NEWS UPDATE

6/recent/ticker-posts

സഹോദരനെതിരെ പെണ്‍കുട്ടിയുടെ വ്യാജപീഡന പരാതി: സമൂഹമാധ്യങ്ങളിലെ സൗഹൃദം വിലക്കിയത് കാരണം

മലപ്പുറം: സമൂഹമാധ്യമങ്ങളിലെ സൗഹൃദങ്ങള്‍ ചോദ്യം ചെയ്തതിലെ ദേഷ്യത്തില്‍ സഹോദരനെതിരേ പെണ്‍കുട്ടിയുടെ വ്യാജ പീഡന പരാതി. മലപ്പുറം ചങ്ങരംകുളം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.[www.malabarflash.com]

പ്രായപൂര്‍ത്തിയാകാത്ത തന്നെ സഹോദരന്‍ നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. എന്നാല്‍ പരാതി ലഭിച്ചപ്പോള്‍ സംശയം തോന്നിയെന്നും ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പരാതി വ്യാജമാണെന്ന് കണ്ടെത്തിയതെന്നും എസ്.എച്ച്.ഒ ബഷീര്‍ പറഞ്ഞു.

സ്‌കൂള്‍ വിദ്യാര്‍ഥിയായ പെണ്‍കുട്ടിക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനായി മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ടുകള്‍ ആരംഭിച്ച പെണ്‍കുട്ടി സൗഹൃദങ്ങള്‍ സ്ഥാപിക്കുന്നത് കണ്ടെത്തിയതോടെ സഹോദരന്‍ ശകാരിക്കുകയും വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം തടയുകയും ചെയ്തു. തുടര്‍ന്ന് പരാതി തയ്യാറാക്കി ചൈല്‍ഡ്‌ലൈനിന് കൈമാറുകയായിരുന്നു പെണ്‍കുട്ടി.

ചൈല്‍ഡ്‌ലൈനില്‍ നിന്ന് കേസ് പോലീസിന് കൈമാറി. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സി.ഐ ബഷീര്‍ ചിറക്കല്‍ അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ കേസെടുത്ത് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോള്‍ വൈരുധ്യം കണ്ടെത്തിയതോടെ സൈക്കോളജിസ്റ്റിന്റെ സഹായം തേടാന്‍ തീരുമാനിച്ചുവെന്നും സി.ഐ പറഞ്ഞു.

വൈദ്യപരിശോധന നടത്തിയതില്‍ നിന്ന് പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് തെളിയുകയും ചെയ്തു. മനഃശാസ്ത്ര വിദഗ്ധന്റെ സഹായത്തോടെ നടത്തിയ കൗണ്‍സിലിങ്ങില്‍ സംഭവത്തിന്റെ യഥാര്‍ത്ഥ വിവരങ്ങള്‍ പെണ്‍കുട്ടി തുറന്ന് പറയുകയും ചെയ്തു. 

ഇത്തരത്തില്‍ വ്യാജ പരാതികള്‍ നിരവധിയായി വരുന്നതിനാലാണ് ശാസ്ത്രീയമായി കേസ് അന്വേഷിക്കാന്‍ തീരുമാനിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Post a Comment

0 Comments