ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാൻ കൊല്ലപ്പെട്ട സംഭവത്തിൽ കൊലയാളിസംഘം പിടിയിലായതായി സൂചന. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തെന്ന് കരുതുന്ന അഞ്ചുപേരും ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടുപേരുമാണ് വെള്ളിയാഴ്ച പിടിയിലായത്.[www.malabarflash.com]
ചാലക്കുടി താലൂക്ക് ആര്.എസ്.എസ് ബൗദ്ധിക് പ്രമുഖ് വരന്തരപ്പിള്ളി കള്ളായി കല്ലംകുന്നേല് വീട്ടില്‍ കെ.ടി. സുരേഷ് (49), പ്രവർത്തകൻ മംഗലത്തുവീട്ടില്‍ ഉമേഷ് (27) എന്നിവരാണ് അറസ്റ്റിലായത്. സുരേഷിന്റെ കള്ളായിയിലെ ബന്ധുവീട്ടിലാണ് മൂന്ന് പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയിരുന്നത്.
മണ്ണഞ്ചേരി സ്വദേശി അതുല്‍, ജിഷ്ണു, അഭിമന്യു, വിഷ്ണു, സനന്ദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അറസ്റ്റോ ഇവരുടെ കസ്റ്റഡിയോ പോലീസ് സ്ഥിരീകരിച്ചിട്ടില്ല. അതുലും വിഷ്ണുവും കുട്ടനാട് കൈനകരിയിലെ ഒളിത്താവളത്തിൽനിന്നും മറ്റുള്ളവർ അരൂരിൽനിന്നുമാണ് പിടിയിലായത്. ഇവരെല്ലാം ആർ.എസ്.എസ് പ്രവർത്തകരാണ്.
കേസിൽ പിടിയിലായവർ ഇതോടെ പത്തായി. നേരത്തെ മൂന്ന് ആർ.എസ്.എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം ആസൂത്രണം ചെയ്ത രണ്ടുപേരും പ്രതികളെ ആംബുലൻസിൽ രക്ഷപ്പെടുത്തിയ ഡ്രൈവറുമാണിവർ. ആകെ 12 പ്രതികളാണുള്ളത്. കൊലയിൽ നേരിട്ട് പങ്കെടുത്തത് നാലോ അഞ്ചോ പേരാണ്.
ഷാനിനെ കൊലപ്പെടുത്താൻ കാറിൽ എത്തിയ സംഘത്തിൽ ആറുപേരാണുണ്ടായിരുന്നതെന്നാണ് പോലീസ് നിഗമനം. കാർ കണിച്ചുകുളങ്ങരയിൽ ഉപേക്ഷിച്ച് ഇവർ സേവാഭാരതിയുടെ ആംബുലൻസിൽ രക്ഷപ്പെടുകയായിരുന്നു. ഇവരെ ചേർത്തല ആർ.എസ്.എസ് ഓഫിസിൽ എത്തിച്ചെന്നാണ് ആംബുലൻസ് ഡ്രൈവർ അഖിൽ മൊഴി നൽകിയത്.

Post a Comment