NEWS UPDATE

6/recent/ticker-posts

നാടിന്റെ സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കാന്‍ ജാഗ്രതയോടെ നീങ്ങണം: കാന്തപുരം

ദേളി:നാടിന്റെ സമാധാനാന്തരീക്ഷവും സൗഹാർദവവും കാത്തുസൂക്ഷിക്കാന്‍ എല്ലാ വിഭാഗമാളുകളും അതീവ ജാഗ്രതയും കരുതലും പുലര്‍ത്തണമെന്ന് ഇന്ത്യന്‍ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. ജാമിഅ സഅദിയ്യ അറബിയ്യ വാര്‍ഷിക സനദ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.[www.malabarflash.com]

സമാധാന ഭംഗമുണ്ടാക്കുന്ന ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ചില സ്ഥലങ്ങളിലെങ്കിലും ഉയര്‍ന്ന് കേള്‍ക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്. നാടിന്റെ ഭദ്രതയാഗ്രഹിക്കുന്ന എല്ലാവും ഇത്തരം അപശബ്ദങ്ങള്‍ക്കെതിരെ യോജിച്ച് നില്‍ക്കണം. സുന്നി സമൂഹം എന്നും രാജ്യത്തിന്റെ സൗഹാർദവും ഐക്യവും നിലനിര്‍ത്തുന്നതിനാണ് പ്രാമുഖ്യം നല്‍കിയിട്ടുള്ളത്. സമുദായത്തില്‍ തീവ്രതയുടെയോ ഭീകരതയുടെയോ നേരിയ ചിന്ത പോലും വളരാതിരിക്കാന്‍ മഹല്ല് തലത്തില്‍ ബോധവത്കരണങ്ങള്‍ക്ക് സുന്നി പണ്ഡിതര്‍ നേതൃത്വം നല്‍കി വരികയാണ്.

താജുല്‍ ഉലമയും നൂറുല്‍ ഉലമയും പകര്‍ന്ന് നല്‍കിയ ശാന്തിയുടെ സന്ദേശമാണ് യുവ പണ്ഡിതര്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. വിശ്വാസപരമായ കണിശത പുലര്‍ത്തിക്കൊണ്ട് തന്നെ വിവിധ സമൂഹങ്ങളുമായി അങ്ങേയറ്റത്തെ സൗഹൃദം പുലര്‍ത്താന്‍ സുന്നികള്‍ എന്നും ശ്രദ്ധിച്ചിട്ടുണ്ട്. സമൂദായത്തെ ബാധിക്കുന്ന പ്രശനങ്ങളില്‍ അനാവശ്യ വിവാദങ്ങള്‍ക്ക് പകരം ക്രിയാത്മകമായ സംവാദമാണ് വേണ്ടതെന്നും കാന്തപുരം പറഞ്ഞു.

അതിനിടെ, സഅദിയ്യയുടെ ശില്‍പി നൂറുല്‍ ഉലമ എം എ ഉസ്താദിന്റെ നാമധേയത്തില്‍ സഅദിയ്യ ക്യാമ്പസില്‍ അത്യാധുനിക പഠന ഗവേഷണ കേന്ദ്രമായ നൂറുല്‍ ഉലമ സ്മാരകത്തിന്റെ ശിലാസ്ഥാപനം കാന്തപുരം നിര്‍വഹിച്ചു. സെന്ററിന്റെ ത്രീഡി ലോഞ്ചിംഗ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. 


സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റഹീം ഖലീല്‍ ബുഖാരി, സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, സയ്യിദ് ഇമ്പിച്ചി തങ്ങൾ അല്‍ ബുഖാരി, സയ്യിദ് ഇമ്പിച്ചി തങ്ങൾ അല്‍ ബുഖാരി, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, എ കെ എം അഷ്‌റഫ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂര്‍, കാസര്‍കോട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി എ മുനീര്‍, എന്‍ എ അബൂബക്കര്‍ ഹാജി, ഉമര്‍ ഹാജി മട്ടന്നൂര്‍, അബ്ദുല്‍ ഹകീം ഹാജി കളനാട്, അഹമ്മദലി ബണ്ടിച്ചാല്‍ സംബന്ധിച്ചു.

Post a Comment

0 Comments