Top News

ഭർത്താവ് ഉപയോഗിച്ചിരുന്ന വിലപിടിപ്പുള്ള സാധനങ്ങളും ഭൂമിയുടെ പ്രമാണങ്ങളും ബന്ധുക്കൾ മോഷ്ടിച്ചതായി പരാതി

ഉദുമ: മരിച്ച ഭർത്താവ് ഉപയോഗിച്ചിരുന്ന വിലപിടിപ്പുള്ള സാധനങ്ങളും ഭൂമിയുടെ പ്രമാണങ്ങളും ബന്ധുക്കൾ മോഷ്ടിച്ചു കൊണ്ടുപോയതായി വീട്ടമ്മയുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് ബേക്കൽ പോലീസ് ആറുപേർക്കെതിരെ കേസെടുത്തു.[www.malabarflash.com]

ഉദുമ പാക്യാര ബദരിയ നഗർ തിഡിൽ ഗാർഡനിലെ എം.എ.ഖമറുന്നീസയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ ഭർത്താവിന്റെ അനുജന്മാരായ താരീഫ്, തൗഫീസ്, മറ്റൊരു ബന്ധു മുനീർ, മുനീറിന്‍റെ ഭാര്യ, മകൾ തുടങ്ങി ആറുപേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 

യുവതിയുടെ ഭർത്താവ് മൊയിനുദ്ധീന് റഹ്‌മാൻ ഗൾഫിൽ ബിസിനസുകാരനായിരുന്നു. നാട്ടിൽ വന്ന മൊയിനുദ്ധീൻ കഴിഞ്ഞവർഷം ഫെബ്രുവരി 12-ന് കുഴഞ്ഞുവീണ് മരിച്ചിരുന്നു. ആ ദിവസങ്ങളിൽ വീട്ടിൽ വന്ന ഭർത്താവിന്റെ ബന്ധുക്കൾ ചേർന്ന് കിടപ്പുമുറിയിലെ അലമാരയിലുണ്ടായിരുന്ന 1.10 ലക്ഷം രൂപ, 10 ലക്ഷം രൂപ വിലയുള്ള റോളക്സ് വാച്ച്, 2000 ദിർഹം, വജ്രംപതിച്ച രണ്ട് മോതിരം, ബോവിക്കാനം, കോട്ടിക്കുളം, ചെർക്കള പാടി എന്നിവിടങ്ങളിലെ ഭൂസ്വത്തിന്റെ പ്രമാണം തുടങ്ങിയവ എടുത്തുകൊണ്ടുപോയെന്ന് ബേക്കൽ പോലീസിൽ യുവതി മൊഴി നൽകിയിട്ടുണ്ട്. 

ഭർത്താവിന്റെ മരണസർട്ടിഫിക്കറ്റ് വാങ്ങാനാണന്ന് തെറ്റിദ്ധരിപ്പിച്ച് മുദ്രപ്പത്രത്തിൽ യുവതിയുടെ ഒപ്പ് വാങ്ങിയതായും മൊഴിയിലുണ്ട്. കേസിൽ പ്രതിചേർക്കപ്പെട്ട എല്ലാവരും ഒളിവിലാണെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ബേക്കൽ ഡിവൈ.എസ്.പി. സി.കെ.സുനിൽകുമാർ പറഞ്ഞു.

Post a Comment

Previous Post Next Post