Top News

സൗദിയുടെ അടിസ്ഥാനം ഇസ്‌ലാമിക മൂല്യങ്ങൾ, ഇറാൻ അകറ്റാൻ കഴിയാത്ത അയൽക്കാർ; സൗദി കിരീടാവകാശി

റിയാദ്: സൗദി അറേബ്യ ഇസ്‌ലാം മൂല്യങ്ങൾ അടിസ്ഥാനമാക്കിയുള്ള രാജ്യമാണെന്നും മൂല്യത്തിൽ ഊന്നിയുള്ള വികസനമാണ് രാജ്യത്ത് നടക്കുന്നതെന്നും സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ.[www.malabarflash.com]

ദി അറ്റലാന്റിക് മാഗസിന് നൽകിയ അഭിമുഖത്തിലാണ് സൗദി രാജകുമാരൻ വിവിധ വിഷയങ്ങളിൽ രാജ്യത്തിന്റെ നയം വ്യക്തമാക്കിയത്. സൗദി അറേബ്യ ഗോത്ര, പ്രദേശ, പട്ടണ, അറബ്, സഊദി സംസ്‌കാരം, അതിന്റെ വിശ്വാസങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇതാണ് നമ്മുടെ ആത്മാവെന്നും ഇത് ഒഴിവാക്കിയാൽ രാജ്യം തകരുമെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസം നമ്മുടെ ആത്മാവിനെ പ്രതിനിധീകരിക്കുന്നു, വിശുദ്ധ ഭവനം ഹറം പള്ളി സൗദി അറേബ്യയിലാണ്. ആർക്കും അത് നീക്കം ചെയ്യാൻ കഴിയില്ല. ഹറം പള്ളിയോട് നമുക്ക് ശാശ്വതമായ ഉത്തരവാദിത്തമുണ്ട്. ഞങ്ങൾ ദുബായിയെ പോലെയോ അമേരിക്കയെ പോലെയോ ആകാൻ ശ്രമിക്കുന്നില്ല, മറിച്ച് രാജ്യത്തിന്റെ സാമ്പത്തികവും സാംസ്കാരികവുമായ കഴിവുകളെയും അതിലുപരി സഊദി ജനതയെയും ചരിത്രത്തെയും അടിസ്ഥാനമാക്കി വികസിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും രാജകുമാരൻ പറഞ്ഞു.

സൗദി അറേബ്യയും ഇറാനും പരസ്പരം അകറ്റാൻ കഴിയാത്ത അയൽക്കാരാണെന്നും സഹവർത്തിത്വമാണ് പരിഹാരമെന്നും പറഞ്ഞു.

ലോകത്തിലെ എല്ലാ രാജ്യങ്ങളും വിശ്വാസങ്ങളിൽ അധിഷ്ഠിതമാണ്. അമേരിക്ക ജനാധിപത്യം, സ്വാതന്ത്ര്യം, സ്വതന്ത്ര സമ്പദ്‌വ്യവസ്ഥ, എന്നിവയിൽ അധിഷ്ഠിതമാണ്. ഈ വിശ്വാസങ്ങളെ അടിസ്ഥാനമാക്കി ജനങ്ങൾ ഐക്യപ്പെടുന്നു. ഞങ്ങളുടെ വിശ്വാസം ഇസ്‌ലാമിക മൂല്യങ്ങളിൽ ഊന്നിയുള്ളതാണ്. അത് നശിപ്പിക്കാൻ സാധ്യമല്ല. രാജ്യത്തിന് ശരിയായ ദിശ ബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തമായ പദ്ധതികളാണ് സൗദി സമർപ്പിക്കുന്നത്. മറ്റിടങ്ങളിൽ നിന്ന് പകർത്തിയ പ്രോജക്റ്റുകൾ അവതരിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, പകരം പുതിയ എന്തെങ്കിലും ലോകത്തിന് ചേർക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. രാജ്യത്ത് നടക്കുന്ന പല പ്രോജക്റ്റുകളും അതുല്യമാണ്. ദിരിയ പദ്ധതി ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക പദ്ധതിയാണ്. നജ്ദി സ്വഭാവമുള്ള ഒരു സാംസ്കാരിക പൈതൃക പദ്ധതി കൂടിയാണ് ഈ പദ്ധതി. പഴയ ജിദ്ദ പ്രോജക്റ്റ് ഹിജാസി പൈതൃകത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വികസന പദ്ധതിയാണ്.

നിയോം, ദി ലൈൻ തുടങ്ങിയ പദ്ധതികൾ സൗദി അറേബ്യ നിർമ്മിച്ചതും രൂപ കല്പ്പന ചെയ്തതുമായ അതുല്യമായ പദ്ധതികളാണ്. ഇത് ലോകത്തിന്റെ ഏതെങ്കിലും പ്രദേശത്തെ മറ്റേതെങ്കിലും പദ്ധതിയുടെ പകർപ്പല്ല. പകരം, അത് മറ്റാർക്കും കണ്ടെത്താൻ കഴിയാത്തവയാണെന്നും കിരീടവകാശി ചൂണ്ടികാട്ടി.

ഞങ്ങൾ പ്രോജക്റ്റുകൾ പകർത്തുന്നില്ലെന്നും സർഗ്ഗാത്മകത പുലർത്താൻ ശ്രമിക്കുമെന്നും ഞങ്ങൾ ആവർത്തിക്കുന്നു. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിൽ ഉള്ള പണം, ഗവൺമെന്റ് ബജറ്റിൽ ഉള്ള പണം നമ്മുടെ സംസ്കാരത്തെയും സൗദിയിലെ ക്രിയാത്മകതയെയും ആശ്രയിച്ച് ക്രിയാത്മകമായി ഉപയോഗിക്കാൻ ഞങ്ങൾ ശ്രമിക്കുന്നുവെന്നും കിരീടവകാശി പറഞ്ഞു

Post a Comment

Previous Post Next Post