NEWS UPDATE

6/recent/ticker-posts

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ അന്തരിച്ചു

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.[www.malabarflash.com] 

ദേഹാസ്വാസ്യത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയോടെയാണ് നസറുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

1991 മുതല്‍ മൂന്നുപതിറ്റാണ്ടായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. കേരളത്തിലെ വ്യാപാരികളെ സംഘടിത ശക്തിയാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യാപാരി നേതാവായിരുന്നു. കേരളത്തില്‍ വ്യാപാരികളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഒട്ടേറെ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. 

1980ല്‍ മലബാര്‍ ചോംബര്‍ ഓഫ് കൊമേഴ്സ് ജനറല്‍ സെക്രട്ടറിയായാണ് സംഘടനാ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡല്‍ സീനിയര്‍ വൈസ് പ്രസിഡന്റ്, കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍, സംസ്ഥാനസര്‍ക്കാരിന്റെ ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍, സംസ്ഥാന വാറ്റ് ഇംപ്ലിമെന്റേഷന്‍ കമ്മിറ്റിയംഗം, ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ബോര്‍ഡ് അംഗം, വ്യവസായ ബന്ധസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏകോപന സമിതിക്കു കീഴില്‍ ഷെഡ്യൂള്‍ഡ് ബാങ്ക് പദവിയുള്ള കേരള മര്‍ക്കന്റൈല്‍ സഹകരണബാങ്ക് സ്ഥാപിച്ചത് നസറുദ്ദീനാണ്. ദീര്‍ഘകാലം അതിന്റെ ചെയര്‍മാനുമായിരുന്നു. 

ഭാര്യ: ജുബൈരിയ. മക്കള്‍: മുഹമ്മദ് മന്‍സൂര്‍ ടാംടണ്‍(ബിസിനസ്), എന്‍മോസ് ടാംടണ്‍(ബിസിനസ്), അഷ്റ ടാംടണ്‍, അയ്‌ന ടാംടണ്‍ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്). മരുമക്കള്‍: ആസിഫ് പുനത്തില്‍(പൈലറ്റ് സ്പൈസ് ജെറ്റ്), ലൗഫീന മന്‍സൂര്‍ (പാചകവിദഗ്ധ), റോഷ്നാര, നിസ്സാമുദ്ദീന്‍ (ബിസിനസ്, ഹൈദരാബാദ്). സഹോദരങ്ങള്‍: ഡോ. ഖാലിദ്(യു.കെ.), ഡോ. മുസ്തഫ(യു.എസ്.), മുംതാസ് അബ്ദുള്ള(കല്യാണ്‍ കേന്ദ്ര), ഹാഷിം (കംപ്യൂട്ടര്‍ അനലിസ്റ്റ്, യു.എസ്.), അന്‍വര്‍(ബിസിനസ്) പരേതനായ ടാംടണ്‍ അബ്ദുല്‍ അസീസ്, പരേതനായ െപ്രാഫ. സുബൈര്‍, പരേതനായ ടി.എ. മജീദ് (ഫാര്‍മ മജീദ്, ഫെയര്‍ഫാര്‍മ).

1944-ല്‍ കണ്ണൂരിലെ പ്രമുഖ വ്യാപാരിയായ ടി.കെ. മഹമ്മൂദിന്റെയും അസ്മാബിയുടെയും മകനായാണ് ജനനം. ഹൈസ്‌ക്കുള്‍ പഠനത്തിന് ശേഷം വ്യാപര മേഖലയിലേക്ക് കടന്നു. കോഴിക്കോട് മിഠായിത്തെരുവിലെ വ്യാപാര സ്ഥാപനമായ ബ്യൂട്ടി സ്റ്റോഴ്‌സിന്റെ ഉടമയാണ്. 

ഖബറടക്കം വെള്ളിയാഴ്ച വൈകീട്ട് നടക്കും. നസറുദ്ദീനോടുള്ള ആദര സൂചകമായി വെള്ളിയാഴ്ച കടകള്‍ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ അറിയിച്ചു. 


Post a Comment

0 Comments