NEWS UPDATE

6/recent/ticker-posts

തീവ്രവാദത്തിനെതിരേ സ്വരം കടുപ്പിച്ച് യു.എ.ഇ

അബുദാബി: ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരേ സന്ധിയില്ലാത്ത നടപടികൾ സ്വീകരിച്ചും രാഷ്ട്രസുരക്ഷയ്ക്ക് കരുതലേകിയും യു.എ.ഇ. ശക്തമായി മുന്നോട്ടുപോകുന്നതായി സ്റ്റേറ്റ് മന്ത്രി ഖലീഫ ഷഹീൻ അൽ മറാർ പറഞ്ഞു. കെയ്റോ അറബ് ലീഗ് സെക്രട്ടേറിയറ്റിൽ നടന്ന അറബ് ലീഗ് കൗൺസിലിന്റെ 157-ാമത് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]


തീവ്രവാദ ഗ്രൂപ്പുകളുടെ ആക്രമണങ്ങൾക്കെതിരേ സമഗ്രമായ പ്രതികരണം ആവശ്യമാണ്. യു.എ.ഇ. മണ്ണിൽ ഭീകരതയെ തടയുന്നതിന് ഞങ്ങൾക്ക് ധാർമികവും ഭരണപരവുമായ അവകാശങ്ങളുണ്ട്. ഹൂത്തി ഭീകരരുടെ ഹീനമായ ആക്രമണങ്ങൾ യു.എ.ഇ.ക്ക് നേർക്കുണ്ടായിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളിൽ നടന്ന അത്തരം ആക്രമണങ്ങളിൽ ആളുകൾ മരിക്കാനിടയാകുകയും ചെയ്തിട്ടുണ്ട്- അൽ മറാർ പറഞ്ഞു.

സൗദി അറേബ്യയിലെ ജനവാസകേന്ദ്രങ്ങളിലും ഹൂത്തി ഭീകരർ നിരന്തരം വെല്ലുവിളികൾ ഉയർത്തിക്കൊണ്ടിരിക്കുന്നു. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും അവർ അതിനായി ഉപയോഗിക്കുന്നു. യു.എ.ഇ. സായുധ സേനയുടെ ജാഗ്രതയും സന്നദ്ധതയുമാണ് 200-ലേറെ രാജ്യങ്ങളിൽ നിന്നെത്തി യു.എ.ഇ.യിൽ അധിവസിക്കുന്നവരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നത്.

യു.എ.ഇ.യിൽ താമസിക്കുന്ന 20 ലക്ഷത്തിലേറെ ആളുകൾ അറബ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഹൂത്തി ഭീകരരുടെ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക വ്യവസ്ഥകളുടെയും പച്ചയായ ലംഘനമാണ്. ദേശീയ, അന്തർദേശീയ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണ് ഇതുയർത്തുന്നത്. ജനുവരിയിൽ നടന്ന അറബ് ലീഗ് കൗൺസിൽ സമ്മേളനത്തിൽ യു.എ.ഇ.ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച അറബ് സഹോദര രാജ്യങ്ങൾക്ക് നന്ദിയറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പുറപ്പെടുവിച്ച പ്രമേയത്തിൽ ഹൂത്തി മലീഷ്യകളെ ‘ഹൂത്തി തീവ്രവാദി സംഘം’ എന്ന് വിളിച്ച് ആയുധ ഉപരോധമേർപ്പെടുത്തിയിരുന്നു.

യു.എൻ. സുരക്ഷാ കൗൺസിലിന്റെ പ്രമേയങ്ങൾ പൂർണമായും ലംഘിച്ച് ഇറാനിൽനിന്ന് ആയുധങ്ങൾ ലഭ്യമായിരുന്നില്ലെങ്കിൽ ഹൂത്തി ആക്രമണങ്ങളും കുറ്റകൃത്യങ്ങളും ഒഴിവാക്കാനാകുമായിരുന്നു. യെമെനിലെ പ്രതിസന്ധികൾക്കും അത് പരിഹാരമുണ്ടാക്കിയേനെ.

ജനങ്ങളുടെ സുരക്ഷയുറപ്പാക്കാൻ യു.എ.ഇ.ക്ക് മതിയായ ശേഷിയുണ്ട്. ഭീകർക്കെതിരേ സന്ധിയില്ലാത്ത നടപടികൾ കൈക്കൊള്ളുന്നതിൽ അന്താരാഷ്ട്ര സമൂഹം പ്രകടമാക്കുന്ന നിസ്സംഗതയും നിലപാട് സ്വീകരിക്കുന്നതിലെ പരാജയവുമാണ് ആക്രമണങ്ങൾ ആവർത്തിക്കാൻ ഇടയാക്കുന്നത്.

ഹൂത്തി മലീഷ്യകളെ ഒരു ഭീകരസംഘടനയായി പ്രഖ്യാപിക്കാൻ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടേണ്ടതിന്റെ പ്രാധാന്യവും അൽ മറാർ അടിവരയിട്ടു.

യുക്രൈനിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഉത്കണ്ഠയും പിരിമുറുക്കവും കൂടുന്ന ഈ സമയത്ത് ആഗോള സമാധാനവും സുസ്ഥിരതയും ഉയർത്തിപ്പിടിക്കുന്നതിന് നാം തയ്യാറാകണം.

2022 മാർച്ചിലെ കൗൺസിൽ പ്രസിഡന്റ് എന്ന നിലയിലും യു.എൻ. സുരക്ഷാ കൗൺസിൽ താത്കാലിക അംഗമെന്ന നിലയ്ക്കും യു.എ.ഇ.ക്ക് ഈ ശ്രമങ്ങളിൽ നിലകൊള്ളേണ്ടതുണ്ട്. സംഘർഷം അവസാനിപ്പിച്ച് സംഭാഷണത്തിലേക്ക് മടങ്ങുകയെന്നതാണ് ഏറ്റവും പ്രധാനം. അന്താരാഷ്ട്ര തലങ്ങളിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിലെ നിലവിലെ പ്രതിസന്ധികൾക്കുള്ള അറബ് നടപടികളുടെ പ്രാധാന്യം കുറയരുത്.

ഇറാൻ കൈവശപ്പെടുത്തിയിരിക്കുന്ന മൂന്ന് ഇമറാത്തി ദ്വീപുകളായ ഗ്രേറ്റർ ടൺബ്, ലെസ്സർ ടൺബ്, അബു മൂസ എന്നിവയ്ക്കായുള്ള ശ്രമങ്ങൾ യു.എ.ഇ. തുടരും. ആത്യന്തികമായി മേഖലയിൽ സമാധാനവും ജനങ്ങൾക്കിടയിൽ സഹവർത്തിത്വവും ഉറപ്പാക്കാനും ഭീകരവാദം, അക്രമം, വിദ്വേഷം എന്നിവയ്ക്കെതിരേ സന്ധിയില്ലാത്ത പ്രവർത്തനം തുടരാനും യു.എ.ഇ. സജ്ജമാണെന്നും മന്ത്രി കൗൺസിലിൽ അറിയിച്ചു. പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും പൊതുതാത്പര്യമുള്ള കാര്യങ്ങളും കൗൺസിൽ ചർച്ചാവിഷയമായി.

Post a Comment

0 Comments