Top News

15 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിന്‍; ആരോഗ്യപ്രവർത്തകർക്കും 60 കഴിഞ്ഞ രോഗികള്‍ക്കും ബൂസ്റ്റർ ഡോസ്

ന്യൂഡല്‍ഹി: രാജ്യത്ത് 15 മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്ക് ജനുവരി മൂന്ന് മുതല്‍ വാക്‌സിനേഷന്‍ നല്‍കി തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്.[www.malabarflash.com]


ആരോഗ്യപ്രവര്‍ത്തവര്‍ക്കും 60 വയസ്സിന് മുകളിലുള്ള രോഗികളായവര്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ജനുവരി 10 മുതലാണ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കി തുടങ്ങുകയെന്നും പ്രധാനമന്ത്രി പറഞ്ഞു. 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഡോക്ടര്‍മാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിലാകും ബൂസ്റ്റര്‍ ഡോസ് നല്‍കുക.

ഭാരത് ബയോടെകിന്റെ കോവാക്‌സിന്‍ കുട്ടികള്‍ക്ക് നല്‍കുന്നതിന് ഡിസിജിഐ ഇന്ന് അംഗീകാരം നല്‍കിയിരുന്നു. തൊട്ടുപിന്നാലെയാണ് 15 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്.

ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. ഒമിക്രോണിനെതിരെ രാജ്യം ജാഗ്രത പാലിക്കേണ്ട സമയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം മൂലം പല രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും ഒമിക്രോണ്‍ ഒട്ടേറെ പേര്‍ക്ക് കണ്ടെത്തിയിട്ടുണ്ട്, മോദി പറഞ്ഞു.

പരിഭ്രാന്തരാകാതെ ജാഗരൂകരായിരിക്കാനും മാസ്‌കുകള്‍ പതിവായി ഉപയോഗിക്കാനും കൈകള്‍ അണുവിമുക്തമാക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു. വ്യക്തിഗത തലത്തില്‍ എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കുന്നത് കൊറോണയെ ചെറുക്കാനുള്ള മികച്ച ആയുധമാണെന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്ത് 18 ലക്ഷം ഐസൊലേഷന്‍ ബെഡുകളും 5 ലക്ഷം ഓക്സിജന്‍ സപ്പോര്‍ട്ട് ചെയ്യുന്ന കിടക്കകളും 1.4 ലക്ഷം ഐസിയു ബെഡുകളും കുട്ടികള്‍ക്കായി 90,000 പ്രത്യേക കിടക്കകളും ഉണ്ട്. നമുക്ക് 3,000-ത്തിലധികം പ്രവര്‍ത്തനക്ഷമമായ പിഎസ്എ ഓക്‌സിജന്‍ പ്ലാന്റുകള്‍ ഉണ്ട്. കൂടാതെ 4 ലക്ഷം സിലിണ്ടറുകള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post