Top News

'വൈദ്യുതി ബില്ല് അടച്ചില്ല, കണക്ഷന്‍ വിച്ഛേദിക്കുമെന്ന് സന്ദേശം'; പിന്നീട് സംഭവിച്ചത്, വന്‍ തട്ടിപ്പിന്റെ കഥ

കെഎസ്ഇബിയുടെ പേരില്‍ നടക്കുന്ന വന്‍ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പുമായി വികെ പ്രശാന്ത് എംഎല്‍എ. വൈദ്യുതി ബില്ല് അടയ്ക്കാത്തത് കൊണ്ട് കണക്ഷന്‍ വിച്ഛേദിക്കുമെന്ന് പറഞ്ഞുകൊണ്ട് വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും തനിക്കും ഇത്തരമൊരു സന്ദേശം വന്നിരുന്നെന്ന് പ്രശാന്ത് പറഞ്ഞു.[www.malabarflash.com] 

തട്ടിപ്പിന് പിന്നില്‍ വടക്കേ ഇന്ത്യന്‍ സംഘമാണ്. ഇവര്‍ക്കെതിരെ കെഎസ്ഇബി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വികെ പ്രശാന്ത് പറഞ്ഞു.

വീട്ടിലെ വൈദ്യുതി ബില്ല് അടയ്ക്കാത്തതിനാല്‍ കണക്ഷന്‍ വിച്ഛേദിക്കുമെന്ന് കാണിച്ചു കൊണ്ട് എനിക്ക് ലഭിച്ച മെസ്സേജാണ് ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നത് . മെസ്സേജില്‍ ചേര്‍ത്തിരിക്കുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ സന്ദേശം ലഭിച്ചിട്ടുള്ളത്. മെസ്സേജില്‍ പറഞ്ഞിരിക്കുന്ന നമ്പറിലേക്ക് വിളിക്കുന്നവരോട് ടീം വ്യൂവര്‍, എനി ഡെസ്‌ക് തുടങ്ങിയ ആപ്ലികേഷനുകള്‍ ഡൌണ്‍ ലോഡ് ചെയ്യാനാവശ്യപ്പെടും.''

''തുടര്‍ന്ന് അതിലൂടെ പാസ്സ്‌വേര്‍ഡ് ചോര്‍ത്തി പണം അപഹരിക്കുകയാണ് ചെയ്യുന്നത്. ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് ഇതിനകം നടന്നതായാണ് അറിയുന്നത്. വടക്കേ ഇന്ത്യന്‍ സംഘമാണ് തട്ടിപ്പിന് പിന്നില്‍. KSEB ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുകയും പോലീസ് നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതു സംബന്ധിച്ച് പത്രവാര്‍ത്തകളും നല്‍കിയിട്ടുണ്ട്. BSNL ബില്ലുകളുമായി ബന്ധപ്പെട്ടും ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നതായി അറിയുന്നു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ എല്ലാവരും ജാഗരൂകരായിരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.''

Post a Comment

Previous Post Next Post