NEWS UPDATE

6/recent/ticker-posts

മതസ്പർധ വളർത്തുന്ന തരത്തിലുള്ള വാർത്ത; നമോ ടിവി ഉടമയും അവതാരകയും അറസ്റ്റിൽ

പത്തനംതിട്ട: മതസ്പർധ വളർത്തുന്ന തരത്തിൽ വാർത്ത നൽകിയ കേസിൽ യൂട്യൂബ് ചാനൽ ഉടമയേയും ജീവനക്കാരിയേയും അറസ്റ്റ് ചെയ്തു. നമോ ടിവിയുടെ ഉടമ പന്തളം കുളനട മെഴുവേലിൽ വടക്കേ കരയത്ത് രഞ്ജിത് എബ്രഹാം (35), അവതാരക പത്തനംതിട്ട വള്ളിക്കോട് ശ്രീജഭവനിൽ ശ്രീജ പ്രസാദ് (33) എന്നിവരെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]

മതസ്പർധ വളർത്തുന്ന തരത്തിൽ വാർത്ത നൽകിയതിന് സെപ്തംബർ 19നായിരുന്നു ഇവർക്കെതിരെ പോലീസിൽ പരാതി ലഭിക്കുന്നത്. തുടർന്ന് ഇവർ ഒളിവിൽ പോവുകയായിരുന്നു. മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. അന്വേഷണ സംഘത്തിന് മുമ്പിൽ ഇരുവരോടും ഹാജരാകാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് ഇരുവരും തിരുവല്ല പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

നമോ ടിവി പങ്കുവെച്ച വീഡിയോ വൻ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങൾ വഴി നടത്തുന്ന വർഗീയ പ്രചാരണങ്ങളിൽ സർക്കാർ യാതൊരു വിധത്തിലുള്ള നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു. തുടർന്ന് ചാനലിനെതിരെയും അവതാരകക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

Post a Comment

0 Comments