NEWS UPDATE

6/recent/ticker-posts

പൂവൻകോഴിക്ക് 30 രൂപ ടിക്കറ്റ് മുറിച്ച് കണ്ടക്ടർ, വൈറലായി ചിത്രവും വീഡിയോയും

ടിക്കറ്റ് എടുക്കാതെ പൊതുഗതാഗതം ഉപയോഗിച്ചുള്ള യാത്രകൾ ഏത് രാജ്യത്തായാലും ശിക്ഷാർഹമാണ്. അതിനി കോഴിയായാലും, മനുഷ്യനായാലും അങ്ങനെ തന്നെയാണ് എന്നാണ് തെലങ്കാനയിലെ ഒരു ബസ് കണ്ടക്ടർ പറയുന്നത്.[www.malabarflash.com]

സർക്കാർ ഉടമസ്ഥതയിലുള്ള തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ടിഎസ്ആർടിസി ബസിൽ യാത്ര ചെയ്തതിന് ഒരു പൂവൻകോഴിക്ക് 30 രൂപയുടെ ടിക്കറ്റ് ഈടാക്കി. തെലങ്കാനയിലെ കരിംനഗർ ജില്ലയിലാണ് സംഭവം.

ചൊവ്വാഴ്ചയാണ് ബസിൽ ഒരു യാത്രക്കാരൻ കോഴിയുമായി കയറിയത്. മുഹമ്മദ് അലിയെന്നാണ് യാത്രക്കാരന്റെ പേര്. പെടപ്പള്ളിയിൽ നിന്ന് കയറിയ അയാൾ കരിംനഗറിലേക്കുള്ള യാത്രയിലായിരുന്നു. ബസ് കണ്ടക്ടർ ജി തിരുപ്പതി ആദ്യം യാത്രക്കാരന് മാത്രം ടിക്കറ്റ്‌ നൽകി. കണ്ടക്ടർ കാണാതെ യാത്രക്കാരൻ കോഴിയെ മുണ്ടിനുള്ളിൽ ഒളിപ്പിച്ചു. അതുകൊണ്ട് തന്നെ പിന്നീടാണ് കണ്ടക്ടർ കോഴിയെ കണ്ടത്. 

1.30 ഓടെ ബസ് സുൽത്താനബാദ് ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ മുണ്ടിനുള്ളിൽ ഇരുന്ന പൂവൻ കോഴി അനങ്ങാൻ തുടങ്ങി. തുണിക്കുള്ളിൽ എന്താണ് അനങ്ങുന്നതെന്ന് ബസ് കണ്ടക്ടർ മുഹമ്മദലിയോട് ചോദിച്ചു. ഒടുവിൽ അതിനകത്ത് പൂവൻ കോഴി ഉണ്ടെന്ന് മുഹമ്മദ് അലിയ്ക്ക് സമ്മതിക്കേണ്ടി വന്നു. ആരും കാണാതെ കോഴിയെ കൂടെ കൊണ്ടുപോകാനായിരുന്നു അയാളുടെ പദ്ധതി.

അതോടെ കണ്ടക്ടർ കോഴിയെ കൈയോടെ പൊക്കി. കോഴിയുടെ ടിക്കറ്റിന്റെ പണം അടക്കാനും യാത്രക്കാരനോട് ആവശ്യപ്പെട്ടു. യാത്രക്കാരൻ പണം നൽകാതിരിക്കാൻ പല ഒഴിവ് കഴിവും പറഞ്ഞ് നോക്കിയെങ്കിലും, ഒരു രക്ഷയുമുണ്ടായില്ല. ജീവനുള്ള എന്തിനും ബസ്സിൽ യാത്ര ചെയ്യണമെങ്കിൽ ടിക്കറ്റ് എടുക്കണമെന്നായിരുന്നു കണ്ടക്ടറുടെ വാദം. അതുകൊണ്ടാണ് കോഴിക്കും താൻ ടിക്കറ്റ് നൽകിയതെന്നും കണ്ടക്ടർ പറഞ്ഞു. ഒടുവിൽ ടിക്കറ്റ് വിലയായ 30 രൂപ യാത്രക്കാരനിൽ നിന്ന് അയാൾ ഈടാക്കുക തന്നെ ചെയ്തു.

സംഭവത്തിന് പിന്നാലെ കണ്ടക്ടർ ഇപ്പോൾ പുലിവാല് പിടിച്ചിരിക്കയാണ്. കോഴിയുടെ സുൽത്താൻബാദിൽ നിന്ന് കരിംനഗറിലേക്കുള്ള യാത്രാ ടിക്കറ്റ് എന്ന പേരിൽ ഒരു ചിത്രം മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, കണ്ടക്ടറും യാത്രക്കാരനും തമ്മിലുള്ള തർക്കത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെ സംഭവം ടിഎസ്ആർടിസി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു. 

ടിഎസ്ആർടിസി നിയമപ്രകാരം ബസുകളിൽ മൃഗങ്ങളെ കയറ്റാൻ പാടുള്ളതല്ല. അതിനാൽ യാത്രക്കാരനോട് കോഴിയുമായി ബസിൽ നിന്ന് ഇറങ്ങാൻ കണ്ടക്ടർ ആവശ്യപ്പെടേണ്ടതായിരുന്നുവെന്ന് ടിഎസ്ആർടിസി ഗോദാവരിക്കാനി ഡിപ്പോ മാനേജർ വി വെങ്കിടേശം പറഞ്ഞു.

അത് ചെയ്യാതെ യാത്രക്കാരനിൽ നിന്ന് കണ്ടക്ടർ കോഴിയുടെ യാത്രയ്ക്കുള്ള ടിക്കറ്റ് ഈടാക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ ചട്ടലംഘനത്തിനും, അശ്രദ്ധക്കും കണ്ടക്ടർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഡിഎം അറിയിച്ചു.

Post a Comment

0 Comments