NEWS UPDATE

6/recent/ticker-posts

സോണിയയും പ്രിയങ്കയും സ്ഥാനമൊഴിയും?; വാര്‍ത്തകള്‍ നിഷേധിച്ച് കോണ്‍ഗ്രസ്, പ്രവര്‍ത്തകസമിതി ഞായറാഴ്ച

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അഭിമുഖീകരിക്കേണ്ടിവന്ന കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സ്ഥാനങ്ങള്‍ രാജിവെച്ചേക്കുമെന്ന വാര്‍ത്ത തള്ളി കോണ്‍ഗ്രസ്.[www.malabarflash.com]

പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് നാളെ ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇവര്‍ സ്ഥാനങ്ങള്‍ ഒഴിയുമെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് തള്ളിക്കൊണ്ട് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.

ഞായറാഴ്ച ചേരുന്ന നിര്‍ണായക പ്രവര്‍ത്തക സമിതി യോഗത്തില്‍ നേതൃമാറ്റത്തിനായി ഒരു വിഭാഗം ശക്തമായ ആവശ്യം ഉന്നയിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം നേതാക്കള്‍ ഡല്‍ഹിയില്‍ തിരക്കിട്ട ആലോചനകള്‍ നടത്തുന്നതിനിടയിലാണ് പാര്‍ട്ടിയില്‍ നേതൃമാറ്റത്തിന് കളമൊരുങ്ങുംവിധത്തില്‍ സോണിയയും രാഹുലും പ്രിയങ്കയും സ്ഥാനങ്ങള്‍ ഒഴിയുമന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

പരാജയത്തിനു പിന്നാലെ ഗുലാം നബി ആസാദിന്റെ വസതിയില്‍ കഴിഞ്ഞ ദിവസം രാത്രി ജി23 നേതാക്കളുടെ യോഗം നടന്നിരുന്നു. നിലവില്‍ ഗാന്ധി കുടുംബം മുന്നോട്ടുവയ്ക്കുന്ന ഫോര്‍മുലകള്‍ അംഗീകരിക്കേണ്ടതില്ലെന്ന നിലപാടാണ് ഇവര്‍ക്കുള്ളതെന്നാണ് സൂചന. എല്ലാ ഭാരവാഹികളേയും തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തണം എന്നതടക്കമുള്ള കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കാനും ജി 23 നേതാക്കള്‍ തീരുമാനമെടുത്തിട്ടുണ്ടെന്നാണ് അറിയുന്നത്.

കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് വൈകീട്ട് നാല് മണിക്കാണ് പ്രവര്‍ത്തകസമിതി യോഗം ചേരുന്നത്. പ്രവര്‍ത്തക സമിതിയിലെ 51 അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളുടെ ചുമതല വഹിച്ച ജനറല്‍ സെക്രട്ടറിമാര്‍ പരാജയത്തിന്റെ കാരണങ്ങള്‍ യോഗത്തില്‍ വിശദീകരിക്കും. തുടര്‍ന്ന് റിപ്പോര്‍ട്ടില്‍ ചര്‍ച്ച നടക്കും. സ്ഥിരം അധ്യക്ഷനില്ലാതെ ഇനിയും മുന്നോട്ടുപോകാനാകില്ലെന്ന നിലപാട് പാര്‍ട്ടിയില്‍ ഒരുവിഭാഗം ശക്തമായി ഉന്നയിക്കുന്നുണ്ട്. ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാള്‍ അധ്യക്ഷനാകുന്നത് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച നടന്നേക്കും.

തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസിനുണ്ടായത്. പഞ്ചാബില്‍ ഭരണം നഷ്ടമായ കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ തകര്‍ന്നടിയുകയും ചെയ്തിരുന്നു. യുപിയിലെ 399 സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവച്ച കാശുപോലും നഷ്ടമായി. കേവലം 2.4 ശതമാനം വോട്ടുമാത്രമാണ് പാര്‍ട്ടിക്ക് ലഭിച്ചത്. ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഗോവയിലും പാര്‍ട്ടി നാമാവശേഷമായി മാറുകയും ചെയ്തു.

Post a Comment

0 Comments