NEWS UPDATE

6/recent/ticker-posts

ആംബുലന്‍സില്‍ കഞ്ചാവ് കടത്ത്; മലപ്പുറത്ത് 46 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍

പെരിന്തല്‍മണ്ണ: ലോക്ഡൗണ്‍ സാധ്യത മുന്നില്‍ക്കണ്ട് ആന്ധ്രയില്‍നിന്ന് ആംബുലന്‍സില്‍ രഹസ്യമായി ഒളിപ്പിച്ച് കടത്തിയ കഞ്ചാവ് പിടികൂടി. പെരിന്തല്‍മണ്ണയിലാണ് സംഭവം. വന്‍ തോതില്‍ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നതായും ഏജന്റുമാരായി ജില്ലയില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പോലീസ് പരിശോധന.[www.malabarflash.com]

പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഈ സംഘത്തിലെ ചില കണ്ണികളെ കുറിച്ച് സൂചനലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആംബുലന്‍സില്‍ രഹസ്യമായി ഒളിപ്പിച്ച് ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കടത്തിയ 46 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേര്‍ അറസ്റ്റിലായത്.

മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ആറങ്ങോട്ട് പുത്തന്‍പീടികയേക്കല്‍ ഉസ്മാന്‍(46), തിരൂരങ്ങാടി പൂമണ്ണ സ്വദേശി ഈരാട്ട് വീട്ടില്‍ ഹനീഫ(40), മുന്നിയൂര്‍ കളത്തിങ്ങല്‍ പാറ സ്വദേശി ചോനേരി മഠത്തില്‍ മുഹമ്മദാലി (36) എന്നിവരെയാണ് പെരിന്തല്‍മണ്ണ സി.ഐ.സുനില്‍ പുളിക്കല്‍, സി.കെ.നൗഷാദ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.

പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ വന്‍ സാമ്പത്തിക ലാഭം ലക്ഷ്യംവെച്ചാണ് കഞ്ചാവു കടത്തിലേക്കിറങ്ങിയതെന്ന് പ്രതികള്‍ പറഞ്ഞു. പോലീസ്- എക്‌സൈസ് അധികൃധരുടെ പരിശോധനകള്‍ ഒഴിവാക്കാനാണ് കഞ്ചാവുകടത്തിന് ആംബുലന്‍സ് ഉപയോഗിച്ചതെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു.

Post a Comment

0 Comments