Top News

എഴാംക്ലാസ് കാരനും അനുജത്തിയും സ്കൂളിൽ പോകാതെ ഒളിച്ചിരുന്നു; മണിക്കൂറുകളോളം നാട് നീളെ തിരഞ്ഞ് പോലീസും നാട്ടുകാരും

കാഞ്ഞങ്ങാട്: എഴാംക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയും നാലിൽ പഠിക്കുന്ന അനുജത്തിയും സ്കൂളിൽ പോകാതെ ആളൊഴിഞ്ഞ സ്ഥലത്ത് ഒളിച്ചിരുന്നു. കുട്ടികളെ കാണാനില്ലെന്ന വിവരമറിഞ്ഞതോടെ രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും പോലീസും മണിക്കറുകൾ തിരഞ്ഞു.[www.malabarflash.com]

ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്കൂളിലെ വിദ്യാർഥികളാണ് എല്ലാവരെയും വട്ടം കറക്കിയത്. നോട്ട് എഴുതാത്തതിനാൽ അധ്യാപകൻ വഴക്കുപറയുമെന്ന് കരുതിയാണ് സ്കൂളിൽ പോകാതിരുന്നതെന്ന് ഏഴാംക്ലാസുകാരൻ പറഞ്ഞു. 

രാവിലെ സ്വകാര്യ ബസിലാണ് ഇവർ സ്കൂളിലെത്താറുള്ളത്. പതിവുപോലെ വീട്ടിൽ നിന്നിറങ്ങുകയും ചെയ്തു. രണ്ടുപേരും സ്കൂളിൽ വന്നിട്ടില്ലെന്ന് പറഞ്ഞ് അധ്യാപകർ വീട്ടിലേക്കു വിളിച്ചു. ഉടൻ ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിലും വിവരമറിയിച്ചു.ഡിവൈ.എസ്.പി. ഡോ. വി.ബാലകൃഷ്ണൻ, ഇൻസ്പെക്ടർ കെ.പി.ഷൈൻ, എസ്.ഐ. കെ.പി.സതീഷ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം ബസുകളിലും തീവണ്ടിയിലുമെല്ലാം തിരച്ചിൽ നടത്തി. വീട്ടിൽനിന്ന്‌ സ്കൂളിലേക്കുള്ള വഴിയേ പോലീസ് നടന്നു. വഴിയരികിലെ സ്ഥാപനങ്ങളുടെ സി.സി.ടി.വി. ക്യാമറ പരിശോധിച്ചു. 

ഇതിനിടയിൽ മൂന്നു പെൺകുട്ടികൾ കാറിൽ പോകുന്നത് സി.സി.ടി.വി.യിൽ കണ്ടു. ഈ കാറിനുപിന്നാലെ പോലീസ് കുതിച്ചെങ്കിലും അതെല്ലെന്നു ബോധ്യപ്പെട്ടു. ഉച്ചയ്ക്കുശേഷം രണ്ടു മണിയോടെ വീട്ടിൽനിന്ന്‌ രണ്ടുകിലോമീറ്റർ അകലെ ആളൊഴിഞ്ഞ ഇടവഴിയിലെ ചെറിയ മരത്തിനരികിൽ രണ്ടു കുട്ടികളും ഇരിക്കുന്നത് നാട്ടുകാർ കണ്ടു.

അധ്യാപകരും വീട്ടുകാരും പോലീസും സ്ഥലത്തെത്തി. ഇതോടെ കുട്ടികൾ ഭയന്നു വിറച്ചു. ഉടൻ ഡിവൈ.എസ്.പി. രണ്ടു കുട്ടികളെയും കൂട്ടി സ്റ്റേഷനിലെത്തി. ആരും വഴക്കുപറയരുതെന്ന് പോലീസ് നിർദേശവും നൽകി.കുട്ടികൾക്കു ജ്യൂസും ബിരിയാണിയും വാങ്ങിക്കൊടുത്ത് ഡിവൈ.എസ്.പി. ഇരുവരെയും സൗഹൃദത്തിലാക്കി. ഇതോടെ കുട്ടികളുടെ ഭയം മാറി. 

വൈകീട്ട് ചൈൽഡ് ലൈൻ പ്രവർത്തകരെത്തി കൗൺസിൽ നടത്തിയശേഷം രണ്ടുപേരെയും പോലീസ് വീട്ടിലെത്തിച്ചു.

Post a Comment

Previous Post Next Post