NEWS UPDATE

6/recent/ticker-posts

വില ഒരു കോടി, മാസ വരുമാനം 24 ലക്ഷം രൂപ; കാർഷിക മേളയിൽ ശ്രദ്ധ നേടി വമ്പൻകാള

ബെംഗളുരുവിൽ നടക്കുന്ന കാർഷികമേളയിൽ ഏറ്റവും ശ്രദ്ധ നേടിയത് ദക്ഷിണേന്ത്യയിൽ നിന്നുള്ള ഹാലികാർ ഇനത്തിലുള്ള ഒരു കാളയാണ്. ഒരു കോടി രൂപ വിലയുള്ള ഈ കാള ബോരെഗൗഡ എന്ന കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ നിന്നുള്ള കർഷകന്റെ ഉടമസ്ഥതയിലുള്ളതാണ്.[www.malabarflash.com] 

കാളയുടെ ബീജം ഒരു വയലിന് 1000 രൂപ എന്ന നിലയിലാണ് വിൽക്കുന്നതെന്ന് ബോറെഗൗഡ പറയുന്നു. മാസത്തിൽ എട്ടു തവണ കാളയിൽ നിന്നു ബീജം എടുക്കും. മാസം 24 ലക്ഷം രൂപ വരെ ഇത്തരത്തിൽ വരുമാനമുണ്ടാക്കാറുണ്ടെന്നും ബോരെഗൗഡ പറയുന്നു. 

രാമനഗർ, ദേവനഗിരി, ചിക്കമംഗളൂരു എന്നിവിടങ്ങളിൽ കാളയുടെ വിത്ത് വിൽക്കാനായി മാത്രം ബീജബാങ്കുകളും തുറന്നിട്ടുണ്ട്. മൂന്നരവയസ്സ് പ്രായമുള്ള കാളയുടെ ഇപ്പോഴത്തെ ഭാരം 1000 കിലോയാണ്. 6 അടി പൊക്കവും 8 അടി നീളവുമുള്ള കാള 20 വർഷം വരെ ജീവിച്ചിരിക്കുമെന്നാണ് ബോരെഗൗഡയുടെ കണക്കുകൂട്ടൽ.

മാണ്ഡ്യയിൽ നടന്ന ഒരു കാർഷികവിപണിയിൽ വച്ചാണ് ബോരെഗൗഡ കാളയെ സ്വന്തമാക്കിയത്. ഇന്ത്യയിലെ കന്നുകാലി വർഗങ്ങളിലെ അടിസ്ഥാന ഇനമായ ഹാലികാർ കന്നുകാലികൾ കർണാടകയിൽ നിന്നുള്ളവയാണ്. ഇവിടെയുള്ള ഹാലികാർ ജനതയിൽ നിന്നാണ് ഇവയ്ക്കും ഈ പേര് ലഭിച്ചത്. പരമ്പരാഗതമായി കന്നുകാലിവളർത്തൽ തൊഴിലാക്കിയവരാണ് ഹാലികാർ ജനത. ഹാലികാർ ഇനത്തിലുള്ള കന്നുകാലികളെ മൈസൂർ ബ്രീഡ് എന്നും വിളിക്കാറുണ്ട്. തെക്കൻ കർണാടകയിലെ മൈസൂരു, മാണ്ഡ്യ, ഹാസൻ, തുമകൂരു മേഖലകളടങ്ങിയ ബെൽറ്റിലാണ് ഇവയെ കൂടുതലായി വളർത്തുന്നത്.

നീളമുള്ള പിന്നിലേക്കു വളഞ്ഞിരിക്കുന്ന കൊമ്പുകൾ, വലുപ്പമേറിയ കൂന്, നല്ല ഉയരം, മധ്യനിലയിലുള്ള ശരീരം എന്നിവ ഹാലികാർ ഇനത്തിലെ കാളകളുടെ പ്രത്യേകതകളാണ്.വെള്ള, ചാരനിറം, കറുപ്പ് നിറങ്ങളിൽ ഇവയെ കാണാം. ഹാലികാർ ഇനത്തിലെ കാളകൾക്ക് ശക്തിയും ക്ഷമതയും കൂടുതലാണ്. പഴയകാലത്ത് വണ്ടികൾ വലിക്കാനും നിലം ഉഴാനും കർണാടകയിലെ കർഷകർ ആശ്രയിച്ചിരുന്നത് ഇവയെയാണ്. കർണാടകയിലെ അമൃത് മഹൽ എന്ന മറ്റൊരു കന്നുകാലിയിനത്തിനൊപ്പം തന്നെ പ്രശസ്തമാണ് ഹാലികാറും. 

ഇവയുടെ പരിപാലനത്തിനും സംരക്ഷണത്തിനുമായി പ്രത്യേക ശ്രദ്ധ മൈസൂരിലെ രാജാക്കൻമാർ നൽകിയിരുന്നു. എന്നാൽ ഇന്ന് ഹാലികാർ ഇനത്തിലെ കന്നുകലികളുടെ പ്രാമുഖ്യം നഷ്ടമായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണെന്ന് കർഷകർ പറയുന്നു. ഇവയിലെ പശുക്കളുടെ പാൽ എ2 പ്രോട്ടീനിനാൽ സമ്പുഷ്ടമാണ്. ദക്ഷിണേന്ത്യയിലെ ക്ഷീരകർഷകർക്ക് ഈ ബ്രീഡിൽ താൽപര്യമേറിയിട്ടുണ്ടെന്നും കൃഷിവിദഗ്ധർ പറയുന്നു.

Post a Comment

0 Comments