പയ്യന്നൂർ: കാർ റോഡരികിലെ കുളത്തിലേക്കുമറിഞ്ഞ് പ്രവാസിക്ക് പരിക്ക്. കൂടെയുണ്ടായിരുന്ന മകൾ അത്ഭുതകരമായി രക്ഷപ്പെട്ടു. റഷ്യയിൽ ജോലിചെയ്യുന്ന, കരിവെള്ളൂർ ആണൂർ വളവിന് സമീപം താമസിക്കുന്ന പൊന്മണി ഹൗസിൽ കുതിരുമ്മൽ വിനോദിനാണ് (49) പരിക്കേറ്റത്. മകൾ ദിയയാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.[www.malabarflash.com]
വ്യാഴാഴ്ച രാവിലെ ഏഴോടെ ദേശീയപാതയിൽ വെള്ളൂർ രാമൻകുളത്തായിരുന്നു അപകടം. പരിക്കേറ്റ വിനോദിനെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പയ്യന്നൂർ സെന്റ് മേരീസ് സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന മകൾ ദിയയെ വീട്ടിൽ നിന്നും പയ്യന്നൂരിലെ ട്യൂഷൻ സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. അമിതവേഗതയിൽ വന്ന ലോറി ഓവർടേക്ക് ചെയ്യുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ മതിൽ തകർത്ത് കുളത്തിലേക്ക് വീഴുകയായിരുന്നു. അപകടത്തിനിടയാക്കിയ ലോറി നിർത്താതെ പോയി.
കുളത്തിലേക്ക് മറിഞ്ഞ കാർ വെള്ളത്തിൽ വീഴാതെ പടവുകളിൽ നിന്നതുകാരണം ദുരന്തമൊഴിവായി. മുമ്പും ഈ കുളത്തിൽ കാർ വീണിരുന്നു. ദേശീയപാത വികസനത്തിെൻറ ഭാഗമായി കുളം പൂർണമായും മണ്ണിട്ടുമൂടും.
0 Comments