Top News

നടൻ കലാഭവൻ നവാസ് ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ

കൊച്ചി: ചലച്ചിത്രതാരം കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഒരു ഹോട്ടലിൽ വെള്ളിയാഴ്ച രാത്രി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് കരുതുന്നത്. മിമിക്രിതാരം, ഗായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു.[www.malabarflash.com]


‘പ്രകമ്പനം’ സിനിമയുടെ ഷൂട്ടിങ്ങിനായാണ് നവാസ് ചോറ്റാനിക്കരയിലെത്തിയതെന്നാണ് വിവരം.‌ ഷൂട്ടിങ് സംഘം ചിത്രീകരണം കഴിഞ്ഞ് ഹോട്ടൽ മുറിയിലെത്തിയ ശേഷം മടങ്ങിയിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും ഒരു മുറിയുടെ താക്കോൽ മാത്രം തിരികെക്കിട്ടാതിരുന്നതു ശ്രദ്ധിച്ച ഹോട്ടൽ ജീവനക്കാർ അന്വേഷിച്ചെത്തിയപ്പോഴാണ് നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രശസ്ത നാടക, ചലച്ചിത്ര നട‌നായിരുന്ന അബൂബക്കറിന്റെ മകനായി തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലാണ് നവാസ് ജനിച്ചത്. മിമിക്രിയിലൂടെ കലാരംഗത്തെത്തി. കലാഭവനിൽ ചേർന്നതോടെയാണ് പ്രശസ്തിയിലേക്കുയർന്നത്. നാ‌ട്ടിലും വിദേശത്തും സ്റ്റേജ് ഷോകളിലൂടെ പേരെടുത്ത നവാസ് സഹോദരൻ നിയാസ് ബക്കറിനൊപ്പം കൊച്ചിൻ ആർട്സ് എന്ന മിമിക്രി ട്രൂപ്പ് രൂപീകരിച്ച് പരിപാടികൾ അവതരിപ്പിച്ചിരുന്നു.

1995ല്‍ ചൈതന്യം എന്ന ചിത്രത്തി‌‌ലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും നായകനും സഹനടനുമായി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. മാ‌ട്ടുപ്പെട്ടി മച്ചാൻ, തില്ലാന തില്ലാന, മായാജാലം, ജൂനിയർ മാന്‍ഡ്രേക്ക്, മൈലാഞ്ചി മൊഞ്ചുള്ള വീട്, കസബ, മൈഡിയർ കരടി, ഇഷ്ടമാണ് നൂറുവട്ടം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

നവാസിന്റെ സഹോദരൻ നിയാസ് ബക്കറും അറിയപ്പെടുന്ന ‌‌ടെലിവിഷൻ, ചലച്ചിത്ര താരമാണ്. ചലച്ചിത്രതാരമായിരുന്ന രഹനയാണ് ഭാര്യ. മക്കൾ: നഹറിൻ, റിദ്‍വാൻ, റിഹാൻ.


Kalabhavan Navas, a renowned Malayalam actor, passed away at the age of 51 in Chottanikkara. The cause of death is suspected to be a heart attack; he was known for his work in films, television, and mimicry.

Post a Comment

Previous Post Next Post