജില്ലയിലെ കാവാലത്ത് 2019ലും കിണര്‍ വെള്ളം കത്തുന്ന പ്രതിഭാസം ഉണ്ടായിരുന്നു. കത്തുന്ന എന്തോ ഘടകം വെള്ളത്തിലുണ്ടെന്നു മാത്രമാണ് ഈ ഘട്ടത്തിൽ പറയാൻ കഴിയുകയെന്നു മലിനീകരണ നിയന്ത്രണ ബോർഡ് എൻവയേൺമെന്റൽ എൻജിനീയർ എം.എൻ.കൃഷ്ണൻ പറഞ്ഞു. സാംപിളുകൾ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലാബിലേക്കും കേന്ദ്രബോർഡിന്റെ ബെംഗളൂരുവിലെ ലാബിലേക്കും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വന്നാൽ മാത്രമേ കൃത്യമായ കാരണങ്ങൾ ലഭ്യമാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post