Top News

പള്ളിയില്‍ നിയമവിരുദ്ധമായി പണപ്പിരിവിന് ആഹ്വാനം; ഇമാമിനെ സസ്‍പെന്റ് ചെയ്‍തു

കുവൈത്ത് സിറ്റി: അനുമതിയില്ലാതെ പള്ളിയില്‍ വെച്ച് പണപ്പിരിവിന് ആഹ്വാനം ചെയ്‍ത ഇമാമിനെതിരെ കുവൈത്തില്‍ നടപടി. കൈഫാന്‍ പള്ളിയിലെ ഇമാമിനെ പള്ളിയില്‍ പ്രഭാഷണം നടത്തുന്നതില്‍ നിന്ന് മൂന്ന് മാസത്തേക്ക് സസ്‍പെന്റ് ചെയ്‍തതായി കുവൈത്തിലെ ഔഖാഫ് ആന്റ് ഇസ്ലാമിക് അഫയേഴ്‍സ് മന്ത്രാലയം അറിയിച്ചു.[www.malabarflash.com]


ഇമാമിനെതിരെ നടപടിയെടുത്ത വിവരം മന്ത്രാലയം തന്നെയാണ് വിശദീകരിച്ചത്. പള്ളിയില്‍ നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം പണപ്പിരിവിന് ആഹ്വാനം ചെയ്യുകയായിരുന്നു. ഇത് രണ്ടാം തവണയാണ് പള്ളികളില്‍ പാലിക്കേണ്ട നിയമങ്ങളും നിബന്ധനകളും ലംഘിക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ ഇമാമില്‍ നിന്നുണ്ടായതെന്നും മന്ത്രാലയം വിശദീകരിച്ചു.

പള്ളികളില്‍ പാലിക്കേണ്ട നിബന്ധനകള്‍ക്ക് വിരുദ്ധമായിരുന്നു ഇമാമിന്റെ പ്രവൃത്തി. നേരത്തെ നിയമലംഘനം നടത്തിയപ്പോള്‍ ഇനി തെറ്റ് ആവര്‍ത്തിക്കില്ലെന്ന് അദ്ദേഹം എഴുതി നല്‍കിയിരുന്നതായും മന്ത്രാലയം അറിയിച്ചു. 

എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നതുപോലെ ആരാധനാ കര്‍മങ്ങളുമായി ബന്ധപ്പെട്ട കാര്യത്തിനല്ല ഇമാമിനെതിരെ നടപടിയെടുത്തതെന്നും മറിച്ച് അനുമതിയില്ലാതെ പള്ളിയില്‍ പണപ്പിരിവ് നടത്തിയതുമായി ബന്ധപ്പെട്ടാണെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു.

Post a Comment

Previous Post Next Post