NEWS UPDATE

6/recent/ticker-posts

മരിച്ചിട്ടും മകനെ അടക്കിയില്ല, ആറ് വർഷത്തോളം ഐസ്‍പെട്ടിയിലിട്ടു സൂക്ഷിച്ച് മാതാപിതാക്കൾ

ഹുവാങ്‌ലിംഗ്: പ്രിയപ്പെട്ടവർ എല്ലാ കാലവും നമ്മോടൊപ്പം ഉണ്ടാകണമെന്ന് നമ്മൾ ആഗ്രഹിക്കും. നിനച്ചിരിക്കാതെ മരണം അവരെ കവർന്നെടുക്കുമ്പോൾ, നമ്മൾ ആകെ തകർന്നെന്ന് വരാം. ചൈനയിലെ ഹുവാങ്‌ലിംഗ്  ഗ്രാമത്തിലെ താമസക്കാരനായ ടിയാൻ സ്യൂമിംഗിന്  സംഭവിച്ചതും അത് തന്നെയാണ്.[www.malabarflash.com]

അദ്ദേഹം ഒരു മരപ്പണിക്കാരനായിരുന്നു. 1979 -ൽ വിവാഹിതനായ അദ്ദേഹം ഭാര്യയ്ക്കും മറ്റ് ആറ് ബന്ധുക്കൾക്കും ഒപ്പം മണ്ണ് കൊണ്ട് നിർമ്മിച്ച ഒരു വീട്ടിലായിരുന്നു താമസം.

കുടുംബത്തിന്റെ പട്ടിണിയകറ്റാനായി അദ്ദേഹം ജോലി തേടി നഗരത്തിലേക്ക് കുടിയേറി. ടിയാന്റെ കഠിനാധ്വാനവും മരപ്പണി വൈദഗ്ധ്യവും ഫലം കണ്ടു. നഗരത്തിൽ ഒരു നല്ല ജോലി കരസ്ഥമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ ജീവിതം പച്ചപിടിക്കാൻ തുടങ്ങി. 1982 -ൽ ടിയാന്റെ ഭാര്യ യാങ് ഹോംഗ്‌യിങ് സുന്ദരിയായ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. അഞ്ചു വർഷത്തിനു ശേഷം അവൾ ഒരു ആൺകുഞ്ഞിനും ജന്മം നൽകി. 

മക്കൾ ജനിച്ചപ്പോൾ അവരെ പിരിയാൻ മടിച്ച അദ്ദേഹം നാട്ടിലേയ്ക്ക് തന്നെ തിരികെ വന്നു. മക്കൾക്കായി മനോഹരമായ ഒരു മൂന്നുനില വീട് അദ്ദേഹം പണിതു. കുടുംബത്തോടൊപ്പം സന്തോഷത്തോടെ അദ്ദേഹം ജീവിച്ചു. ജീവിതം അങ്ങനെ മനോഹരമായി പോകുമ്പോഴാണ് അപ്രതീക്ഷിതമായി അത് സംഭവിക്കുന്നത്.

തന്റെ സുന്ദരിയായ മകൾ യിംഗ്‌യിംഗിനെ അദ്ദേഹത്തിന് നഷ്ടമായി. മരിക്കുമ്പോൾ അവൾക്ക് വയസ്സ്‌ 15. പിതാവിനെ കാണാൻ സുഹൃത്തുക്കൾ വീട്ടിൽ എത്തിയ ദിവസമായിരുന്നു അത്. അതുകൊണ്ട് തന്നെ അന്ന് പച്ചക്കറി വാങ്ങാൻ അവളാണ് ടൗണിൽ പോയത്. പക്ഷേ മടങ്ങി വന്നപ്പോൾ അവൾ വളരെ ക്ഷീണിതയായി കാണപ്പെട്ടു. ഇത് കണ്ട് വിഷമിച്ച മാതാപിതാക്കൾ അവളോട് എന്തെങ്കിലു ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിച്ചെങ്കിലും വിഷമിക്കേണ്ടെന്ന് അവൾ മറുപടി പറഞ്ഞു. എന്നാൽ ഒരു മണിക്കൂറിന് ശേഷം അവൾ കുഴഞ്ഞുവീണു മരിച്ചു. മാതാപിതാക്കൾക്ക് മകളുടെ പെട്ടെന്നുള്ള മരണം ഒരു ഷോക്കായി. അവർ ആകെ തളർന്നു.

ആ ദുഃഖത്തിൽ നിന്ന് കരകയറാൻ അവർക്ക് വർഷങ്ങൾ വേണ്ടി വന്നു. മകളുടെ മരണത്തിന് 9 വർഷത്തിന് ശേഷം, അവരുടെ കൗമാരക്കാരനായ മകൻ ക്വിൻയാനിന് രക്താർബുദം ബാധിച്ചു. 2005 -ൽ ക്വിൻയാൻ പഠിക്കാനായി ഒരു സർവകലാശാലയിൽ ചേർന്നിരുന്നു. 2006 മാർച്ചിൽ മകന് പനിയാണെന്ന് അറിയിച്ച് കൊണ്ട് ഒരു ഫോൺ കാൾ ടിയാന് ലഭിച്ചു. താമസിയാതെ അവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 18 വയസ്സുള്ള ക്വിൻയാൻ 2006 ജൂലൈയിൽ മരിച്ചു. ആദ്യം മകളും ഇപ്പോൾ പ്രിയപ്പെട്ട മകനും നഷ്ടപ്പെട്ടതിന്റെ വേദന അവർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഒരിക്കലും മകനെ അടക്കം ചെയ്യില്ലെന്ന് ടിയാൻ തീരുമാനിച്ചു.

മകന്റെ മരണം രഹസ്യമായി സൂക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചു. ഭാര്യ അത് സമ്മതിച്ചു. തന്റെ മകന്റെ മൃതദേഹം ടിയാൻ ഒരു ഐസ് പെട്ടിയിൽ സൂക്ഷിച്ചു. ആറ് വർഷത്തോളം ഈ വാർത്ത അവർ രഹസ്യമാക്കി വച്ചു. അവർക്ക് അവനെ കാണണമെന്ന് തോന്നുമ്പോഴെല്ലാം, അവർ ഐസ് ബോക്‌സിന്റെ അടുത്തേക്ക് ചെല്ലും. അതിന്റെ മൂടി തുടർന്ന്, അവൻ ജീവിച്ചിരിപ്പുണ്ടെന്ന മട്ടിൽ അവനോട് സംസാരിക്കും. ഇത് ശരിയായ കാര്യമല്ലെന്ന് അറിയാമായിരുന്നുവെങ്കിലും അവർ അത് ചെയ്തു.

അവനെ കാണാതെ അവർക്ക് ജീവിക്കാൻ കഴിയില്ലെന്ന് അവസ്ഥയായി. അതുകൊണ്ട് തന്നെ ആറ് വർഷങ്ങൾക്ക് ശേഷം അയൽക്കാരും, സുഹൃത്തുക്കളും ഇതേ കുറിച്ച് അറിഞ്ഞപ്പോൾ, അവനെ അടക്കാൻ ചെയ്യാൻ ദമ്പതികളെ നിർബന്ധിച്ചു. എന്നാൽ അവർ തയ്യാറായില്ല. എന്നും അവർ മകന്റെ മൃതദേഹം സന്ദർശിക്കും, ഉറക്കമില്ലാത്ത രാത്രികളിൽ അവനോട് അവർ തങ്ങളുടെ സങ്കടങ്ങൾ പങ്കുവയ്ക്കും. “ഒരു ദിവസം അവന്റെ അമ്മയ്ക്കും എനിക്കും അവനെ പരിപാലിക്കാൻ കഴിയാതെ വരും. അന്ന് ഞങ്ങൾ അവനെ അടക്കം ചെയ്യും. പക്ഷേ ഇപ്പോഴല്ല" എന്നാണ് ടിയാന്റെ ഈ വിചിത്രമായ പെരുമാറ്റത്തിനുള്ള വിശദീകരണം.

Post a Comment

0 Comments