NEWS UPDATE

6/recent/ticker-posts

മലയാളിയുടെ നാവിൽ രോമങ്ങൾ വളരുന്ന അപൂർവ രോഗം; റിപ്പോർട്ട്​ ചെയ്ത്​ അമേരിക്കൻ ജേർണൽ

50 വയസ്സുകാരന്‍റെ നാവി​ൽ രോമങ്ങൾ വളർന്ന്​ കറുത്ത നിറമായി മാറി. എറണാകുളത്താണ്​​ സംഭവം. ലിംഗുവ വില്ലോസ നിഗ്ര അല്ലെങ്കിൽ കറുത്ത രോമമുള്ള നാവ് എന്ന രോഗാവസ്ഥയാണ് ഇദ്ദേഹത്തിന് ഉണ്ടായത്​. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ്​ ആശുപത്രിയിലെ ഡെർമറ്റോളജി ക്ലിനിക്കിലെത്തി ചികിത്സ തേടുകയായിരുന്നു.[www.malabarflash.com]


രോഗം വരുന്നതിന്​ മൂന്ന് മാസം മുമ്പ് ഇദ്ദേഹത്തിന്​ പക്ഷാഘാതം സംഭവിച്ചിരുന്നു. ഇതോടെ ശരീരത്തിന്റെ ഇടതുഭാഗം തളർന്നു. ഈ സമയത്ത്​ ശുദ്ധമായ ഭക്ഷണവും ദ്രാവകങ്ങളുമാണ്​ കഴിച്ചിരുന്നത്​. പക്ഷാഘാതം സംഭവിച്ച്​ ഏകദേശം രണ്ടര മാസത്തിന് ശേഷം നാവിൽ കറുത്ത പാടുകൾ വരാൻ തുടങ്ങി.

കട്ടിയുള്ളതും കറുത്തതുമായ ആവരണം നാവിന്റെ നടുവിലും പിൻഭാഗത്തും നിറഞ്ഞു. ഇതോടൊപ്പം മഞ്ഞനിറത്തിലുള്ള വരകളുമുണ്ടായിരുന്നു. നാവിന്റെ പുറം അറ്റങ്ങൾ, അഗ്രം, നിർജ്ജീവമായ കേന്ദ്രം എന്നിവയിൽ കറുത്ത പാടുകൾ ഉണ്ടായിരുന്നില്ല. കറുത്ത ഭാഗത്ത്​ നേർത്ത നാരുകൾ നിറഞ്ഞിരുന്നു. ഇതിനിടയിൽ കുടുങ്ങിയ ഭക്ഷ്യകണികകളാണ്​ മഞ്ഞനിറത്തിൽ കാണപ്പെട്ടത്​.

തുടർന്ന്​ അസാധാരണമായ ബാക്ടീരിയകളുടെയോ ഫംഗസുകളുടെയോ സാന്നിധ്യം പരിശോധിക്കാൻ സാമ്പിളുകൾ എടുത്തെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. ഇതോടെയാണ്​ കറുത്ത രോമമുള്ള നാവ് എന്ന രോഗമാണിതെന്ന്​ ഉറപ്പിച്ചത്​.

നാവിന്റെ ഉപരിതലത്തിൽ കോണിന്റെ ആകൃതിയിലുള്ള ഫിലിഫോം പാപ്പില്ലകൾ എന്ന ചെറിയ മുഴകൾ രൂപപ്പെടുന്നതാണ്​ കറുത്ത രോമമുള്ള നാവ് ഉണ്ടാകാൻ കാരണം. നാവിൽനിന്ന് വേർപ്പെടുത്തുന്നതിന് മുമ്പ് ഒരു മില്ലിമീറ്റർ നീളത്തിൽ ഇവക്ക്​ വളരാൻ കഴിയും. ടൂഷ്​ ബ്രഷ്​ പോലുള്ള വസ്തുക്കൾ ഉപയോഗിച്ച്​ നാവിന്റെ മുകൾഭാഗം പതിവായി ഉരച്ചിലിന് വിധേയമാകുന്നില്ലെങ്കിൽ ഈ മുഴകൾക്ക്​ ഏകദേശം 18 മില്ലിമീറ്റർ വരെ നീളമുണ്ടാകാം.

ഈ അസുഖം സാധാരണയായി നിരുപദ്രവകരവും ഹ്രസ്വകാലവുമാണ്. ലളിതമായ ശുചിത്വ സംവിധാനങ്ങളിലൂടെ ഇദ്ദേഹത്തിന്‍റെ രോഗം ​വേഗത്തിൽ ഭേദപ്പെടുത്തി. കൂടാതെ ശരിയായ ശുദ്ധീകരണ നടപടികളെക്കുറിച്ച് രോഗിക്കും പരിചരിക്കുന്നവർക്കും ഉപദേശം നൽകി. 20 ദിവസം കൊണ്ടാണ്​​ പ്രശ്നം പരിഹരിച്ചത്​. ഇദ്ദേഹത്തിന്‍റെ രോഗം സംബന്ധിച്ച് ദെ ജേർണൽ ഓഫ്​ ദെ അമേരിക്കൻ മെഡിക്കൽ അസോസിയേഷനിൽ (JAMA) പഠന​റിപ്പോർട്ട്​ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Post a Comment

0 Comments