NEWS UPDATE

6/recent/ticker-posts

അവാർഡ് തിളക്കത്തിൽ ഉദുമ കുടുംബാരോഗ്യകേന്ദ്രം

ഉദുമ: സംസ്ഥാന കായകൽപ് അവാർഡിൽ തിളങ്ങി നാലാംവാതുക്കലിലെ ഉദുമ കുടുംബാരോഗ്യ കേന്ദ്രം. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ച അവാർഡാണ് കായകൽപ്.[www.malabarflash.com]


മത്സരത്തിൽ പ്രാഥമികാരോഗ്യകേന്ദ്ര വിഭാഗത്തിലാണ് ഉദുമ കുടുംബാരോഗ്യ കേന്ദ്രം ജില്ലയിൽ രണ്ടാം സ്ഥാനത്തെത്തിയത്.96.3 ശതമാനം സ്കോറാണു ഉദുമ കുടുംബാരോഗ്യകേന്ദ്രം നേടിയത്.

50, 000 രൂപയാണ് അവാർഡ് തുക. ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ വിജയമാണ് ഉദുമ കുടുംബാരോഗ്യകേന്ദ്രത്തിന് കായ കൽപ് അവാർഡ് കിട്ടാൻ കാരണമെന്ന് മെഡിക്കൽ ഓഫീസർ ഡോ.എം മുഹമ്മദ് പറഞ്ഞു.

രോഗ നിയന്ത്രണം, പരിസര ശുചിത്വം ,ആശുപത്രി മോടിപിടിപ്പിക്കൽ, പ്രത്യേകം രജിസ്റ്റർ തയാറാക്കൽ, ഗാർഡൻ, വാഹനങ്ങളുടെ പാർക്കിങ് സൗകര്യം തുടങ്ങിയവയാണ് അവാർഡിന് അർഹമാക്കിയത്. ഉദുമ പ്രാഥമികാരോഗ്യകേന്ദ്രം മൂന്നു വർഷം മുമ്പാണ് കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയത്.

നേരത്തെ നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡും, കേരള അക്രഡിറ്റ് സ്റ്റാൻഡേർഡ് ഫോർ ഹോസ്പിറ്റൽ അവാർഡും ഉദുമ കുടുംബാരോഗ്യകേന്ദ്രത്തിന് ലഭിച്ചിരുന്നു.

രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറ് വരെയാണ് ഒ പി പ്രവർത്തനം.
നാല് ഡോക്ടർമാരും മൂന്ന് സ്റ്റാഫ് നഴ്സുമാരുമാണ് രോഗികളെ പരിശോധിക്കുന്നത്. 

എല്ലാ വെള്ളിയാഴ്ചയും പാലിയേറ്റീവ് ഒപിയും ബുധനാഴ്ച കുത്തിവെപ്പ് ഒ പി യും ബുധൻ, വ്യാഴം ദിവസങ്ങളിൽ പ്രായമുള്ളവർക്കുള്ള ഒപിയും പ്രവർത്തിക്കുന്നുണ്ട്. മാസത്തിൽ ആദ്യ വ്യാഴാഴ്ച സൈക്കാടിക് ടീം വന്ന് മാനസിക പ്രശ്നങ്ങൾ ഉള്ളവരെ പരിശോധിച്ച് ചികിത്സ നടത്തുന്നു.

കുടുംബാരോഗ്യകേന്ദ്രത്തിന് കീഴിൽ എട്ട് സബ് സെൻ്ററുകൾ പ്രവർത്തിക്കുന്നു. ആരോഗ്യ പ്രവർത്തകർ ഇവിടെ ചെന്ന് കോവിഡ് പ്രതിരോധ പ്രവർ ത്തനങ്ങൾ, കുത്തിവെപ്പ്, പ്രായം ചെന്നവർക്ക് പ്രഷർ, ഷുഗർ പരിശോധന എന്നിവ നടത്തുന്നു.

ഉദുമ ഗ്രാമ പഞ്ചായത്തിൻ്റെയും ആശുപത്രി സ്റ്റാഫ് അംഗങ്ങളുടെയും പൊതുജനങ്ങളുടെയും സന്നദ്ധ സംഘനകളുടെയും സഹകരണത്തോടെ ആശുപത്രിയിൽ ജനറേറ്റർ, ഫ്രിഡ്ജ്, കുടിവെള്ള സൗകര്യം, വായനമുറി എന്നിവ ഒരുക്കിയിരുന്നു

Post a Comment

0 Comments