Top News

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; പ്രതിയെ പിടികൂടി, കുട്ടിയെ കണ്ടെത്താനായില്ല

കൊച്ചി: അതിഥിത്തൊഴിലാളിയുടെ ആറു വയസ്സുകാരിയായ മകളെ മറ്റൊരു അതിഥിത്തൊഴിലാളി തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെ പിടികൂടി. എന്നാൽ പെൺകുട്ടിയെ കണ്ടെത്താനായിട്ടില്ല. കുട്ടിക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. ആലുവ തോട്ടക്കാട്ടുകരയിൽ നിന്നാണ് പ്രതിയായ അസഫാക്ക് ആലത്തെ പിടികൂടിയത്. ഇയാൾ മദ്യലഹരിയിലാണ്. അതുകൊണ്ടു തന്നെ പോലീസിന്റെ ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിച്ചിട്ടില്ല.[www.malabarflash.com]

ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപം മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന ബിഹാർ ബിഷാംപർപുർ സ്വദേശി രാംധർ തിവാരിയുടെ മകൾ ചാന്ദ്നിയെ ഇതേ കെട്ടിടത്തിൽ 2 ദിവസം മുൻപു താമസക്കാരനായെത്തിയ അതിഥിത്തൊഴിലാളിയായ അസഫാക്ക് ആലം  തട്ടിക്കൊണ്ടുപോകുകയായിരുന്നു. വെള്ളിയാഴ്ച പകൽ മൂന്നു മണിയോടെയാണ് സംഭവം.

കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. പ്രതി കുട്ടിയുമായി റെയിൽവേ ഗേറ്റ് കടന്നു ദേശീയപാതയിൽ എത്തി തൃശൂർ ഭാഗത്തേക്കുള്ള ബസിൽ കയറി പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തായിക്കാട്ടുകര സ്കൂൾ കോംപ്ലക്സിൽ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ചാന്ദ്നി. നന്നായി മലയാളം സംസാരിക്കും. ധാരാളം അതിഥിത്തൊഴിലാളികൾ താമസിക്കുന്ന പഴയ കെട്ടിടമാണ് മുക്കത്ത് പ്ലാസ. പ്രതി മറ്റാര്‍ക്കെങ്കിൽ പെൺകുട്ടിയെ കൈമാറിയോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്.

Post a Comment

Previous Post Next Post