Top News

4 സംസ്ഥാനങ്ങളില്‍ ബിജെപിയുടെ തേരോട്ടം; പഞ്ചാബ് തൂത്തുവാരി ആപ്പ്, തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ  തേരോട്ടം. യുപിയിലും ഉത്തരാഖണ്ഡിലും ചരിത്രം കുറിച്ച് ഭരണത്തുടർച്ചയാണ് ബിജെപി നേടിയിരിക്കുന്നത്. ഗോവയിലും മണിപ്പൂരിലും ബിജെപി ഭരണമുറപ്പിച്ചു.[www.malabarflash.com]

തെരഞ്ഞെടുപ്പില്‍ ആംആദ്മി പാർട്ടി പഞ്ചാബ് തൂത്തുവാരി. എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് തകർന്നടിഞ്ഞു. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തേരോട്ടം ചോദ്യം ചെയ്യപ്പെടാനാവാത്ത ശക്തിയായി ബിജെപിയെ മാറ്റുകയാണ്. 

യുപിയിലെ വിജയം ബിജെപിയുടെ രാഷ്ട്രീയ ഡിഎന്‍എയെ തന്നെ മാറ്റിയെഴുതി. കാര്‍ഷിക നിയമങ്ങളടക്കം പിന്മാറിയ വിഷയങ്ങളില്‍ കൂടുതല്‍ പരിഷ്ക്കാരവുമായി രംഗത്തെത്തിയേക്കാനുള്ള ഊര്‍ജ്ജം ഇതോടെ ബിജെപിക്ക് കിട്ടുകയാണ്.

കര്‍ഷക സമരത്തില്‍ കടപുഴകുമെന്ന് കരുതിയിടത്ത് ആധികാരവും സമഗ്രവുമായ വിജയമാണ് ബിജെപി നേടിയിരിക്കുന്നത്. പഞ്ചാബിലൊഴികെ നാലിടത്തും ഭരണം പിടിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. യുപിയില്‍ ഇത്തവണ കാലിടറിയിരുന്നെങ്കില്‍ പാര്‍ട്ടിയുടെ ഭാവി സാധ്യത പോലും ചോദ്യം ചെയ്യപ്പെടുമായിരുന്നു. 

2024 ലെ വിജയം ഉറപ്പിക്കുന്നതില്‍ ഈ വിജയം ബിജെപിക്ക് നിര്‍ണ്ണായകമാകും. നരേന്ദ്രമോദി തന്നെ ഇപ്പോഴും ജനപ്രിയ നേതാവെന്ന് തെളിയിക്കുന്നതാണ് വിജയമെന്നാണ് ബിജെപിയുടെ അവകാശവാദം. ഏതൊരു തെരഞ്ഞെടുപ്പ് തന്ത്രജ്ഞനെയും കടത്തിവെട്ടും വിധം കേന്ദ്ര നേതൃത്വമൊരുക്കുന്ന തന്ത്രങ്ങളും പ്രവര്‍ത്തന ശൈലിയുമാണ് വിജയത്തിനാധാരം. യഥാര്‍ത്ഥ പ്രത്യയശാസ്ത്രം പുറത്തെടുക്കാന്‍ ഈ വിജയം ബിജെപിക്ക് ധാരാളമാണ്.

രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ നടത്തുന്ന നീക്കങ്ങള്‍ക്കും മൂര്‍ച്ച കൂട്ടാനാകും. കാര്‍ഷിക നിയമങ്ങളുടെ തിരിച്ചടി ഭയന്ന് പിന്മാറേണ്ടി വന്നെങ്കിലും നിയമ പരിഷ്ക്കാര നടപടികളിലടക്കം തിരിയാന്‍ ഈ വിജയം പ്രേരിപ്പിച്ചേക്കാം. കാര്‍ഷിക മേഖലകളില്‍ ഈ തെരഞ്ഞെടുപ്പില്‍ നടത്തിയ മുന്നേറ്റം തന്നെ അതിന് ഇന്ധനമാകും. ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരിക്കേ ആ അജണ്ടകളിലേക്ക് തിരിയാനും ഈ തേരോട്ടം ബിജെപിക്ക് ഊര്‍ജ്ജമാകും.

Post a Comment

Previous Post Next Post